Begin typing your search above and press return to search.
വാഗണ്‍ആറും ഓള്‍ട്ടോയും സുരക്ഷയില്‍ ഏറെ പിന്നില്‍

Image : Global NCAP website
ആഗോളതലത്തില്‍ വിപണിയിലെത്തുന്ന പുത്തന്‍ കാറുകളില്‍ യാത്രക്കാര്‍ക്കായി ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങളുടെ മികവ് പരിശോധിച്ച് മാര്‍ക്കിടുന്ന സ്ഥാപനമാണ് യു.കെ ആസ്ഥാനമായുള്ള ദ ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം അഥവാ ഗ്ലോബല്‍ എന്‍.സി.എ.പി.
ഇന്ത്യന്‍ വിപണിയിലെത്തിയ 4 മോഡലുകളുടെ 'സുരക്ഷാ പരീക്ഷ' ഗ്ലോബല്‍ എന്‍.സി.എ.പി കഴിഞ്ഞദിവസം നടത്തി. 2023ല്‍ ഇന്ത്യന്‍ വിപണിയിലേക്കായി സംഘടിപ്പിച്ച ആദ്യ പരീക്ഷയായിരുന്നു അത്.
രാജ്യത്തെ ഏറ്റവും വലുതും സ്വീകാര്യതയില്‍ മുന്നിലുമുള്ള വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ഓള്‍ട്ടോ കെ10, വാഗണ്‍ആര്‍ എന്നിവയും ഫോക്‌സ്‌വാഗന്‍ വെര്‍ട്യൂസ്, സ്‌കോഡ സ്ലാവിയ എന്നിവയുമാണ് പരീക്ഷയില്‍ പങ്കെടുത്തത്.
വെറും ഒരു സ്റ്റാര്‍!
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിയുന്ന കാറുകളില്‍ മുന്നിലാണ് മാരുതി സുസുക്കിയുടെ വാഗണ്‍ആര്‍, ഓള്‍ട്ടോ കെ10 എന്നിവ. സാധാരണക്കാരുടെ കാറുകള്‍. പക്ഷേ, യാത്രക്കാര്‍ക്കുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഇവയില്‍ കമ്മിയാണെന്ന് ഗ്ലോബല്‍ എന്‍.സി.എ.പി നടത്തിയ പരിശോധന വ്യക്തമാക്കുന്നു.
മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷാ സൗകര്യങ്ങളില്‍ ഓള്‍ട്ടോ കെ10 രണ്ട് സ്റ്റാറുകള്‍ നേടി. കുട്ടികള്‍ക്കുള്ള സുരക്ഷാ സൗകര്യങ്ങളില്‍ റേറ്റിംഗ് പൂജ്യം. വാഗണ്‍ആര്‍ ആകട്ടെ മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങളില്‍ നേടിയത് ഒരു സ്റ്റാര്‍; കുട്ടികളുടേത് പൂജ്യം.
5-സ്റ്റാര്‍ വെര്‍ട്യൂസ്, സ്ലാവിയ
സെഡാന്‍ മോഡലുകളായ ഫോക്‌സ്‌വാഗന്‍ വെര്‍ട്യൂസ്, സ്‌കോഡ സ്ലാവിയ എന്നിവ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷാ സൗകര്യങ്ങളില്‍ മുഴുവന്‍ മാര്‍ക്കും (5-സ്റ്റാര്‍) സ്വന്തമാക്കി.
ഇന്ത്യയില്‍ പുത്തന്‍ വാഹനങ്ങളില്‍ 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയെന്നിരിക്കേ, സുരക്ഷാ പരിശോധനയില്‍ മാരുതി സുസുക്കിയുടെ മോഡലുകള്‍ തുടര്‍ച്ചയായി മോശം റേറ്റിംഗ് നേടുന്നത് നീതീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ഗ്ലോബല്‍ എന്‍.സി.എ.പി സെക്രട്ടറി ജനറല്‍ അലജാന്‍ഡ്രോ ഫ്യുറാസ് (Alejandro Furas) പറഞ്ഞു.
ഗ്ലോബൽ എൻ.സി.എ.പി നടത്തിയ സുരക്ഷാ പരിശോധനയുടെ ഫലം
മാറണം മാരുതി
ഇന്ത്യന്‍ വിപണിക്കായി 'ഭാരത് എന്‍.സി.എ.പി' പരിശോധനാ സംവിധാനം ഉടന്‍ വരും. അപ്പോഴെങ്കിലും മാരുതി സുസുക്കി വിപണിയിലെ മറ്റ് കമ്പനികളുമായി മത്സരിക്കാനാകുംവിധം സുരക്ഷാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും ജനറല്‍ അലജാന്‍ഡ്രോ ഫ്യുറാസ് പറഞ്ഞു. മാരുതിയുടെ മനോഭാവത്തില്‍ മാറ്റം വേണമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായിരിക്കണം പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
Next Story