ഞെട്ടിച്ച് മാരുതി സുസുകി!

സെമികണ്ടക്ടറുകളുടെ ക്ഷാമം ആഭ്യന്തര വില്‍പ്പനയ്ക്ക് തിരിച്ചടിയായെങ്കിലും കയറ്റുമതി മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന ചിപ്പുകളുടെ അധിക വിതരണം മാരുതി സുസുകിയുടെ കയറ്റുമതിയില്‍ നേട്ടമുണ്ടാക്കി. ഏപ്രില്‍ - ഫെബ്രുവരി കാലയളവിലെ പാസഞ്ചര്‍ വാഹനങ്ങളുടെ കയറ്റുമതിയിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 151 ശതമാനത്തിന്റെ വര്‍ധനവാണ് രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍ നേടിയത്. അതായത്, നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 11 മാസങ്ങളില്‍ മാരുതി സുസുകി കയറ്റുമതി ചെയ്തത് മൊത്തം 2,11,880 യൂണിറ്റുകള്‍. ഇതില്‍ 2,09,487 പാസഞ്ചര്‍ വാഹനങ്ങളും 2,393 ചെറുകിട വാണിജ്യ വാഹനങ്ങളും ഉള്‍പ്പെടുന്നു.

നിരവധി വര്‍ഷങ്ങളായി പാസഞ്ചര്‍ വാഹന കയറ്റുമതിയില്‍ നേതൃത്വം നല്‍കുന്ന ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ, 28.44 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,18,573 യൂണിറ്റുകള്‍ മാത്രമാണ് കയറ്റുമതി ചെയ്തത്. ഇത് ആദ്യമായണ് മാരുതിയുടെ ഒരു സാമ്പത്തിക വര്‍ഷത്തിലെ കയറ്റുമതി 2 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിടുന്നത്. കൂടാതെ, 2022 ഫെബ്രുവരിയില്‍ 24,021 യൂണിറ്റ് കയറ്റുമതി ചെയ്ത് അതിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കയറ്റുമതി എന്ന നേട്ടവും രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ രേഖപ്പെടുത്തി.

'വ്യത്യസ്ത തരത്തിലുള്ള ചിപ്പുകള്‍ ഉണ്ട്. ആഭ്യന്തര പതിപ്പുകളുടെ മതിയായ ചിപ്പുകള്‍ ഞങ്ങള്‍ക്ക് നേടാനായില്ല. എന്നാല്‍ കയറ്റുമതി പതിപ്പുകളുടെ അധിക അളവ് നമുക്ക് ലഭിക്കും. അതുകൊണ്ടാണ് കയറ്റുമതിയുടെ അളവ് വര്‍ധിക്കുന്നത്,'' മാരുതി സുസുക്കി ഇന്ത്യ എംഡിയും സിഇഒയുമായ കെനിച്ചി അയുകാവ പറഞ്ഞതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മാരുതി സുസുകി ഇന്ത്യ നിലവില്‍ 16 വ്യത്യസ്ത മോഡലുകളാണ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ബലെനോ, ഡിസയര്‍, സ്വിഫ്റ്റ്, എസ്-പ്രെസ്സോ, ബ്രെസ്സ എന്നിവ വോളിയത്തിന്റെ കാര്യത്തില്‍ ആദ്യ അഞ്ച് സ്ഥാനത്താണ്. കമ്പനിയുടെ മുന്‍നിര കയറ്റുമതി വിപണികളില്‍ ലാറ്റിന്‍ അമേരിക്ക, ആസിയാന്‍, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു. ഈ വിപണികളില്‍ അതിന്റെ അളവ് ഇരട്ടിയിലധികം വര്‍ധിച്ചതായി കമ്പനി വ്യക്തമാക്കി.

1986-87 ലാണ് കമ്പനി വാഹനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത്. യൂറോപ്പിലെ വികസിത വിപണികളിലേക്ക് 50 ശതമാനം കാറുകളും അയച്ചതോടെ 2012-13ല്‍ ഒരു ദശലക്ഷം യൂണിറ്റുകളുടെ കയറ്റുമതി നാഴികക്കല്ലില്‍ എത്തി. ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വളര്‍ന്നുവരുന്ന വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2020-21 ല്‍ കമ്പനി രണ്ട് ദശലക്ഷം എന്ന നേട്ടവും സ്വന്തമാക്കി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it