Begin typing your search above and press return to search.
ഒറ്റച്ചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ച്; വരുന്നു മോനേ മാരുതിയുടെ കറണ്ട് വണ്ടി, പക്ഷേ ഒരു ട്വിസ്റ്റുണ്ട്
ഇലക്ട്രിക് കാര്‍ ശ്രേണിയില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കുന്ന ആദ്യ മോഡലിന്റെ നിര്‍മാണം അടുത്ത മാസങ്ങളില്‍ ആരംഭിക്കും. ഹൈബ്രിഡ്-ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍ കമ്പനിക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും കമ്പനി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞു. കമ്പനിയുടെ 43ാമത് വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030ല്‍ കമ്പനി ആറ് ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
മാരുതിയുടെ ഫ്യൂച്ചര്‍ പ്ലാന്‍ ഇങ്ങനെ
2031 ആകുമ്പോള്‍ 7.5-8 ലക്ഷം യൂണിറ്റുകള്‍ വരെ ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. ജൂണില്‍ അവസാനിച്ച ആദ്യ പാദത്തിലെ ആകെ വില്‍പ്പനയുടെ 13.5 ശതമാനവും കയറ്റുമതിയിലാണ് ലഭിച്ചത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനാകുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്. നിലവില്‍ മാരുതിയുടെ ഫ്രോന്‍ക്‌സ് എന്ന എസ്.യു.വി മോഡല്‍ ജപ്പാനിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍ 2030 ആകുമ്പോള്‍ ആകെ ഉത്പാദിപ്പിക്കുന്ന 40 ലക്ഷം യൂണിറ്റില്‍ 20 ശതമാനം വരെ കയറ്റുമതി ചെയ്യുമെന്നാണ് മാരുതി പറയുന്നത്.
അടുത്ത വര്‍ഷം ആദ്യമെത്തും, ട്വിസ്റ്റ് ഇങ്ങനെ
അതേസമയം, മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ അടുത്ത ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. യൂറോപ്യന്‍ വിപണിയിലാകും വാഹനം ആദ്യമെത്തുക. അതിന് ശേഷമാകും ജപ്പാനിലും ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തുക. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ വാഹനം ഇന്ത്യന്‍ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് വിവരം. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങളായിരിക്കും യൂറോപ്പ്, യു.എസ്, ജപ്പാന്‍ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ഏതാണാ വണ്ടി
മിഡ് സൈസ് ഇലക്ട്രിക് എസ്.യു.വി ശ്രേണിയില്‍ ഇ.വിഎക്‌സ് എന്ന മോഡലാകും മാരുതി പുറത്തിറക്കുകയെന്നാണ് വാഹനലോകത്തെ സംസാരം. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന തരത്തിലാകും വാഹനത്തിന്റെ നിര്‍മാണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 60 കിലോവാട്ട് അവര്‍ ശക്തിയുള്ള ബാറ്ററി, സ്പ്ലിറ്റ് എല്‍.ഇ.ഡി ഹെഡ്‌ലാംപ്, വലിയ അലോയ് വീലുകള്‍, സ്‌കൈഫൈ സിനിമകളിലെ വാഹനങ്ങളുടേതിന് സമാനമായ സ്റ്റിയറിംഗ് വീല്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയ നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ടാകും. 20 മുതല്‍ 25 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന വാഹനത്തിന് ഹ്യൂണ്ടായ് ക്രെറ്റ ഇവി, ഹോണ്ട എലവേറ്റ് ഇവി, ടാറ്റ കര്‍വ് ഇവി എന്നിവരാകും എതിരാളികള്‍.
Next Story
Videos