മാരുതി സുസുകി ഓണ്‍ലൈനിലൂടെ വിറ്റത് രണ്ടു ലക്ഷം കാറുകള്‍
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഓണ്‍ലൈന്‍ മുഖേന വിറ്റഴിച്ചത് രണ്ടു ലക്ഷത്തിലേറെ കാറുകള്‍. കമ്പനി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2019 ഏപ്രില്‍ മുതലുള്ള കണക്കാണിത്. രണ്ടു വര്‍ഷം മുമ്പ് സ്ഥാപിച്ച ഓണ്‍ലൈന്‍ ചാനല്‍ രാജ്യത്ത് 1000ത്തോളം ഡീലര്‍ഷിപ്പ് അടങ്ങുന്നതാണ്. 2018 ല്‍ തുടക്കം കുറിച്ച ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭിച്ചത് 21 ലക്ഷം ഉപഭോക്തൃ അന്വേഷണങ്ങളാണെന്ന് മാരുതി സുസുകി ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ (മാര്‍ക്കറ്റിംഗ് & സെയ്ല്‍സ്) ശശാങ്ക് ശ്രീവാസ്തവയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൂഗ്ള്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ഇന്ത്യ 2020 റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 95 ശതമാനം കാര്‍ വില്‍പ്പനയിലും ഡിജിറ്റല്‍ സ്വാധീനം ഉണ്ട്. ഉപഭോക്താക്കള്‍ കാറുകളെ കുറിച്ച് ഓണ്‍ലൈനില്‍ വിശദമായി പഠിച്ച ശേഷമാണ് അടുത്തുള്ള ഡീലറെ സമീപിച്ച് കാര്‍ വാങ്ങുന്നത്. ഇത്തരത്തില്‍ അന്വേഷണം തുടങ്ങി ശരാശരി പത്ത് ദിവസത്തിനുള്ളില്‍ തന്നെ കാര്‍ വാങ്ങുന്നുമുണ്ട്.
ഉപഭോക്താക്കള്‍ കൂടുതല്‍ ഓണ്‍ലൈനിലേക്ക് തിരിയുന്നതിന്റെ ഫലമായി ഡീലര്‍മാരുടെ വെബ്‌സൈറ്റുകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ടന്നെ് ശശാങ്ക് ശ്രീവാസ്തവ പറയുന്നു.
നിലവില്‍ മാരുതി സുസുകിയുടെ ആകെ വില്‍പ്പനയുടെ 20 ശതമാനവും ഓണ്‍ലൈന്‍ അന്വേഷണങ്ങളില്‍ നിന്ന് ഉണ്ടാവുന്നവയാണെന്ന് അദ്ദേഹം പറയുന്നു. കോവിഡ് വ്യാപകമായതിന് പിന്നാലെ ഇക്കാര്യത്തില്‍ 33 ശതമാനം വര്‍ധനയും ഉണ്ടായിട്ടുണ്ട്.