ചെറുകാറുകള്‍ ആര്‍ക്കും വേണ്ട, മാരുതിയുടെ ഉത്പാദനം അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍, വില്‍പ്പനയില്‍ വിചിത്ര ട്രെന്‍ഡ്

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മാരുതി അടക്കമുള്ള കമ്പനികളുടെ വില്‍പ്പനയുടെ വലിയൊരു ശതമാനവും 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ചെറുകാറുകളായിരുന്നു
Maruti Alto k10, Maruti Ignis, Maruti Wahgon R
Marutisuzuki .com
Published on

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഉത്പാദനം അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍. ഒരു കാലത്ത് സൂപ്പര്‍ ഹിറ്റായിരുന്ന ചെറുകാറുകളുടെയും മിഡ് സൈസ് സെഡാനുകളുടെയും വില്‍പ്പന കുറഞ്ഞതാണ് തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ മാസങ്ങളില്‍ പ്ലാന്റുകളുടെ അറ്റകുറ്റപ്പണിക്കായി ഉത്പാദനത്തില്‍ ചില കുറവുകള്‍ മാരുതി വരുത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ മാസത്തെ ഉത്പാദന കണക്കുകള്‍ 2020ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തിയതായും കമ്പനിയുടെ പ്രതിമാസ ഉത്പാദന കണക്കുകള്‍ വ്യക്തമാക്കുന്നു.

ആര്‍ക്കും വേണ്ടാത്ത ചെറുകാറുകള്‍

ഇന്ത്യന്‍ വാഹന വിപണിയിലെ ട്രെന്‍ഡ് മാറ്റത്തിന്റെ ശക്തമായ സൂചനയാണിതെന്നാണ് വിലയിരുത്തല്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മാരുതി അടക്കമുള്ള കമ്പനികളുടെ വില്‍പ്പനയുടെ വലിയൊരു ശതമാനവും 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ചെറുകാറുകളായിരുന്നു. നിലവില്‍ കൂടുതല്‍ പേര്‍ക്കും എസ്.യു.വികളും പ്രീമിയം മോഡലുകളും സ്വന്തമാക്കാനാണ് ആഗ്രഹം. ആകെ വാഹന വില്‍പ്പനയുടെ 66 ശതമാനവും നിലവില്‍ എസ്.യു.വികളാണെന്ന് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാ്ചറേഴ്‌സ് (സിയാം) കണക്കുകള്‍ പറയുന്നു. എന്നാല്‍ ചെറുകാറുകളുടെ വില്‍പ്പന 36 ശതമാനം കുറയുകയും ചെയ്തു.

എന്‍ട്രി ലെവല്‍ കാറുകളുടെ വില വര്‍ധിച്ചത്, ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ മാറിയത്, നഗരവത്കരണം, ഉദാരമായ വായ്പാ വ്യവസ്ഥകള്‍, സെക്കന്റ് ഹാന്‍ഡ് വിപണിയിലെ ലഭ്യത തുടങ്ങിയ കാര്യങ്ങളും വില്‍പ്പനയെ ബാധിച്ചെന്നാണ് കരുതുന്നത്.

ഡീലര്‍ഷിപ്പുകളിലെ ചെറുകാറുകളുടെ സ്റ്റോക്ക് കൂടിയതും ഉത്പാദനം കുറക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആള്‍ട്ടോ, എസ്‌പ്രെസോ, ഡിസയര്‍, സെലേറിയോ തുടങ്ങിയ മോഡലുകളാണ് ഡീലര്‍ഷിപ്പുകളില്‍ കൂടുതലുള്ളത്.

ഇ.വിയിലും തിരിച്ചടി

എന്‍ട്രി ലെവലില്‍ ഒരു ഇലക്ട്രിക് മോഡല്‍ പോലും അവതരിപ്പിക്കാന്‍ കഴിയാത്തതും മാരുതിക്ക് തിരിച്ചടിയാണ്. സെപ്റ്റംബറില്‍ നിരത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന മാരുതി ഇ-വിറ്റാരയുടെ വില 20 ലക്ഷം രൂപയോളമാണ്. നേരെ മറിച്ച് എതിരാളികളായ ടാറ്റ മോട്ടോഴ്‌സിനും മഹീന്ദ്രക്കും എന്‍ട്രി ലെവലില്‍ തന്നെ ഇലക്ട്രിക് വാഹന മോഡലുകളുണ്ട്.

വിചിത്ര ട്രെന്‍ഡ്

അതേസമയം, രാജ്യത്ത് ജൂണ്‍ മാസത്തിലെ വാഹന വില്‍പ്പന 18 മാസത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയതായും സിയാമിന്റെ കണക്കുകള്‍ പറയുന്നു. തൊട്ടുമുന്‍ വര്‍ഷത്തെ സമാനകാലയളവ് പരിഗണിച്ചാല്‍ ജൂണില്‍ വില്‍പ്പന 7 ശതമാനം ഇടിഞ്ഞു. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 1.4 ശതമാനവും ചെറുകാറുകളുടേത് 11 ശതമാനവും കുറഞ്ഞു. എന്നാല്‍ എസ്.യു.വി വില്‍പ്പന 3.8 ശതമാനം കൂടി. മികച്ച മണ്‍സൂണ്‍ ലഭിച്ചത് ഗ്രാമീണ വിപണിയില്‍ മാറ്റമുണ്ടാക്കുമെന്നും ഇത് വില്‍പ്പന വര്‍ധിക്കുമെന്നാണ് വാഹന മേഖലയുടെ പ്രതീക്ഷ. ഉടന്‍ തുടങ്ങാനിരിക്കുന്ന ഉത്സവ സീസണിലും വിപണിക്ക് പ്രതീക്ഷയുണ്ട്.

എന്നാല്‍ ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ വിദേശ രാജ്യങ്ങളിലേക്കുള്ള വാഹന കയറ്റുമതി പുതിയ ഉയരങ്ങളിലെത്തിയതായും കണക്കുകള്‍ പറയുന്നു. ആദ്യ പാദത്തില്‍ 2.04 വാഹനങ്ങളാണ് കടല്‍ കടന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.2 ശതമാനം വര്‍ധന. ലാറ്റിനമേരിക്കന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, ജപ്പാന്‍, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് കൂടിയതാണ് കാരണം. ഇക്കാലയളവില്‍ 11.4 ലക്ഷം ഇരുചക്ര വാഹനങ്ങളും കയറ്റുമതി ചെയ്തു.

Maruti Suzuki's June 2025 production falls to 125,392 units, a 23% decline from June 2021. Weak demand for small cars and SUVs' dominance impact output.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com