'പൊളിക്കല്‍' യൂണിറ്റുകള്‍ സജ്ജമാക്കാനൊരുങ്ങി മാരുതിയും ടാറ്റയും ഉള്‍പ്പെടെയുള്ളവര്‍

രാജ്യത്തെ പ്രധാന വാഹന നിര്‍മാതാക്കളില്‍ പലരും വാഹന നിര്‍മാണത്തിനു പുറമെ 'പൊളിക്കല്‍' (സ്‌ക്രാപ്പിംഗ്) യൂണിറ്റുകള്‍ കൂടി സജ്ജമാക്കാനൊരുങ്ങുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് മാരുതി സുസുക്കി, ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര വാഹന നിര്‍മാതാക്കള്‍ പൊതു-സ്വകാര്യ പങ്കാളിത്ത മോഡില്‍ വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.

2023 മാര്‍ച്ചോടെ രാജ്യത്ത് ഇത്തരം 50 യൂണിറ്റുകളോളം ഏര്‍പ്പെടുത്താന്‍ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ലക്ഷ്യമിടുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനു പിന്നാലെയാണിത്. സ്‌ക്രാപ്പിംഗ് യൂണിറ്റുകള്‍ക്കായുള്ള പിപിപി ടെണ്ടറുകള്‍ ഇവര്‍ ഏറ്റെടുത്തേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഗവണ്‍മെന്റ് സ്ഥലം പാട്ടത്തിന് നല്‍കുന്നതുവഴിയാകും പങ്കാളിയാകുക എന്നും സ്‌ക്രാപ്പേജ് യൂണിറ്റുകളില്‍ ഓഹരി പങ്കാളിത്തമുള്‍പ്പെടെയുള്ള മറ്റ് രീതിയിലുള്ള യാതൊരു പങ്കാളിത്തവും ഉണ്ടായിരിക്കില്ലെന്നുമാണ് അറിയുന്നത്.

നിലവില്‍ നോയ്ഡയിലും ചെന്നൈയിലും മഹീന്ദ്ര ഗ്രൂപ്പിന് കീഴില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് സ്‌ക്രാപ്പേജ് സെന്ററുകള്‍ ഉണ്ട്.

റീസൈക്കിള്‍ ചെയ്യാവുന്ന ഓട്ടോമൊബൈല്‍ പാര്‍ട്‌സുകള്‍ തിരിച്ചെടുക്കല്‍ സ്‌കീം വഴിയോ അവരവരുടേതായ സ്‌ക്രാപ്പിംഗ് സെന്ററുകള്‍ സജ്ജമാക്കിയോ ഓട്ടോ മാനുഫാക്ചറേഴ്‌സിന് തിരികെ എടുക്കാം. ടെണ്ടര്‍ പ്രക്രിയയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരുകളെ ബന്ധിപ്പിക്കും. അത്തരം കേന്ദ്രങ്ങള്‍ക്ക് പ്രാദേശിക സര്‍ക്കാരുകളുടെ വലിയ ഭൂപ്രദേശങ്ങള്‍ ആവശ്യമാണെന്നതിനാലാണിതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട് .
എച്ച്ഡിഎഫ്‌സി ബാങ്ക് അടുത്തിടെ നടത്തിയ പഠനമനുസരിച്ച് വെഹിക്കിള്‍ സ്‌ക്രാപ്പേജിലുള്‍പ്പെടുന്ന പൊളിക്കല്‍- റീസൈക്കിള്‍ ബിസിനസ് ആറ് ബില്യണ്‍ ഡോളറിന്റേതായിരിക്കുമെന്നാണ്. കൂടാതെ നല്ലയിനം സ്റ്റീലുരുക്കിലുള്ള അനുബന്ധ ഭാഗങ്ങള്‍ വീണ്ടും ഉരുക്കി ഉപയോഗിക്കുന്നത് വഴി രാജ്യത്തെ കാര്‍ നിര്‍മാതാക്കള്‍ക്ക് 20-40 ശതമാനം വരെ ചെലവ് ചുരുക്കാമെന്നും ഒരു വാഹന നിര്‍മാണ വ്യവസായി ചൂണ്ടിക്കാട്ടുന്നു.
സ്റ്റീല്‍, അലൂമിനിയം തുടങ്ങി ഉപയോഗിക്കാവുന്ന എടുത്ത് ബാക്കി ഉപയോഗ ശൂന്യമായ വസ്തുക്കള്‍ പൂര്‍ണമായും ഇല്ലാതാക്കേണ്ടതും സ്‌ക്രാപ്പിംഗ് കേന്ദ്രങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തത്തിലായിരിക്കും. 2019 ല്‍ പ്രഖ്യാപിച്ചത് പോലെ കോര്‍പ്പറേറ്റ് ടാക്‌സ് ഇളവുകള്‍ ഈ കേന്ദ്രങ്ങള്‍ക്ക് ലഭിക്കുന്നതാണ്. എന്നാല്‍ സ്‌ക്രാപ്പേജ് ഉപകരണങ്ങള്‍ വിദേശത്തുനിന്നും എത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it