ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതിക്ക് മേധാവിത്വം നഷ്ടപ്പെടുന്നുവോ? എതിരാളികളുടെ കുതിപ്പില്‍ 13 വര്‍ഷത്തെ വലിയ തിരിച്ചടി

കഴിഞ്ഞ മൂന്നു സാമ്പത്തികവര്‍ഷവും വിപണി വിഹിതം കുറയുന്ന പ്രവണതയാണ് മാരുതിയുടെ വലിയ തലവേദന
A festive car delivery celebration at a Maruti Suzuki showroom in Kerala. A white Maruti car, decorated with flower garlands, is surrounded by a large crowd of people dressed in traditional Kerala attire. Flower petals are showered on the car as part of the ceremony, creating a joyful Onam-season atmosphere.
AI Generated Image Using PerplexityPerplexity
Published on

ഇന്ത്യന്‍ നിരത്തുകളില്‍ എതിരാളികളില്ലാത്ത ജൈത്രയാത്രയായിരുന്നു മാരുതി സുസൂക്കി ഇന്ത്യയുടേത്. എന്നാല്‍ അടുത്ത കാലത്തായി ലോകത്തിലെ ഏറ്റവും മൂന്നാമത്തെ കാര്‍ വിപണിയില്‍ മാരുതി സുസൂക്കിക്ക് അത്ര ശുഭകരമല്ല കാര്യങ്ങള്‍. വില്പനയില്‍ മുന്നിലേക്ക് പോകുമ്പോഴും വിപണി വിഹിതത്തില്‍ ഓരോ വര്‍ഷവും കുറവുണ്ടാകുന്നത് കമ്പനിയെ ഇരുത്തി ചിന്തിപ്പിക്കുന്നു.

ഒരുകാലത്ത് ഇന്ത്യയില്‍ വില്ക്കുന്ന കാറുകളില്‍ പകുതിയും മാരുതി സുസൂക്കിയുടേത് ആയിരുന്നു. എന്നാല്‍ 2020 സാമ്പത്തികവര്‍ഷത്തിനുശേഷം വിപണി വിഹിതത്തില്‍ 12 ശതമാനത്തിന്റെ കുറവാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. നിലവില്‍ കമ്പനിയുടെ വിപണി വിഹിതം 39.26 ശതമാനമാണ്. 13 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കഴിഞ്ഞ മൂന്നു സാമ്പത്തികവര്‍ഷവും വിപണി വിഹിതം കുറയുന്ന പ്രവണതയാണ് മാരുതിയുടെ വലിയ തലവേദന. മറ്റ് കമ്പനികള്‍ കൂടുതല്‍ മത്സരക്ഷമതയോടെ വിപണിയിലേക്ക് പുതിയ മോഡലുകള്‍ അവതരിപ്പിച്ചതും ഉപഭോക്തൃ അഭിരുചിയില്‍ മാറ്റങ്ങളുണ്ടായതും ഒന്നാംസ്ഥാനക്കാര്‍ക്ക് തിരിച്ചടിയായി. സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍സ് (SUV) വിഭാഗത്തിലേക്ക് ആളുകള്‍ കൂടുതലായി മാറുന്നതാണ് മാരുതിയുടെ ക്ഷീണത്തിന് ആക്കംകൂട്ടിയത്. ഈ സെഗ്‌മെന്റില്‍ മാരുതിയുടെ സ്വാധീനം വെറും 25 ശതമാനം മാത്രമാണ്.

മഹീന്ദ്രയുടെ കുതിപ്പ്

മാരുതിയുടെ പിന്നോക്കം പോക്ക് എസ്.യു.വി വിഭാഗത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്കും ടാറ്റ മോട്ടോഴ്‌സും കൂടുതല്‍ മേധാവിത്വം നല്കുന്നു. താര്‍, ബെലെറോ, സ്‌കോര്‍പിയോ തുടങ്ങിയ മോഡലുകളുമായി വിപണി വിഹിതത്തില്‍ അഞ്ചുവര്‍ഷംകൊണ്ട് വളര്‍ച്ച ഇരട്ടിയാക്കാന്‍ അവര്‍ക്ക് സാധിച്ചു. 2026 സാമ്പത്തികവര്‍ഷം 14.21 ശതമാനമാണ് മഹീന്ദ്രയുടെ വിപണി വിഹിതം.

മാരുതിയുടെ വിപണി വിഹിതത്തില്‍ ഇടിവുണ്ടാകാന്‍ ഒന്നിലേറെ കാരണങ്ങളുണ്ടെന്ന് വാഹന വിദഗ്ധര്‍ പറയുന്നു. വിപണിയില്‍ 20 ശതമാനത്തിലേറെ ഡീസല്‍ വാഹനങ്ങള്‍ ഇപ്പോഴും വില്ക്കുന്നുണ്ടെങ്കിലും മാരുതിക്ക് ഈ കാറ്റഗറിയില്‍ പുതിയൊരു മോഡല്‍ പോലുമില്ല. അതുപോലെ എസ്.യു.വി സെഗ്മെന്റില്‍ കാര്യമായ വൈവിധ്യത്തിന് ശ്രമിക്കാത്തതും തിരിച്ചടിയാണ്.

വിപണി വിഹിതത്തില്‍ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 50 ശതമാനത്തിലേക്ക് എത്താനാണ് മാരുതിയുടെ ശ്രമം. കൂടുതല്‍ ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കിയും വിലകുറഞ്ഞ മോഡലുകള്‍ എത്തിച്ചും മുന്‍നിരയില്‍ സ്ഥാനം നിലനിര്‍ത്താമെന്ന് കമ്പനി കരുതുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com