
രാജ്യത്ത് വന്‍ ഡിമാന്‍ഡുള്ള മിഡ് സൈസ് എസ്.യു.വി സെഗ്‌മെന്റിലേക്ക് മാരുതിയുടെ പുതിയ മോഡല്‍ എത്തുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ജാപ്പനീസ് വിപണിയിലുള്ള എസ്‌ക്യൂഡോയാകും (Escudo) ഇക്കൊല്ലം അവസാനത്തോടെ ഇന്ത്യയിലെത്തുന്നത്. എസ്‌ക്യൂഡോ, ടോര്‍കാന്‍ഡോ എന്നീ പേരുകള്‍ക്ക് കഴിഞ്ഞ വര്‍ഷം മാരുതി സുസുക്കി ഇന്ത്യയില്‍ പേറ്റന്റ് നേടിയിരുന്നു. ഒക്ടോബറോടെ രാജ്യത്ത് ആരംഭിക്കുന്ന ഉത്സവ സീസണിലെ വില്‍പ്പന ലക്ഷ്യമിട്ടാകും പുതിയ മോഡലിന്റെ വരവെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. വിഷയത്തില്‍ മാരുതി സുസുക്കി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗ്രാന്‍ഡ് വിറ്റാറയിലും ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിലും ഉപയോഗിച്ചിരിക്കുന്ന ഗ്ലോബല്‍ സി പ്ലാറ്റ്‌ഫോമിലാകും എസ്‌ക്യൂഡോയെത്തുക. കൂടുതല്‍ ക്യാബിന്‍ സ്‌പേസ് ഉറപ്പാക്കാന്‍ മിഡ് എസ്.യു.വി സെഗ്‌മെന്റിലെ നീളക്കാരനായിട്ടായിരിക്കും ആശാന്റെ വരവ്. ഇതിനോടകം കരുത്ത് തെളിയിച്ച 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും വാഹനത്തിന് കരുത്ത് പകരുന്നത്. നിലവില്‍ ബ്രെസയിലും ഗ്രാന്‍ഡ് വിറ്റാറയിലുമുള്ളത് പോലെ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക്ക് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഗിയര്‍ ബോക്‌സും ഉള്‍പ്പെടുത്തും. ഇന്ത്യയിലെ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സി.എന്‍.ജി പതിപ്പുമുണ്ടാകും. എസ്.യു.വിയെന്നത് പേരിന് മാത്രമാണോ അതോ ഓള്‍ വീല്‍ ഡ്രൈവ് കൂടി ഉള്‍പ്പെടുത്തുമോയെന്ന് വ്യക്തമല്ല.
മാരുതി ലൈനപ്പില്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും വലിയ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമായിരിക്കും വാഹനത്തിലുണ്ടാവുക. നിലവില്‍ മാരുതി ഗ്രാന്‍ഡ് വിറ്റാറ അടക്കമുള്ള വാഹനങ്ങളില്‍ 9 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പകരമായി പുതിയ 10 ഇഞ്ച് ഇന്‍ഫോടിന്‍മെന്റ് ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ടാകും.
ആറ് എയര്‍ബാഗുകള്‍, ഇ.ബി.ഡിയോടെയുള്ള (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍) എ.ബി.എസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഹില്‍ ഹോള്‍ഡ് അസിസ്റ്റന്റ്, 360 ഡിഗ്രി ക്യാമറ എന്നീ സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ടാകും. മാരുതിയുടെ വാഹനങ്ങള്‍ക്ക് സുരക്ഷ കുറവാണെന്ന പരാതി പരിഹരിക്കാന്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് കിട്ടാനുള്ള ശ്രമങ്ങളും കമ്പനി നടത്തുമെന്നാണ് വിവരം.
ബ്രെസക്കും ഗ്രാന്‍ഡ് വിറ്റാറക്കും ഇടയിലാകും എസ്‌കോഡോയുടെ സ്ഥാനം. മികച്ച വിലയില്‍ മാരുതി അരീന ഡീലര്‍ഷിപ്പുകള്‍ വഴിയാകും വില്‍പ്പന. ആദ്യഘട്ടത്തില്‍ 7 സീറ്റര്‍ ഇറക്കാമെന്നായിരുന്നു മാരുതിയുടെ പ്ലാന്‍. എന്നാല്‍ നിലവില്‍ വിപണിയിലുള്ള ഹ്യൂണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ മോഡലുകളുമായി മത്സരിക്കാന്‍ 5 സീറ്റര്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലവേറ്റ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്ക് എന്നിവരാകും വിപണിയിലെ എതിരാളികള്‍.
Maruti Suzuki is gearing up to launch the Escudo, a 5-seater mid-size SUV slotted between the Brezza and Grand Vitara, by Diwali this year—featuring multiple powertrains, spacious interiors, and Arena dealership availability.
Read DhanamOnline in English
Subscribe to Dhanam Magazine