

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ജനപ്രിയ മോഡലുകള്‍ക്ക് ജൂലൈ മാസത്തില്‍ വമ്പിച്ച ഡിസ്‌കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചു. അരീന (Arena), നെക്‌സ (Nexa) നെറ്റ്‌വര്‍ക്കുകളിലൂടെ വില്‍ക്കുന്ന ബ്രെസ്സ, സ്വിഫ്റ്റ്, ആള്‍ട്ടോ കെ10, വാഗണ്‍ ആര്‍, ജിംനി തുടങ്ങിയ പ്രമുഖ മോഡലുകള്‍ക്കെല്ലാം ഇത്തവണ ഓഫര്‍ ലഭ്യമാണ്. കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, കണ്‍സ്യൂമര്‍ ഓഫറുകള്‍ എന്നിവ വഴി 2 ലക്ഷം രൂപ വരെയാണ് ഉപഭോക്താക്കള്‍ക്ക് ലാഭിക്കാന്‍ സാധിക്കുക.
കേരളത്തില്‍ വരാനിരിക്കുന്ന ഓണം പര്‍ച്ചേസ് സീസണിന്റെ പ്രാരംഭ ഘട്ടത്തില്‍ ഈ ഓഫറുകള്‍ എത്തിയത് പ്രാദേശിക വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. സാധാരണയായി ചിങ്ങമാസത്തിലാണ് കേരളത്തില്‍ വാഹന വിപണി സജീവമാകാറുള്ളതെങ്കിലും, ഈ ജൂലൈ ഓഫറുകള്‍ നേരത്തെയുള്ള ബുക്കിംഗുകളെ സ്വാധീനിക്കും.
മാരുതിയുടെ പ്രീമിയം എം.പി.വി ആയ ഇന്‍വിക്‌റ്റോയ്ക്കാണ് (Invicto) ഇത്തവണ ഏറ്റവും ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍വിക്‌റ്റോയുടെ ആല്‍ഫ പ്ലസ് വേരിയന്റിന് 2 ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. ലൈഫ്സ്‌റ്റൈല്‍ എസ്യുവിയായ ജിംനിക്ക് (Jimny) വേരിയന്റുകള്‍ അനുസരിച്ച് ഒരു ലക്ഷം രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെയാണ് ജൂലൈയിലെ ഓഫര്‍.
അടുത്തിടെ വിപണിയിലിറങ്ങിയ പുതിയ തലമുറ സ്വിഫ്റ്റിനും (Swift) മാരുതി ഇളവുകള്‍ നല്‍കിയിട്ടുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് യഥാക്രമം 15,000 രൂപയും 20,000 രൂപയും കണ്‍സ്യൂമര്‍ ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്. ജനപ്രിയ കോംപാക്ട് എസ്യുവിയായ ബ്രെസ്സയ്ക്ക് (Brezza) 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസാണ് കമ്പനി നല്‍കുന്നത്.
മാരുതിയുടെ എക്കാലത്തെയും മികച്ച വോളിയം മോഡലുകളായ വാഗണ്‍ ആര്‍ (Wagon R), ആള്‍ട്ടോ കെ10 (Alto K10), സെലേറിയോ (Celerio) എന്നിവയ്ക്കും മികച്ച ഇളവുകളുണ്ട്. ആള്‍ട്ടോ കെ10, വാഗണ്‍ ആര്‍ എന്നിവയ്ക്ക് 40,000 രൂപ വരെ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെ 55,000 രൂപയിലധികം ലാഭിക്കാം. സെലേറിയോയ്ക്ക് 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ജൂലൈയില്‍ ഒരുക്കിയിരിക്കുന്നത്.
Maruti Suzuki rolls out aggressive consumer offers and discounts up to Rs 2 lakh for July to boost retail sales across its Arena and Nexa lineups.
Read DhanamOnline in English
Subscribe to Dhanam Magazine