

എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും രാഷ്ട്രീയ വിവാദങ്ങളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന പെട്രോളില്‍ 20 ശതമാനമാണ് എഥനോള്‍ ചേര്‍ക്കുന്നത്. അതിനിടയില്‍ 85 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അല്ലെങ്കില്‍ ഫ്‌ളെക്‌സ് ഫ്യുവല്‍ നിറക്കാവുന്ന കാറുമായി മാരുതി സുസുക്കി. കമ്പനിയുടെ ഫ്രോംഗ്‌സ് മോഡലിലാണ് ഈ പരീക്ഷണം. കഴിഞ്ഞ ദിവസം ജപ്പാന്‍ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡല്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും.
85 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ നിറക്കാന്‍ പാകത്തിലുള്ള വാഹനം ഒരു കമ്പനി നിരത്തിലെത്തിക്കുമ്പോള്‍ സ്വാഭാവികമായ ഒരു സംശയം ഉയര്‍ന്നേക്കാം. അങ്ങനെയൊരു പെട്രോള്‍ ഇന്ത്യയിലുണ്ടോ? നിലവില്‍ അങ്ങനെയൊരു സംഗതി ഇല്ലെന്നതാണ് പെട്ടെന്നുള്ള ഉത്തരം. എഥനോള്‍ മാത്രം നിറക്കാവുന്ന ഫ്യുവല്‍ സ്റ്റേഷനുകള്‍ രാജ്യത്തുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ രാജ്യത്ത് പെട്രോളിലെ എഥനോളിന്റെ അളവ് കൂട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അഞ്ച് ശതമാനത്തിനുള്ളില്‍ ഇ30 ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. പതിയെ എഥനോളിന്റെ അളവ് കൂട്ടാനുള്ള പദ്ധതിയും സര്‍ക്കാരിനുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ വിപണിയിലെത്തിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ തോന്നുംപോലെ എഥനോളിന്റെ അളവ് കൂട്ടിയാലും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു വാഹനമായിരിക്കും മാരുതി സുസുക്കി പ്ലാന്‍ ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫ്രോംഗ്‌സില്‍ നിന്ന് കാര്യമായ ഡിസൈന്‍ മാറ്റങ്ങളൊന്നും പുതിയ വാഹനത്തിനില്ല. 3,965 മില്ലി മീറ്റര്‍ നീളവും 1,765 മില്ലി മീറ്റര്‍ വീതിയും 1,550 മില്ലി മീറ്റര്‍ ഉയരവും തന്നെയാണ് ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനത്തിനുമുള്ളത്. പ്രകടമായ മാറ്റം സ്‌പോര്‍ട്‌സ് അലോയ് വീലും ഗ്രീന്‍ ഫ്യുവല്‍ ഫ്‌ളെക്‌സ് ഫ്യുവല്‍ സ്റ്റിക്കറുമാണ്. അഡാസ് സ്യൂട്ട്, ഹീറ്റഡ് ഫ്രണ്ട് സീറ്റ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്. വാഹനത്തിന്റെ മറ്റ് ഫീച്ചറുകളൊന്നും മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine