കാര്‍ വിപണിയില്‍ മാരുതിക്കും ഹ്യുണ്ടായിക്കും പിടി അയയുന്നു

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) പാസഞ്ചര്‍ വാഹന (കാര്‍, വാന്‍, എസ്.യു.വി) വില്‍പനയില്‍ വളര്‍ച്ച കൈവരിച്ചെങ്കിലും വിപണിവിഹിതത്തില്‍ ഇടിവ് നേരിട്ട് മുന്‍നിര കമ്പനികളായ മാരുതി സുസുക്കിയും ഹ്യുണ്ടായിയും. 2021-22ലെ 12.39 ലക്ഷം വാഹനങ്ങളില്‍ നിന്ന് 2022-23ല്‍ മാരുതിയുടെ വില്‍പന 14.79 ലക്ഷം വാഹനങ്ങളായി ഉയര്‍ന്നെങ്കിലും വിപണിവിഹിതം (മാര്‍ക്കറ്റ് ഷെയര്‍) 42.13 ശതമാനത്തില്‍ നിന്ന് 40.86 ശതമാനമായി താഴ്‌ന്നെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ ആര്‍.ടി ഓഫീസുകളില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പ്രകാരം തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. ഏതാനും വര്‍ഷം മുമ്പുവരെ മാരുതിക്ക് 50 ശതമാനത്തിനുമേല്‍ വിപണിവിഹിതമുണ്ടായിരുന്നു.

ഹ്യുണ്ടായിക്ക് 14.51 ശതമാനം
2021-22ലെ 4.79 ലക്ഷം വാഹനങ്ങളില്‍ നിന്ന് കഴിഞ്ഞവര്‍ഷം ഹ്യുണ്ടായിയുടെ വില്‍പന 5.25 ലക്ഷം വാഹനങ്ങളായി ഉയര്‍ന്നു. പക്ഷേ, വിപണിവിഹിതം 16.28 ശതമാനത്തില്‍ നിന്ന് 14.51 ശതമാനമായി താഴ്ന്നു. ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കിയ മോട്ടോഴ്‌സ്, ടൊയോട്ട, സ്‌കോഡ എന്നിവ കാഴ്ചവച്ച മികച്ച നേട്ടമാണ് മാരുതിക്കും ഹ്യുണ്ടായിക്കും ക്ഷീണമായത്.
നേട്ടത്തിലേറി ടാറ്റയും മഹീന്ദ്രയും
3.31 ലക്ഷത്തില്‍ നിന്ന് 4.84 ലക്ഷം വാഹനങ്ങളായി വില്‍പന മെച്ചപ്പെടുത്തിയ ടാറ്റാ മോട്ടോഴ്‌സിന്റെ വിപണിവിഹിതം 11.27 ശതമാനത്തില്‍ നിന്നുയര്‍ന്ന് 13.39 ശതമാനമായി. 1.99 ലക്ഷത്തില്‍ നിന്ന് മഹീന്ദ്രയുടെ വില്‍പന 3.23 ലക്ഷം വാഹനങ്ങളിലേക്കും വിപണിവിഹിതം 6.77 ശതമാനത്തില്‍ നിന്ന് 8.94 ശതമാനത്തിലേക്കും ഉയര്‍ന്നു. 5.30ല്‍ നിന്ന് 6.42 ശതമാനത്തിലേക്കാണ് കിയയുടെ വിപണിവിഹിതം കൂടിയത്. വിറ്റഴിച്ച വാഹനങ്ങളുടെ എണ്ണം 1.56 ലക്ഷത്തില്‍ നിന്ന് 2.32 ലക്ഷമായും ഉയര്‍ന്നു.
4.36 ശതമാനമാണ് ടൊയോട്ടയുടെ വിപണിവിഹിതം, നേരത്തേ 3.91 ശതമാനമായിരുന്നു. 1.77ല്‍ നിന്ന് സ്‌കോഡയുടെ വിപണിവിഹിതം 2.43 ശതമാനമായും ഉയര്‍ന്നു. അതേസമയം ഹോണ്ടയുടെ വിഹിതം 2.84ല്‍ നിന്ന് 2.29 ശതമാനത്തിലേക്കും റെനോയുടേത് 2.99ല്‍ നിന്ന് 2.08 ശതമാനത്തിലേക്കും കുറഞ്ഞു.
ആഡംബരത്തില്‍ ബെന്‍സ്
മൊത്തം പാസഞ്ചര്‍ വാഹന വില്‍പനയില്‍ ആഡംബര ബ്രാന്‍ഡായ മെഴ്‌സിഡെസ്-ബെന്‍സിന്റെ വില്‍പന കഴിഞ്ഞവര്‍ഷം 11,108ല്‍ നിന്ന് 14,262 വാഹനങ്ങളായി ഉയര്‍ന്നു. ബി.എം.ഡബ്ല്യുവിന്റെ വില്‍പന 8,563 വാഹനങ്ങളില്‍ നിന്നുയര്‍ന്ന് 10,789 വാഹനങ്ങളായി. ഔഡി വിറ്റഴിച്ച വാഹനങ്ങളുടെ എണ്ണം 786 ആണെന്നും ഫാഡയുടെ റിപ്പോര്‍ട്ട് പറയുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it