Begin typing your search above and press return to search.
മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ നെക്‌സ ഷോറൂമിലൂടെ; റേഞ്ചില്‍ ഉഗ്രന്‍, ലുക്കിലും സുന്ദരന്‍!
മാരുതി സുസുക്കിയുടെ പ്രഥമ ഇലക്ട്രിക് കാര്‍ (EV) 2025ഓടെ ഇന്ത്യന്‍ വിപണിയിലെത്തും. മാരുതി സുസുക്കിയുടെ പ്രീമിയം വാഹനങ്ങളുടെ ഷോറൂം ശൃംഖലയായ നെക്‌സ (NEXA) വഴിയായിരിക്കും വില്‍പനയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇ.വി.എക്‌സ് (EVX) എന്ന പേരിലാണ് മാരുതിയുടെ ആദ്യ ഇ.വി എത്തുക. 60 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പാക്കും ഒറ്റത്തവണ ഫുള്‍ചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്താകും ഇ.വി.എക്‌സ് ഉപഭോക്താക്കളിലേക്ക് എത്തുക.
മാതൃകമ്പനിയായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനാണ് വാഹനം രൂപകല്‍പന ചെയ്ത് നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഇ.വി.എക്‌സിനെ മെയ്ഡ് ഇന്‍ ഇന്ത്യ പെരുമയോടെ മാതൃരാജ്യമായ ജപ്പാനിലും യൂറോപ്യന്‍ വിപണികളിലും സുസുക്കി അവതരിപ്പിക്കും.
മാരുതിയുടെ ഇലക്ട്രിക് എസ്.യു.വി
ഇന്ത്യയില്‍ അനുദിനം പ്രിയമേറുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന (SUV) വിഭാഗത്തിലായിരിക്കും മാരുതിയുടെ ആദ്യ ഇ.വിയായ ഇ.വി.എക്‌സ് എത്തുക. നിലവില്‍ എസ്.യു.വി-ഇതര വിഭാഗത്തില്‍ 65 ശതമാനമാണ് മാരുതിയുടെ വിപണിവിഹിതം.
എസ്.യു.വി വിഭാഗത്തിലും 50 ശതമാനത്തിലധികം വിപണിവിഹിതം നേടുകയെന്ന ലക്ഷ്യമാണ് മാരുതിക്കുള്ളത്. നിലവിലിത് 22 ശതമാനമാണ്. ജിംനി, ഫ്രോന്‍ക്‌സ്, ബ്രെസ, ഗ്രാന്‍ഡ് വിറ്റാര എന്നിവയാണ് നിലവില്‍ മാരുതിയുടെ ശ്രേണിയിലെ എസ്.യു.വികള്‍.
പെര്‍ഫോമന്‍സിലും രൂപകല്‍പനയിലും ഫീച്ചറുകളിലും എതിരാളികളെ കടത്തിവെട്ടുന്ന ആകര്‍ഷണങ്ങളോടെയാകും ഇ.വി.എക്‌സ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2023ലെ ഓട്ടോ എക്‌സ്‌പോയില്‍ ഇ.വി.എക്‌സിന്റെ കോണ്‍സെപ്റ്റ് പതിപ്പ് മാരുതി പരിചയപ്പെടുത്തിയിരുന്നു. ഏവരെയും ആകര്‍ഷിക്കുന്നതും ശക്തവുമായ ലുക്കായിരുന്നു പ്രത്യേകത.
പുതിയ പ്ലാറ്റ്‌ഫോം
ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള പുതുപുത്തന്‍ പ്ലാറ്റ്‌ഫോമിലാണ് ഈ ഇലക്ട്രിക് കാര്‍ മാരുതി ഒരുക്കുന്നത്. 4.3 മീറ്റര്‍ നീളവും 1.8 മീറ്റര്‍ വീതിയും 1.6 മീറ്റര്‍ ഉയരവുമുള്ളതാണ് കാര്‍.
'ഇമോഷണല്‍ വേഴ്‌സറ്റൈല്‍ ക്രൂസര്‍' എന്ന ആശയത്തിലൂന്നിയാണ് കാര്‍ രൂപകല്‍പന ചെയ്യുന്നതെന്നും മാരുതി വ്യക്തമാക്കിയിരുന്നു. വിശാലമായ കാബിന്‍, ഉയര്‍ന്ന വീല്‍ബേസും ഗ്രൗണ്ട് ക്ലിയന്‍സും, സിഗ്നേച്ചര്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങളും ഇ.വി.എക്‌സിനുണ്ടാകും.
Next Story
Videos