മാരുതിയുടെ ഇലട്രിക് കാറുകള്‍ക്കായി എന്നുവരെ കാത്തിരിക്കണം , മറുപടിയുമായി ആര്‍സി ഭാര്‍ഗവ

ടാറ്റയും എംജിയും ഉള്‍പ്പടെയുള്ളവര്‍ ഇലട്രിക് കാറുകളുമായി എത്തിയിട്ടും രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഭാഗത്ത് നിന്നും വലിയ അനക്കമൊന്നും ഉണ്ടായില്ല. 2019ല്‍ തങ്ങളുടെ വാഗണ്‍ആര്‍ മോഡലിന്റെ ഇവി പതിപ്പ് പുറത്തിറക്കാന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് മാരുതി സുസുക്കി പിന്മാറുകയായിരുന്നു.

എന്തുകൊണ്ട് കമ്പനി ഇതുവരെ ഇവി- വാഹനങ്ങള്‍ ഇറക്കിയില്ല എന്നതിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. നിലവില്‍ ഇലക്ട്രിക് കാറുകളുടെ ഡിമാന്റ് വളരെ കുറവാണ്. പ്രതിമാസം 10000 കാറുകള്‍ വില്‍ക്കാനാകുന്ന വിപണി സാഹചര്യം ഉണ്ടായാല്‍ മാത്രമേ ഈ മേഖലയിലേക്ക് മാരുതി പ്രവേശിക്കു എന്ന് ഭാര്‍ഗവ അറിയിച്ചു.
ബാറ്ററികള്‍, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇലക്ട്രിക് സപ്ലൈ തുടങ്ങിയ പല കാര്യങ്ങളും മറ്റ് കമ്പനികളാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ ഇവി- കാറുകളുടെ നിര്‍മാണ ചെലവ് മാരുതിക്ക് തീരുമാനിക്കാനാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഇലട്രിക് കാറുകള്‍ പുറത്തിറക്കുന്നതിനെ പറ്റി അന്തിമ തീരുമാനം എടുക്കുക മാതൃ കമ്പനിയായ സുസുക്കി ആയിരിക്കും. ഒരുപക്ഷെ 2025 ഓടെ കമ്പനി ഇലട്രിക് കാറുകള്‍ പുറത്തിറക്കിയേക്കുമെന്നും ഭാര്‍ഗവ പറഞ്ഞു.
ഇന്ധന വില ഉയരുന്നത് കണക്കിലെടുത്ത് സിഎന്‍ജി മോഡലുകളുടെ ഉത്പാദനം മാരുതി ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ കൂടുതല്‍ മോഡലുകളില്‍ സിഎന്‍ജി ഓപ്ഷന്‍ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ലാഭത്തില്‍ ഇടിവ്
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മാരുതി സുസുക്കിയുടെ ഏകീകൃത ലാഭത്തില്‍ 65.7 ശതമാനം ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1419.6 കോടി ആയിരുന്ന ഏകീകൃത ലാഭം ഈ പാദത്തില്‍ 486.9 കോടിയാണ്. ചിപ്പ് ക്ഷാമം ഉത്പാദനത്തെ ബാധിച്ചതും ഇന്‍പുട്ട് ചെവല് ഉയര്‍ന്നതും കമ്പനിയെ ബാധിച്ചു.
അതേ സമയം ആകെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ 18,755.6 കോടിയില്‍ നിന്ന് 20550.9 കോടിയിലേക്ക് ഉയര്‍ന്നു. ജൂലൈ-സെപ്റ്റംബര്‍ പാദം അവസാനിച്ചപ്പോള്‍ 200,000ല്‍ അധികം ബുക്കിങ്ങുകളാണ് മാരുതിക്ക് വിതരണം ചെയ്യാന്‍ സാധിക്കാതെ വന്നത്. ചിപ്പ് ക്ഷാമം മൂലം നേരത്തെ മാരുതി ഉത്പാദനം കുറച്ചിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it