ഇന്ത്യയില്‍ വിറ്റത് 30 ലക്ഷം, ആഗോള വിപണിയില്‍ 60 ലക്ഷം: വാഹന വിപണിയെ ഞെട്ടിച്ച ഹാച്ച് ബാക്ക് ഇതാണ്

ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ വിറ്റത് 30 ലക്ഷം കാറുകള്‍, ലോകത്താകെ 60 ലക്ഷം കാറുകളും. വാഹന വിപണിയില്‍ അതിശയം സൃഷ്ടിച്ച വില്‍പ്പന നേടിയ മാരുതി സുസുക്കിയുടെ ഈ ഹാച്ച് ബാക്കിനെപ്പറ്റിയാണ് ഇപ്പോള്‍ വാഹനലോകത്തെ സംസാരം. പറഞ്ഞുവരുന്നത് മറ്റാരെയും കുറിച്ചല്ല, സാക്ഷാല്‍ സ്വിഫ്റ്റിനെപ്പറ്റിത്തന്നെയാണ്. 2005ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ സ്വിഫ്റ്റിന്റെ നാലാം തലമുറയാണ് ഇപ്പോഴുള്ളത്. വിപണിയിലെത്തി 19 വര്‍ഷങ്ങള്‍ക്കുള്ളില്‍ 30 ലക്ഷം യൂണിറ്റുകളാണ് വില്‍പ്പന നടന്നത്. ആഗോള തലത്തില്‍ 60 ലക്ഷം കാറുകള്‍ വിറ്റുവെന്ന റെക്കോഡും സ്വിഫ്റ്റ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. നിലവില്‍ 158 രാജ്യങ്ങളിലാണ് സ്വിഫ്റ്റ് വില്‍പ്പന നടത്തുന്നത്.
2021 സെപ്തംബറിലാണ് സ്വിഫ്റ്റ് കാറിന്റെ വില്‍പ്പന ഇന്ത്യയില്‍ 25 ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം കാറുകള്‍ കൂടി വിറ്റ് 30 ലക്ഷം കാറുകളെന്ന നേട്ടവും സ്വന്തമാക്കി. ഹാച്ച്ബാക്ക്, സെഡാന്‍ വാഹനങ്ങളെ ഉപേക്ഷിച്ച് ഉപയോക്താക്കള്‍ എസ്.യു.വി ശ്രേണിയിലേക്ക് പോയെങ്കിലും സ്വിഫ്റ്റിന്റെ വില്‍പ്പനയില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. നിലവില്‍ മാരുതി സുസുക്കി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന വാഹനങ്ങളിലൊന്നു കൂടിയാണ് സ്വിഫ്റ്റ്.
പുതിയ സ്വിഫ്റ്റ് വേറെ ലെവല്‍
പുതിയ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനിലെത്തുന്ന വണ്ടി 82 ബി.എച്ച്.പി കരുത്തും 112 എന്‍.എം വരെ ടോര്‍ക്കും ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സിലും ഒപ്ഷണലായി എ.എം.ടിയിലും ( ആട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) വാഹനം ലഭിക്കും. ഈ വര്‍ഷം അവസാനം സി.എന്‍.ജി പതിപ്പും ഇറക്കാന്‍ മാരുതി ആലോചിക്കുന്നുണ്ട്.
വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് ഫോണ്‍ മിററിംഗ്, സുസുക്കി കണക്റ്റ്, റിയര്‍ എസി വെന്റുകള്‍, കീലെസ് എന്‍ട്രി, എല്ലാ സീറ്റുകള്‍ക്കും റിമൈന്‍ഡറോടുകൂടിയ ത്രീ പോയിന്റ് സീറ്റ്ബെല്‍റ്റുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നീ ഫീച്ചറുകളും മാരുതി സുസുക്കി ഇതില്‍ നല്‍കിയിട്ടുണ്ട്. ഒമ്പത് ഇഞ്ച് വലിപ്പമുള്ള ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ചെറിയ മാറ്റങ്ങളോടെ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഡാഷ്ബോര്‍ഡ് തുടങ്ങിയവ വാഹനത്തിന്റെ ഇന്റീരിയര്‍ മനോഹരമാക്കുന്നു.
സുരക്ഷിതത്വത്തിന്റെ കാര്യത്തിലും വലിയ വിട്ടുവീഴ്ചകള്‍ക്ക് സ്വിഫ്റ്റ് തയ്യാറായിട്ടില്ല. ആറ് എയര്‍ ബാഗുകളും ഇ.ബി.ഡി (ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍)യോടുകൂടിയ എ.ബി.എസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റന്റ് തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6.49 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.
Related Articles
Next Story
Videos
Share it