ആകാശത്തും പറന്നുയരാന്‍ മാരുതി, പുതിയ സംരംഭം അടുത്ത വര്‍ഷം

ആകാശ പാതയില്‍ ഒരു കൈ നോക്കാന്‍ ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി. ജാപ്പനീസ് മാതൃ കമ്പനിയായ സുസുക്കിയുടെ സഹായത്തോടെ വൈദ്യുത എയര്‍ കോപ്റ്ററുകള്‍ വികസിപ്പിക്കാനൊരുങ്ങുകയാണ്. ഇതിനായി കമ്പനി ഏവിയേഷന്‍ റെഗുലേറ്റര്‍ ഡി.ജി.സി.എയുമായി ചര്‍ച്ച നടത്തി വരികയാണെന്നും ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധ്യതാ പഠനം നടന്നുവരികയാണെന്നും സുസുക്കി മോട്ടോര്‍ അറിയിച്ചു.

പൈലറ്റ് ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് യാത്രക്കാരെ കൊണ്ടുപോകാനാകുന്ന വിധത്തിലുള്ളവയാകും വൈദ്യുത എയര്‍ കോപ്റ്ററുകള്‍. ഇവ സാധാരണ ഹെലികോപ്റ്ററുകളേക്കാള്‍ ചെറുതായിരിക്കും. സ്‌കൈഡ്രൈവ് എന്ന പേരിലായിരിക്കും ഇതെത്തുക. ഈ എയര്‍ ടാക്‌സികള്‍ ഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് കമ്പനി പറയുന്നു. സാധാരണ ഹെലികോപ്റ്ററിന്റെ പകുതിയോളം ഭാരമായിരിക്കും ഇതിനുണ്ടാകുക. അതിനാല്‍ തന്നെ ടേക്ക് ഓഫിനും ലാന്‍ഡിംഗിനും കെട്ടിടത്തിന്റെ മേല്‍ക്കൂര ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.

12 യൂണിറ്റ് മോട്ടോറുകളും റോട്ടറുകളും കൊണ്ട് സജ്ജീകരിക്കുന്ന ഇത് 2025ല്‍ ജപ്പാനില്‍ നടക്കുന്ന ഒസാക്ക എക്സ്പോയില്‍ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പ്രാരംഭ വില്‍പ്പന ജപ്പാനിലും യു.എസിലുമായിരിക്കും. 'മേക്ക് ഇന്‍ ഇന്ത്യ' സംരംഭത്തിലൂടെ ഈ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് മാരുതിയുടെ പദ്ധതി. ഇന്ത്യയില്‍ പദ്ധതി വിജയിക്കണമെങ്കില്‍ എയര്‍ കോപ്റ്ററുകള്‍ താങ്ങാനാവുന്ന വിലയിലുള്ളവയായിരിക്കണമെന്നും അതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും കമ്പനി അറിയിച്ചു.


Related Articles

Next Story

Videos

Share it