ജുലൈയിലെ ഉല്‍പ്പാദനത്തില്‍ 58 ശതമാനം വര്‍ധനവുമായി മാരുതി സുസുകി

ജുലൈയിലെ ഉല്‍പ്പാദനത്തില്‍ വന്‍ നേട്ടവുമായി മാരുതി സുസുകി. രാജ്യത്തെ എറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ ജുലൈയിലെ ഉല്‍പ്പാദനം 58 ശതമാനമാണ് വര്‍ധിച്ചത്. 1,70,719 യൂണിറ്റുകള്‍ കമ്പനി വിവിധ നിര്‍മാണ പ്ലാന്റുകളില്‍നിന്ന് ഉല്‍പ്പാദിപ്പിച്ചതായി കമ്പനി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 1,07,687 യൂണിറ്റുകളാണ് ഉല്‍പ്പാദിപ്പിച്ചതെന്ന് മാരുതി സുസുകി ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

'2021 ജൂലൈയില്‍ നിര്‍മ്മിച്ച വാഹനങ്ങളുടെ എണ്ണം 2020 ജൂലൈയേക്കാള്‍ കൂടുതലാണെങ്കിലും, താരതമ്യം അര്‍ത്ഥവത്തല്ല. കാരണം കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട തടസങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വില്‍പ്പന വളരെ താഴ്ന്ന നിലയിലായിരുന്നു' മാരുതി സുസുകി വ്യക്തമാക്കി. 2018 ലെ ജുലൈ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പ്പാദനം കുറവാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
പാസഞ്ചര്‍ വാഹനങ്ങളുടെ നിര്‍മാണം 2020 ജുലൈയിലെ 1,05,345 ല്‍നിന്ന് 1,67,825 യൂണിറ്റായാണ് വര്‍ധിച്ചത്. ആള്‍ട്ടോ, എസ്- പ്രസ്സോ എന്നിവയടങ്ങുന്ന മിനി കാറുകളുടെ ഉല്‍പ്പാദനം 20,638 യൂണിറ്റില്‍നിന്ന് 24,899 യൂണിറ്റായും ഉയര്‍ന്നു. യൂട്ടിലിറ്റി വാഹനങ്ങളുടെ നിര്‍മാണം 19,130 യൂണിറ്റില്‍നിന്ന് 40,094 ആയി. കോംപാക്ട് കാറുകളുടെ നിര്‍മാണം 55,390 ല്‍നിന്ന് 90,604 യൂണിറ്റായി വര്‍ധിച്ചതായും കമ്പനി വ്യക്തമാക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it