മാരുതി സുസുക്കിയും വില വര്‍ധിപ്പിക്കുന്നു

മാരുതി സുസുക്കി ലിമിറ്റഡ് ഏപ്രില്‍ മുതല്‍ കാറുകളുടെ വില വീണ്ടും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ജനുവരിക്ക് ശേഷം മാരുതി 1.1 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം തുടര്‍ച്ചയായ രണ്ടാമത്തെ വില വര്‍ധനയാണിത്. മൊത്തത്തിലുള്ള പണപ്പെരുപ്പവും ഭാരത് സ്റ്റേജ് 6 (ബിഎസ് 6) നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ആവശ്യകതകളും കണക്കിലെടുത്താണ് വില വര്‍ധന നടപ്പാക്കുന്നതെന്ന് മാരുതി സുസുക്കി പറയുന്നു.

മറ്റ് കമ്പനികളും

മാരുതി കൂടാതെ ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ് തുടങ്ങിയ ചില വാഹന കമ്പനികളും 2023 ഏപ്രില്‍ മുതല്‍ എല്ലാ മോഡലുകളുടെയും വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്‌കൂട്ടറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ പറഞ്ഞു. വാഹനങ്ങളുടെ വില 5 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സും അറിയിച്ചു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടാറ്റ മോട്ടോഴ്സ് വില വര്‍ധിപ്പിക്കുന്നത്.

വില്‍പ്പനയില്‍ വളര്‍ച്ച

അതേസമയം കാര്‍ വിലയില്‍ തുടര്‍ച്ചയായി വര്‍ധനയുണ്ടായിട്ടും ആഭ്യന്തര വാഹന കമ്പനികള്‍ ഫെബ്രുവരിയില്‍ കാറുകളുടെ വില്‍പ്പനയില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ വിറ്റ 1,47,467 വാഹനങ്ങള്‍ ഉള്‍പ്പെടെ ഫെബ്രുവരിയില്‍ മാരുതി സുസുക്കി 1,72,321 വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വില്‍പ്പന 9.1 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ ഏകീകൃത ലാഭം ഡിസംബര്‍ പാദത്തില്‍ 129.55 ശതമാനം ഉയര്‍ന്ന് 2,391 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,041.8 കോടി രൂപയായിരുന്നു.

Related Articles
Next Story
Videos
Share it