മാരുതിയുടെ ഇന്നോവ 'എന്‍ഗേജി'ന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി പുറത്തിറക്കുന്ന പുതിയ പ്രീമിയം എം.പി.വി (Multi-Purpose Vehicle) മാരുതി എന്‍ഗേജിന്റെ (Maruti Engage) ആദ്യ ചിത്രങ്ങള്‍ പുറത്തിറങ്ങി. വാഹനത്തിന്റെ ചിത്രം കമ്പനി ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് കര്‍ണാടകയിലുള്ള ടൊയോട്ട ബിദാദി പ്ലാന്റില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ പുറത്തായതെന്ന് 'മോട്ടോര്‍ബീം' റിപ്പോര്‍ട്ട് പറയുന്നു.

Image: motorbeam

മാസം 50 എണ്ണം മാത്രം

ജൂലൈ 5ന് മാരുതിയുടെ ഏറ്റവും വില കൂടിയ ഈ വാഹനം വില്‍പ്പനയ്‌ക്കെത്തും. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുമായാണ് ഇതെത്തുന്നത്. ടൊയോട്ട പ്ലാന്റില്‍ നിന്ന് മാരുതി സുസുക്കിക്ക് ഓരോ മാസവും മാരുതി എന്‍ഗേജിന്റെ 50 എണ്ണം മാത്രമേ നിര്‍മിച്ച് നല്‍കുകയുള്ളു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കമ്പനിയുടെ നെക്‌സ വിതരണ ശൃംഖല വഴി വില്‍പ്പനയ്‌ക്കെത്തും.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കിയുമായി ചേര്‍ന്ന് ഒരു C-MPV പുറത്തിറാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അധികൃതർക്ക് നൽകിയ രേഖകളിൽ ടൊയോട്ട പറഞ്ഞിരുന്നു. ഇന്നോവ ഹൈക്രോസിന്റെ ഒരു സഹോദര ഉല്‍പ്പന്നമായിരിക്കും ഈ പുതിയ എം.പി.വിയെന്ന് മാരുതി സുസുക്കി അറിയിച്ചിരുന്നു.ഇന്നോവ ഹൈക്രോസില്‍ കാണാവുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, കരുത്തുറ്റ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനുകള്‍ മാരുതി എന്‍ഗേജിന് കരുത്ത് പകരും.

ടൊയോട്ട-സുസുക്കി സഖ്യം

ടൊയോട്ട-സുസുക്കി സഖ്യം 2017-ല്‍ ആരംഭിച്ചതു മുതല്‍ നിരവധി മോഡലുകള്‍ ഈ കൂട്ടുകെട്ടില്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. സുസുക്കി നിര്‍മ്മിച്ച വാഹനങ്ങളായ വിറ്റാര ബ്രെസ്സ, ബലേനോ എന്നിവ ക്രോസ്-ബാഡ്ജ് ചെയ്ത് ഇന്ത്യയില്‍ യഥാക്രമം ടൊയോട്ട അര്‍ബന്‍ ക്രൂയിസറായും ഗ്ലാന്‍സയായും വിറ്റഴിച്ചു. ബലേനോ, സിയാസ്, എര്‍ട്ടിഗ, സെലേറിയോ എന്നിവ പോലും ദക്ഷിണാഫ്രിക്കയും മിഡില്‍ ഈസ്റ്റും ഉള്‍പ്പെടെ ചില വിപണികളില്‍ ടൊയോട്ടയുടേതായി വില്‍ക്കുന്നുണ്ട്. യൂറോപ്പില്‍ രണ്ട് ടൊയോട്ട മോഡലുകളായ റാവ്-4 (RAV-4), കൊറോള വാഗണ്‍ എന്നിവ യഥാക്രമം എ-ക്രോസ്, സ്വേയ്സ് എന്നിങ്ങനെ സുസുക്കിയുടേതായി വില്‍ക്കുന്നുണ്ട്.

Related Articles
Next Story
Videos
Share it