പഞ്ചിനോടും എക്സ്റ്ററിനോടും പടപൊരുതാന്‍ എസ്.യു.വിയുമായി മാരുതി സുസുക്കി

ഇന്ത്യന്‍ വാഹന വിപണിയിലെ മൈക്രോ എസ്.യു.വികളായ ടാറ്റ പഞ്ചിനോടും ഹ്യുണ്ടയ് എക്സ്റ്ററിനോടും മത്സരിക്കാനൊരുങ്ങി മാരുതി സുസുക്കി. വൈ43 എന്ന രഹസ്യനാമമുള്ള ഈ പുതിയ എ-സെഗ്മെന്റ് എസ്.യു.വി എന്‍ട്രി ഹാച്ച്ബാക്ക് വാങ്ങുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മൂന്നുനിര സീറ്റുമായെത്തുന്ന ഈ എസ്.യു.വി 2026-27ല്‍ വിപണിയിലെത്തുമെന്നാണ് സൂചന. ഹൈബ്രിഡ് സംവിധാനമുള്ള 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ Z-സീരീസ് എഞ്ചിനാണ് ഇത് കരുത്തേകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഹ്യുണ്ടായി അല്‍കാസര്‍, ടാറ്റ സഫാരി, എം.ജി ഹെക്ടര്‍, മഹീന്ദ്ര എക്സ്.യു.വി700 എന്നിവയ്ക്ക് എതിരാളിയായി വൈ17 എന്ന കോഡ്നാമമുള്ള പുതിയ എസ്.യു.വിയും മാരുതി സുസുക്കി പുറത്തിറക്കും. ഈ 7 സീറ്റര്‍ എസ്.യു.വി 2025ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാന്‍ഡ് വിറ്റാരയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഹൈബ്രിഡ് സാങ്കേതികവിദ്യ ഉള്‍പ്പെടെ നല്‍കിയായിരിക്കും ഈ വാഹനം എത്തുക. 15 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന പുതിയ എസ്.യു.വി ബ്രാന്‍ഡിന്റെ വരാനിരിക്കുന്ന ഖാര്‍ഖോഡ പ്ലാന്റില്‍ നിര്‍മ്മിക്കും.

നിലവില്‍ എസ്.യു.വി വിപണിയുടെ 20 ശതമാനമാണ് മാരുതിക്കാണ്. പുതിയ രണ്ടു മോഡലുകള്‍ കൂടി വിപണിയില്‍ എത്തിച്ചുകൊണ്ട് എസ്.യു.വി വിഭാഗത്തിൽ 33 ശതമാനം വിപണി വിഹിതം സ്വന്തമാക്കാനാണ് മാരുതിയുടെ ശ്രമം. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിപണിയുടെ 50 ശതമാനം സ്വന്തമാക്കാനും മാരുതി സുസുക്കി പദ്ധതിയിടുന്നുണ്ട്.


Related Articles
Next Story
Videos
Share it