സുസൂക്കിയുടെ സ്‌പേഷ്യ ഇന്ത്യയിലേക്ക്; മാരുതിയുടെ പുതിയ എം.പി.വി മാസാണ്!!

മാരുതി സുസൂക്കിയെ സംബന്ധിച്ച് 2023 മികച്ച വര്‍ഷമായിരുന്നു. നിരവധി മോഡലുകളാണ് നിരത്തിലേക്ക് എത്തിയത്. അടുത്ത വര്‍ഷവും മികച്ചതാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മാരുതി. ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നതു കൂടാതെ നിലവിലുള്ള മോഡലുകളുടെ പുതു തലമുറയും എത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇതാ പുതിയ എം.പി.വിയും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

പുതു ഭാവത്തില്‍

സുസൂക്കിയുടെ സ്വന്തം നാടായ ജപ്പാനില്‍ വിറ്റഴിക്കുന്ന സ്‌പേഷ്യയെ അടിസ്ഥാനമാക്കിയുള്ളതാകും പുതിയ എം.പി.വി എന്നാണ് അറിയുന്നത്. വൈ.ഡി.ബി എന്ന കോഡ് നാമത്തിലുള്ള വാഹനം അണിയറയില്‍ ഒരുങ്ങി തുടങ്ങി. 2026ല്‍ നിരത്തിലെത്തുമെന്നാണ് കരുതുന്നത്.

സ്‌പേഷ്യയില്‍ നിന്ന് കാര്യമായ മാറ്റങ്ങളോടെയാകും എം.പി.വി എത്തുക. നികുതി ഇളവുകള്‍ക്കായി 4 മീറ്ററില്‍ താഴെ വലിപ്പമുള്ള വാഹന ശ്രേണിയിലായിരിക്കും ഇവയുടെ വരവ്. സ്‌പേഷ്യയിലെ സ്ലൈഡിംഗ് ഡോറുകള്‍ മാറ്റി സാധാരണ ഡോറുകളാക്കിയേക്കും. എന്നാല്‍ ജപ്പാന്‍ മോഡലിന് സമാനമായി ബോക്‌സ് ടൈപ്പില്‍ തന്നെയാകും പുതിയ വാഹനവുമെത്തുക.

മൂന്ന് നിര സീറ്റില്‍ എത്തുന്ന വാഹനത്തിന് മാരുതി എര്‍ട്ടിഗയ്ക്ക് പിന്നിലായിരിക്കും സ്ഥാനമെങ്കിലും പ്രമീയം ഉത്പന്നങ്ങള്‍ക്കായുള്ള നെക്‌സ ഷോറൂം വഴിയാകും ഇവയുടെയും വില്‍പ്പന. 1.2 ലിറ്റര്‍ സെഡ് സീരീസ് പെട്രോള്‍ എന്‍ജിനായിരിക്കും ഇതിന്റെ കരുത്ത്. വരാനിരിക്കുന്ന സ്വിഫ്റ്റ് മോഡലുകളിലും ഇതേ എന്‍ജിനാണ് ഉപയോഗിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ വാഹനം ലഭ്യമായേക്കും.

ചീറിപ്പായാന്‍ ഇ.വി ഉള്‍പ്പെടെ 3 മോഡലുകള്‍

ഇ.വി ഉള്‍പ്പെടെ 3 മോഡലുകള്‍ ഈ വര്‍ഷം മാരുതി സുസൂക്കി നിരത്തിലെത്തിക്കും. ജനപ്രിയ വാഹനങ്ങളിലൊന്നായ സ്വിഫ്റ്റിന്റെ നാലാം തലമുറയായിരിക്കും ഈ വര്‍ഷം ആദ്യം നിരത്തിലെത്തുക. മറ്റ് രാജ്യങ്ങളില്‍ ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുള്ള മോഡലാണിത്. നിലവിലെ സ്വിഫ്റ്റിനേക്കാള്‍ കുറച്ചു കൂടി മെലിഞ്ഞതായിരിക്കും. ആംഗുലര്‍ ഹെഡ്‌ലാംപുകളും ടെയില്‍ ലൈറ്റുകളും വലിയ ഗ്രില്ലുകളുമാണ് ഇതിനെ ആകര്‍ഷകമാക്കുന്നത്. പിന്നിലെ ഡോര്‍ ഹാന്‍ഡിലുകള്‍ സി-പില്ലറില്‍ നല്‍കുന്നതിനു പകരം ഡോര്‍ പാനലുകളില്‍ ആണ് നല്‍കിയിരിക്കുന്നത്.

സ്വിഫ്റ്റിനു പിന്നാലെ സെഡാന്‍ വേര്‍ഷനായ ഡിസയറും 2024ന്റെ ആദ്യ പകുതിയോടെ എത്തും.

ഇലക്ട്രിക്കില്‍ കുതിക്കാന്‍

മാരുതിയുടെ ഇലക്ട്രിക് പതിപ്പായ ഇ.വി.എക്‌സ് ഇലക്ട്രിക് എസ്.യു.വിയുടെ ടെസ്റ്റിംഗും നടന്നു വരികയാണ്. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഉത്സവകാലത്തോടനുബന്ധിച്ച് ഇതും നിരത്തിലെത്തും. വാഹനലോകം ഏറെ പ്രതീക്ഷയോടെയാണ് മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനത്തെ കാത്തിരിക്കുന്നത്. ടോക്കിയോ മോട്ടോര്‍ ഷോയിലാണ് ഇത് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും ഇത് അണിയിച്ചൊരുക്കുക. 60 കിലോവാട്ട് ബാറ്ററി പാക്കിലെത്തുന്ന ഇ.വി.എക്‌സ് മഹീന്ദ്ര എക്‌സ്.യു.വി400, എം.ജി സെഡ്.എസ് ഇ.വി, ഹുണ്ടായിയില്‍ നിന്ന് ഉടന്‍ വരുന്ന ക്രെറ്റ ഇലക്ട്രിക് എന്നിവയോടായിരിക്കും മത്സരിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it