Begin typing your search above and press return to search.
സെമികണ്ടക്ടര്‍ ക്ഷാമത്തിന് പരിഹാരമായില്ല, ഒക്ടോബറിലും ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി മാരുതി
ഉത്സവസീസണിലും വാഹന നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയായി സെമികണ്ടക്ടര്‍ ക്ഷാമം. ആഗോളതലത്തില്‍ പരിഹാരമില്ലാതെ തുടരുന്ന സെമികണ്ടക്ടര്‍ ക്ഷാമം കാരണം ഒക്ടോബര്‍ മാസത്തിലും ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങുകയാണ് രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. 40 ശതമാനത്തോളം ഉല്‍പ്പാദനമാണ് മാരുതി വെട്ടിക്കുറയ്ക്കുന്നത്. സെപ്റ്റംബറില്‍ 60 ശതമാനത്തോളം ഉല്‍പ്പാദനം മാരുതി കുറച്ചിരുന്നു. ഇത് തുടര്‍ച്ചയായ മൂന്നാം മാസമാണ് സെമികണ്ടക്ടര്‍ ക്ഷാമം കാരണം മാരുതി ഉല്‍പ്പാദനം കുറയ്ക്കുന്നത്.
എല്ലാ നിര്‍മാണ യൂണിറ്റുകളിലും ഒക്ടോബര്‍ മാസത്തില്‍ സാധാരണ ഉല്‍പ്പാദനത്തിന്റെ 60 ശതമാനമായിരിക്കുമെന്ന് കാര്‍ നിര്‍മാതാക്കള്‍ പറഞ്ഞു. സെപ്റ്റംബറിലെ 40 ശതമാനം ഉല്‍പ്പാദന നിരിക്കിനേക്കാള്‍ നേരിയ പുരോഗതിയാണിത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍, ശരാശരി 50 ശതമാനം ഉല്‍പ്പാദനത്തിന്റെ കുറവുണ്ടാകുമെന്നും മാരുതി സുസുകി വ്യക്തമാക്കി. മാരുതി സുസുകി അതിന്റെ സാധാരണ ഉല്‍പ്പാദനം എത്ര യൂണിറ്റുകളാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം ചിപ്പ് ക്ഷാമം തിരിച്ചടിയാവാത്ത ജുലൈയില്‍ 170,719 യൂണിറ്റായിരുന്നു മാരുതിയുടെ ഉല്‍പ്പാദനം.
ഒക്ടോബര്‍ ഏഴിന് നവരാത്രിയോടെ ആരംഭിക്കുന്ന ഉത്സവ സീസണിന്റെ തുടക്കത്തിലാണ് ഉല്‍പ്പാദനത്തില്‍ കുറവ് വരുന്നത്. ഈ കാലയളവിലെ ഡിമാന്റുകള്‍ പൂര്‍ത്തീകരിക്കാന്‍ വാഹന നിര്‍മാതാക്കള്‍ ഉല്‍പ്പാദനം ഊര്‍ജിതമാക്കുന്ന സമയമാണിത്. ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ വാര്‍ഷിക വില്‍പ്പനയുടെ 30-40 ശതമാനം വരെ നടക്കുന്നത് ഈ ഉത്സവ സീസണിലാണ്. അതിനാല്‍ തന്നെ ഉല്‍പ്പാദനം കുറയ്ക്കുന്നത് മാരുതിക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചേക്കും. മാരുതിക്ക് പുറമെ മറ്റ് വാഹന നിര്‍മാതാക്കളുടെ സെമികണ്ടക്ടര്‍ ക്ഷാമം കാരണം ഉല്‍പ്പാദനം വെട്ടിക്കുറച്ചിരുന്നു.
Next Story
Videos