ഉല്‍പ്പാദനം വെട്ടിക്കുറക്കല്‍; മാരുതിയുടെ സെപ്റ്റംബര്‍ മാസ വില്‍പ്പന 46 ശതമാനത്തോളം ഇടിഞ്ഞു

ഉല്‍പ്പാദനം വെട്ടിക്കുറച്ചതോടെ സെപ്റ്റംബര്‍ മാസത്തിലെ മാരുതിയുടെ വില്‍പ്പനയും ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 46 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ സെപ്റ്റംബറില്‍ വിറ്റഴിച്ചത് 86,380 യൂണിറ്റുകള്‍ മാത്രമാണ്. അതേസമയം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കമ്പനി 1,60,442 യൂണിറ്റുകള്‍ വിറ്റതായി മാരുതി സുസുകി ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 54.9 ശതമാനം ഇടിഞ്ഞ് 68,815 യൂണിറ്റായി. 2020 സെപ്റ്റംബറില്‍ ഇത് 1,52,608 യൂണിറ്റായിരുന്നു.

അതേസമയം ചിപ്പ് ക്ഷാമം കാരണം മാരുതി ഉല്‍പ്പാദനം വെട്ടിക്കുറച്ചതാണ് സെപ്റ്റംബറിലെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞമാസത്തെ ഉല്‍പ്പാദനം 60 ശതമാനത്തോളമാണ് വെട്ടിക്കുറച്ചത്. 'ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് കാരണം 2021 സെപ്റ്റംബറില്‍ കമ്പനിയുടെ വില്‍പ്പനയുടെ അളവിനെ പ്രതികൂലമായി ബാധിച്ചു'' വാഹന നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ആള്‍ട്ടോയും എസ്-പ്രസോയും ഉള്‍പ്പെടുന്ന മിനി കാറുകളുടെ വിഭാഗത്തില്‍ 45.18 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷത്തെ ഇതേമാസത്തെ 27,246 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 14,936 യൂണിറ്റുകള്‍ മാത്രമാണ് ഈ സെപ്റ്റംബറില്‍ വിറ്റഴിച്ചത്. കൂടാതെ, സ്വിഫ്റ്റ്, സെലറിയോ, ഇഗ്‌നിസ്, ബലെനോ, ഡിസയര്‍ തുടങ്ങിയ മോഡലുകളുള്‍പ്പെടെയുള്ള കോംപാക്റ്റ് സെഗ്മെന്റിന്റെ വില്‍പ്പന 75.19 ശതമാനം ഇടിഞ്ഞ് 20,891 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഈ വിഭാഗത്തില്‍നിന്ന് 84,213 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. 2020 സെപ്റ്റംബറില്‍ 1,534 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടത്തരം സെഡാന്‍ സിയാസിന്റെ വില്‍പ്പന 36.04 ശതമാനം കുറഞ്ഞ് 981 യൂണിറ്റായി. അതുപോലെ, ബ്രെസ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നിവയുള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹന വില്‍പ്പന 22.11 ശതമാനം ഇടിഞ്ഞ് 18,459 യൂണിറ്റായി,
അതേസമയം, കയറ്റുമതി രണ്ട് മടങ്ങ് ഉയര്‍ന്ന് 17,565 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ കയറ്റുമതി 7,834 യൂണിറ്റുകളായിരുന്നു.






Related Articles

Next Story

Videos

Share it