കുറഞ്ഞ വിലയിൽ മാരുതിയുടെ ഇലക്ട്രിക് കാർ ഉടനെത്തും, പക്ഷേ കമ്പനിയുടെ പ്ലാൻ വേറൊന്ന്

നടപ്പു സാമ്പത്തിക വർഷത്തിൽ തന്നെ ആദ്യ ഇലക്ട്രിക് കാറും ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങി മാരുതി സുസുക്കി. ഇതിനു പുറമെ സ്ട്രോങ്ങ് ഹൈബ്രിഡ്, ബയോഗ്യാസ്, ഫ്ലെക്സ് ഫ്യൂവൽ, സി.എൻ.ജി. തുടങ്ങിയ ശ്രേണികളിലും മാരുതി സുസുക്കി കൈവയ്ക്കും. ഇന്ധന ഉപയോഗവും കാർബൺ ബഹിർഗമനവും കുറച്ച് പോക്കറ്റിനിണങ്ങുന്ന രീതിയിലുള്ള കൂടുതൽ മോഡലുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.
സർക്കാർ പിന്തുണയോടെ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന കുറയ്ക്കാനാകുമെന്നും ഇത് വഴി കാർബൺ ബഹിർഗമന നിരക്ക് താഴേക്ക് കൊണ്ടുവരാനാകുമെന്നും കമ്പനി ചെയർമാൻ സി.ആർ ഭാർഗവ പറഞ്ഞു. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കമ്പനിയുടെ എഞ്ചിനീയറിംഗ് ശേഷി വർധിപ്പിക്കാനും മാരുതിക്ക് പദ്ധതിയുണ്ട്. മറ്റ് വാഹന നിർമാണ കമ്പനികൾ ബാറ്ററിയിൽ അധിഷ്ഠിതമായ വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സ്ട്രോങ്ങ് ഹൈബ്രിഡ്, ബയോഗ്യാസ്, ഫ്ലെക്സ് ഫ്യൂവൽ, സി.എൻ.ജി തുടങ്ങിയ ബദൽ ഇന്ധനങ്ങളുടെ സാധ്യതയും മാരുതി പരീക്ഷിക്കുന്നുണ്ട്. നിലവിൽ രണ്ട് സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലുകളായ ഗ്രാൻഡ് വിറ്റാറ എസ്.യു.വിയും ഇൻവിക്ടോ എം.പി.വിയുമാണ് മാരുതി വിപണിയിലിറക്കുന്നത്. ഇതിന് പുറമെ നടപ്പു സാമ്പത്തിക വർഷത്തിൽ തന്നെ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക്ക് കാറും ഇന്ത്യൻ വിപണിയിലെത്തും.
സാധ്യതകൾ ഇങ്ങനെ
കമ്പനിയുടെ പ്രീമിയം ഔട്ട് ലെറ്റായ നെക്സ വഴി ആദ്യ ഇലക്ട്രിക് മോഡലായ ഇവി എക്സ് (e wx) വിപണിയിലെത്തിക്കുമെന്നാണ് കരുതുന്നത്. 550കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന വാഹനം മെയിഡ് ഇൻ ഇന്ത്യ ഉത്പന്നമായി നിർമിച്ച് വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യും. 2023 ടോക്കിയോ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച മോഡലിന്റെ പ്രൊഡക്ഷൻ പതിപ്പാകും ഇത്. ടാറ്റ ടിയാഗോ ആയിരിക്കും വിപണിയിലെ പ്രധാന എതിരാളി. ഇതിനു പുറമെ ടൊയോട്ടയുടെ 40 പി എൽ ഗ്ലോബൽ പ്ലാറ്റ്ഫോമിൽ ക്രെറ്റയുമായി മത്സരിക്കാൻ ഇലക്ട്രിക് എസ്. യു.വിയും മാരുതിയുടെ ഫാക്ടറിയിൽ നിന്നെത്തും. വില കുറയ്ക്കാൻ ബാറ്ററിയും മറ്റ് അനുബന്ധ ഘടകങ്ങളും പ്രാദേശികമായി നിർമ്മിക്കാനാണ് കമ്പനിയുടെ പദ്ധതി . 2O31 എത്തുന്നതോടെ പ്രതിവർഷം 5 ലക്ഷം ഇലക്ട്രിക്ക് കാറുകൾ വിൽക്കുക എന്നതാണ് മാരുതി സുസുക്കിയുടെ ലക്ഷ്യം.
ബജറ്റ് കാറുകൾ നിറുത്തില്ല
മാരുതി സുസുക്കിയെ സാധാരണക്കാരുടെ ഇടയിൽ ഹിറ്റാക്കിയ ബജറ്റ് - ചെറു കാറുകളുടെ നിർമ്മാണം കൂട്ടാനും കമ്പനി ആലോചിക്കുന്നുണ്ട്. വിപണിയിൽ എസ്‌യുവികൾക്ക് ആവശ്യക്കാർ കൂടുതൽ ഉണ്ടെങ്കിലും സാധാരണക്കാരെയും പുതിയ ഉപയോക്താക്കളെയും ലക്ഷ്യമിട്ട് ബജറ്റിനിണങ്ങുന്ന ചെറിയ കാറുകൾ നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്പനി ചെയർമാൻ സി.ആർ ഭാർഗവ പറഞ്ഞു. ഇതുവഴി കൂടുതൽ ഇന്ത്യക്കാർക്ക് സ്വന്തം വാഹനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമെന്നും കമ്പനി കരുതുന്നു .
Related Articles
Next Story
Videos
Share it