മാരുതി 'ഇന്നോവ' ഇന്‍വിക്‌റ്റോ: ഏറ്റവും വിലയേറിയ കാര്‍ അവതരിപ്പിച്ച് ജാപ്പനീസ് കാര്‍ നിര്‍മാതാവ്‌

വാഹന പ്രേമികള്‍ കാത്തിരുന്ന മാരുതിയുടെ പ്രീമിയം വാഹനമായ ഇന്‍വിക്‌റ്റോ വിപണിയിലെത്തി. മാരുതി അവതരിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും വിലയേറിയതും വലിപ്പമേറയതുമായ വാഹനമാണിത്. ടൊയോട്ടയുമായി സഹകരിച്ച് നിര്‍മിച്ച ഈ മള്‍ട്ടി പര്‍പ്പസ് വാഹനം (MPV) മൂന്നു മോഡലുകളില്‍ ലഭ്യമാണ്.

അടിസ്ഥാന വകഭേദമായ സീറ്റ പ്ലസ് ഏഴ് സീറ്ററിന് 24.79 ലക്ഷം രൂപയും സീറ്റ പ്ല്‌സ് എട്ട് സീറ്ററിന് 24.84 ലക്ഷം രൂപയും ആല്‍ഫ പ്ലസ് ഏഴ് സീറ്റിന് 28.42 ലക്ഷം രൂപയുമാണ് വില. മാസം 61,860 രൂപ മുടക്കി ഇന്‍വിക്‌റ്റോ സബ്‌സ്‌ക്രൈബ് ചെയ്യാനും സാധിക്കും.
നെക്‌സ ബ്ലൂ, മിസ്റ്റിക് വൈറ്റ് എന്നിവ ഉള്‍പ്പെടെ നാല് നിറങ്ങളില്‍ വാഹനം ലഭ്യമാണ്.
എന്‍ജിന്‍ കരുത്ത്
2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ ഹൈബ്രിഡ് മോട്ടറുമായാണ് കാറിന്റെ വരവ്. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക്ക് മോട്ടറും സംയുകതമായി 183 ബി.എച്ച്.പി കരുത്തും 206 എന്‍.എം ടോര്‍ക്കും പ്രദാനം ചെയ്യും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മാത്രമാണ് വാഹനത്തിലുള്ളത്. ലിറ്ററിന് 24.24 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്നോവ ഹൈക്രോസിനു സമാനം
ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഇന്‍വിക്‌റ്റോ. രൂപകല്‍പ്പനയിലും സാദൃശ്യമുണ്ട്. മുന്നിലെ ഗ്രില്ലിലും ഹെഡ് ലാമ്പിലും ചെറിയ വ്യത്യാസം കൊണ്ടു വന്നിട്ടുണ്ട്. പിന്നില്‍ ക്രോം സ്ട്രിപ്പില്‍ മൂന്ന് വലിയ ടെയ്ല്‍ ലാമ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇന്റീരിയറിലും വലിയ വ്യത്യാസങ്ങളില്ല. 10.1 ഇഞ്ച് ഫ്രീ സ്റ്റാന്‍ഡിംഗ് ടച്ച് സ്‌കീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഡിജിറ്റല്‍ ഉപകരണ വിഭാഗം, വെന്റിലേറ്റഡ് മുന്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, ലെതര്‍ ഷീറ്റുകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
എന്നാല്‍ ഇന്നോവ ഹൈക്രോസില്‍ നിന്ന് വ്യത്യസ്തമായി ഡ്രൈവർ അസ്സിസ്റ്റൻസ് സംവിധാനങ്ങൾ ഇൻവിക്റ്റോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആറ് എയര്‍ ബാഗുകള്‍, ഇ.ബി.ഡി എ.ബി.എസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകളുണ്ട്. ഹൈക്രോസിനേക്കാള്‍ വില കുറവാണ് ഇന്‍വിക്‌റ്റോയ്ക്ക്.
പ്രീമിയം വിഭാഗം
മാരുതിയുടെ പ്രീമിയം വിതരണ ശൃഖലയായ നെക്‌സ വഴിയാണ് വാഹനം വില്‍ക്കുക. നെക്‌സ വിഭാഗത്തില്‍ അവതരിപ്പിക്കുന്ന എട്ടാമത്തെ വാഹനമാണിത്. ഇതിനകം തന്നെ 6,200 ഓളം ബുക്കിംഗുകള്‍ നേടാന്‍ ഇന്‍വിക്‌റ്റോയ്ക്ക് സാധിച്ചിട്ടുണ്ട്. 15-20 ലക്ഷം രൂപ വില വരുന്ന കാറുകളുടെ വിഭാഗത്തില്‍ വിപണി മേല്‍ക്കോയ്മ നേടാന്‍ മാരുതിക്കായിട്ടുണ്ട്. 20 ലക്ഷത്തിനു മുകളിലുള്ള കാറുകളിലും മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.
ടൊയോട്ട ഇന്നോവ ഹൈക്രോസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര എക്‌സ്.യു.വി 700, ടാറ്റ സഫാരി, എം.ജി ഹെക്റ്റര്‍, വരാനിരിക്കുന്ന കിയ കാര്‍ണവലിന്റെ പുതിയ മോഡല്‍ എന്നിവയോടാണ് മാരുതി ഇന്‍വിക്‌റ്റോ മത്സരിക്കുന്നത്.
Related Articles
Next Story
Videos
Share it