മാരുതിക്ക് അപ്രതീക്ഷിത വെല്ലുവിളി; 'ഇ-വിറ്റാര' യുടെ ഉല്‍പ്പാദനം കുറക്കേണ്ടി വരും; ചൈനയുടെ തീരുമാനം നിര്‍ണായകം

പ്രതിസന്ധി താല്‍ക്കാലികം; സെപ്തംബറിന് ശേഷം ഉല്‍പ്പാദനം കൂട്ടാനാകുമെന്ന് കണക്കുകൂട്ടല്‍
Maruti Suzuki
Maruti Suzukiimage credit : Suzuki
Published on

അപ്രതീക്ഷിതമായൊരു വെല്ലുവിളി മാരുതി സുസൂക്കിയുടെ വൈദ്യുതി വാഹന ഉല്‍പ്പാദനത്തെ താല്‍ക്കാലികമായെങ്കിലും ബാധിക്കും. വൈദ്യുതി വാഹനങ്ങളുടെ നിര്‍മാണത്തില്‍ പ്രധാന ഘടകമായ റെയര്‍എര്‍ത്ത് മൂലകങ്ങളുടെ ക്ഷാമം കമ്പനിയുടെ കണക്കു കൂട്ടലുകളെ താളം തെറ്റിക്കുകയാണ്. മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാരയുടെ ഉല്‍പ്പാദനം താല്‍ക്കാലികമായി മൂന്നിലൊന്നായി കുറക്കേണ്ടി വരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ക്ക് ചൈന ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധനമാണ് അപ്രതീക്ഷിതമായ വെല്ലുവിളി ഉയര്‍ത്തുന്നത്. വൈദ്യുതി വാഹനങ്ങളുടെ കാന്തം നിര്‍മിക്കുന്നതില്‍ പ്രധാനമാണ് ഈ മൂലകങ്ങള്‍.

പ്രതിസന്ധി താല്‍ക്കാലികം

അതേസമയം, ഇപ്പോഴത്തെ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്നാണ് മാരുതി സുസുക്കി വ്യക്തമാക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ജനുവരിയില്‍ ലോഞ്ച് ചെയ്ത ഇ-വിറ്റാരയുടെ ബുക്കിംഗ് ആരംഭിച്ചിട്ടില്ല. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ 26,500 വൈദ്യുതി വാഹനങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അത് 8,200 എണ്ണമായി കുറക്കും. റെയര്‍എര്‍ത്ത് മൂലകങ്ങളുടെ ക്ഷാമം താല്‍കാലികമായെങ്കിലും ഉല്‍പ്പാദനത്തെ ബാധിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. സെപ്തംബറോടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നും അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ ലക്ഷ്യമിട്ട 67,000 കാറുകളുടെ ഉല്‍പ്പാദനം പൂര്‍ത്തിയാക്കാനാകുമെന്നും കമ്പനി വ്യക്തമാക്കി.

സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യം

റെയര്‍എര്‍ത്ത് മൂലകങ്ങള്‍ക്ക് ചൈന ഏര്‍പ്പെടുത്തിയിട്ടുള്ള കയറ്റുമതി നിയന്ത്രണം നീക്കണമെങ്കില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇടപെടലുകള്‍ ആവശ്യമാണ്. ചൈനയുടെ തീരുമാനം ആഗോളതലത്തില്‍ വാഹന വിപണിയില്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. ഏപ്രിലില്‍ കൊണ്ടു വന്ന നിയന്ത്രണത്തിന് ശേഷം കയറ്റുമതി ലൈസന്‍സുകളില്‍ 25 ശതമാനം മാത്രമാണ് അംഗീകരിക്കുന്നത്. യുഎസ്, യുറോപ്പ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ലൈസന്‍സുകള്‍ അംഗീകരിക്കപ്പെട്ടതോടെ ഈ രാജ്യങ്ങളില്‍ വൈദ്യുതി വാഹന കമ്പനികള്‍ക്ക് പ്രതിസന്ധി തരണം ചെയ്യാനാകും. എന്നാല്‍ ഇന്ത്യന്‍ കമ്പനികളുടെ ലൈസന്‍സുകള്‍ അനുമതിക്കായി കാത്തിരിക്കുകയാണ്.

സുസുക്കിയുടെ കയറ്റുമതിയെ ബാധിക്കും

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇ-വിറ്റാര കാറുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള സുസുക്കി മോട്ടോഴ്‌സിന്റെ നീക്കത്തെയും ഇത് ബാധിക്കും. ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രത്യേക ഇവി പ്രോല്‍സാഹന പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് ഇ-വിറ്റാര. ഇന്ത്യയില്‍ നിര്‍മാണം മന്ദഗതിയിലായാല്‍ വിദേശത്തേക്കുള്ള വിതരണ ശൃംഖലകളിലും തടസം നേരിടുമെന്നാണ് പുതിയ ആശങ്ക. വൈദ്യുതി വാഹനം പുറത്തിറക്കുന്നതില്‍ മാരുതി വൈകുന്നുവെന്ന അഭിപ്രായവും വിപണിയിലെ വിദഗ്ദര്‍ക്കിടയില്‍ ഉണ്ട്. ടാറ്റയും മഹീന്ദ്രയും ആധിപത്യം നേടിയ വിപണിയില്‍ ടെസ്ല കൂടി എത്തുന്നതോടെ മല്‍സരം കടുക്കുമെന്നും ഇത് മാരുതിക്ക് വെല്ലുവിളിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കാറുകളുടെ വില്‍പ്പനയില്‍ മാരുതി ഇടിവ് നേരിടുന്നുണ്ട്. കമ്പനിയുടെ വിപണി സാന്നിധ്യം 41 ശതമാനമായി കുറഞ്ഞു. 2031 നുള്ളില്‍ ഇന്ത്യയില്‍ വില്‍ക്കാവുന്ന വാഹനങ്ങളുടെ എണ്ണം 30 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി മാരുതി സുസുക്കി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. വൈദ്യുതി വാഹനങ്ങളുടെ പ്രതീക്ഷിത വില്‍പ്പനയിലും കമ്പനി കുറവ് വരുത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com