അടുത്ത വർഷം മുതൽ മാരുതിയുടെ ഡീസൽ കാറുകളില്ല
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഡീസൽ വാഹനങ്ങളുടെ വിൽപനയും നിർമാണവും അടുത്തവർഷം മുതൽ പൂർണമായും നിർത്തും.
അന്തരീക്ഷ മലീനികരണം കുറയ്ക്കുന്നതിനുള്ള ഭാരത് സ്റ്റേജ് (BS-VI) സ്റ്റാൻഡേർഡ്സ് നിലവിൽ വരുന്ന 2020 ഏപ്രിൽ ഒന്നുമുതലാണ് ഡീസൽ വാഹനങ്ങളുടെ വിൽപന നിർത്താൻ മാരുതി തീരുമാനിച്ചിരിക്കുന്നത്.
ചെറിയ കാറുകളിൽ BS-VI ചട്ടങ്ങൾ അനുസരിച്ചുകൊണ്ട് ഡീസൽ എൻജിനുകൾ അപ്ഗ്രേഡ് ചെയ്യുന്നതിന് ചെലവേറെയാണെന്ന് മാരുതി സുസൂക്കി ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു. ഇതു വാഹനത്തിന്റെ വില കൂടുന്നതിനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ കമ്പനിയുടെ മൊത്തം വാഹനങ്ങളുടെ 23 ശതമാനം ഡീസൽ കാറുകളാണ്. BS-VI ചട്ടങ്ങൾ നിലവിൽ വന്നതിനു ശേഷവും ഡീസൽ കാറുകൾക്ക് ഡിമാൻഡ് നിലനിൽക്കുന്നുണ്ടെങ്കിൽ 1500 സിസിയിലുള്ള ഡീസൽ എൻജിൻ വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.