മാരുതിയുടെ ബുക്കിംഗ് 'കുടിശിക' രണ്ടുലക്ഷം കവിഞ്ഞു! കൂടുതലും സി.എന്‍.ജി, മുന്നില്‍ ദാ ഈ മോഡല്‍

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണക്കമ്പനിയായ മാരുതി സുസുക്കി ഉപയോക്താക്കളില്‍ നിന്ന് ബുക്കിംഗ് സ്വീകരിച്ചശേഷം ഇനിയും വിതരണം ചെയ്യാനുള്ളത് (Pending bookings) രണ്ടുലക്ഷം വാഹനങ്ങള്‍. മാര്‍ച്ചുപാദ പ്രവര്‍ത്തനഫല പ്രഖ്യാപനത്തിന് ശേഷം നടന്ന യോഗത്തില്‍ മാരുതിയുടെ ചീഫ് ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ഓഫീസര്‍ രാഹുല്‍ ഭാര്‍തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരി-മാര്‍ച്ചിലെ കണക്കുപ്രകാരം ഇനിയും കൊടുത്തുതീര്‍ക്കാനുള്ള രണ്ടുലക്ഷം വാഹനങ്ങളില്‍ 60,000വും എം.പി.വി മോഡലായ എര്‍ട്ടിഗയാണ്. ആകെ 1.11 ലക്ഷം സി.എന്‍.ജി മോഡലുകളും വിതരണക്കുടിശികയായുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമിന് സമീപമുള്ള മനേസര്‍ പ്ലാന്റില്‍ പുതിയ അസംബ്ലി ലൈന്‍ മാരുതി അടുത്തിടെ സജ്ജമാക്കിയിരുന്നു. പ്രതിവര്‍ഷം ഒരുലക്ഷം വാഹനങ്ങള്‍ ഇവിടെ നിര്‍മ്മിക്കാം. പെൻഡിംഗ് ഓര്‍ഡറുകള്‍ അതിവേഗം തീര്‍ക്കാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
എര്‍ട്ടിഗ സി.എന്‍.ജിക്ക് വന്‍ ഡിമാന്‍ഡ്
മാരുതി സുസുക്കി എര്‍ട്ടിഗ സി.എന്‍.ജി പതിപ്പിന് വിപണിയില്‍ മികച്ച ഡിമാന്‍ഡുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എര്‍ട്ടിഗയുടെ മൊത്തം വില്‍പന ഈവര്‍ഷം 10 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇതിലേറെയും സി.എന്‍.ജി പതിപ്പുകളാണ്.

♦ ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

2019ലാണ് എര്‍ട്ടിഗയുടെ മൊത്തം വില്‍പന അഞ്ചുലക്ഷം കവിഞ്ഞത്. തുടര്‍ന്നുള്ള ഓരോ വര്‍ഷവും ശരാശരി ഒരുലക്ഷം യൂണിറ്റുകളുടെ വീതം വില്‍പന നേടാന്‍ എര്‍ട്ടിഗയ്ക്ക് സാധിച്ചു.
വിപണിയിലെത്തി ഏഴാംവര്‍ഷമാണ് അഞ്ചുലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് എര്‍ട്ടിഗ താണ്ടിയതെങ്കില്‍ അടുത്ത അഞ്ചുലക്ഷം വില്‍പന നേടാന്‍ വേണ്ടിവന്നത് നാല് വര്‍ഷങ്ങള്‍ മാത്രം. ഓരോ മാസവും ശരാശരി 15,000 പുതിയ ഉപയോക്താക്കളെ എര്‍ട്ടിഗ നേടുന്നുണ്ടെന്നും മാരുതി പറയുന്നു. എര്‍ട്ടിഗയുടെ പ്രീ-ഓണ്‍ഡ് സി.എന്‍.ജി പതിപ്പിനും വിപണിയില്‍ സ്വീകാര്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it