

ജിഎസ്ടി പരിഷ്‌കാരത്തിന് ശേഷം വാഹന വിപണിയില്‍ വലിയൊരു മുന്നേറ്റം പ്രകടമാണ്. എല്ലാ കമ്പനികള്‍ക്കും ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ മികച്ച മുന്നേറ്റം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചിരുന്നു. വിലയില്‍ ഗണ്യമായ കുറവുവരുത്താന്‍ സാധിച്ചതും ഗ്രാമീണ മേഖലയിലടക്കം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതും കാര്‍ വിപണിക്ക് ഗുണകകരമായി.
ജിഎസ്ടി പരിഷ്‌കരണത്തിന്റെ നേട്ടങ്ങള്‍ ജനുവരിയിലും കെട്ടടങ്ങിയിട്ടില്ലെന്ന സൂചനയാണ് മാരുതി സുസൂക്കിയുടെ വില്പന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന വില്പനയാണ് ജനുവരിയില്‍ മാരുതി സുസൂക്കി രേഖപ്പെടുത്തിയിരിക്കുന്നത്.
2,36,963 യൂണിറ്റാണ് കഴിഞ്ഞ മാസം കമ്പനി വിറ്റഴിച്ചത്. 2025 ജനുവരിയെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ വര്‍ഷം സമാന മാസത്തില്‍ ആകെ വിറ്റഴിച്ചത് 2,12,251 യൂണിറ്റുകളായിരുന്നു. വിവിധ സെഗ്മെന്റുകളില്‍ ഉപയോക്താക്കളുടെ താല്പര്യം ഉയര്‍ന്ന തലത്തില്‍ തുടരുന്നുവെന്ന സൂചനയാണ് കണക്കുകള്‍ നല്കുന്നത്.
അന്താരാഷ്ട്ര മാര്‍ക്കറ്റുകളിലേക്കുള്ള മാരുതി സുസൂക്കിയുടെ കടന്നുകയറ്റം ശരിയായ പാതയിലാണെന്ന് കയറ്റുമതി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം സമാന മാസത്തെ അപേക്ഷിച്ച് കയറ്റുമതി ഇരട്ടിയോളം വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലെ കയറ്റുമതി 51,020 യൂണിറ്റായിരുന്നു. മുന്‍ വര്‍ഷം ജനുവരിയിലിത് 27,100 യൂണിറ്റ് മാത്രമായിരുന്നു.
ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ വരുമാനം 29 ശതമാനം വര്‍ധിച്ചു. ലാഭത്തില്‍ നാലു ശതമാനത്തിന്റെ നേട്ടവും സ്വന്തമാക്കാനായി. പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിനായി ഒറ്റത്തവണ ചെലവാക്കല്‍ ഇനത്തില്‍ 593.9 കോടി രൂപ വിനിയോഗിച്ചതാണ് ലാഭത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്താതിരുന്നത്.
മൂന്നാംപാദത്തില്‍ ആകെ വരുമാനം 49,891.5 കോടി രൂപയാണ്. മുന്‍വര്‍ഷം സമാനപാദത്തിലിത് 38,752.3 കോടി രൂപയായിരുന്നു. വിപണിയുടെ പ്രതീക്ഷയേക്കാള്‍ കൂടിയ വരുമാനം നേടാന്‍ സാധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലാഭം മുന്‍വര്‍ഷം സമാനപാദത്തെ 3,659.3 കോടി രൂപയില്‍ നിന്ന് 3,794 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്.
പുതിയ കണക്കുകള്‍ പുറത്തുവന്നത് മാരുതി സുസൂക്കി ഓഹരികളിലും ഉണര്‍വുണ്ടാക്കി. ഇന്ന് ഒരുഘട്ടത്തില്‍ രണ്ട് ശതമാനത്തോളം ഓഹരിവില ഉയര്‍ന്നിരുന്നു. യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടതിന് പിന്നാലെ കഴിഞ്ഞയാഴ്ച ഓട്ടോ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine