സിഎന്‍ജി കാറുകളില്‍ ശ്രദ്ധിച്ച് മാരുതി പെട്രോള്‍ കാറുകളും നിര്‍ത്തലാക്കുമോ?

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കാളായ മാരുതി സുസുക്കി സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പനയില്‍ 2021-22 സാമ്പത്തിക വര്‍ഷം 59 ശതമാനം വര്‍ദ്ധന ലക്ഷ്യമിടുന്നു. പെട്രോള്‍, ഡീസില്‍ എന്നിവയുടെ ക്രമാതീതമായ വില വര്‍ദ്ധനയും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള പ്രേരണയും കണക്കിലെടുത്താണ് സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധന വരുത്താനുളള മാരുതിയുടെ തീരുമാനം.

ഏപ്രിലില്‍ തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തില്‍ 250,000-257,000 സിഎന്‍ജി വാഹനങ്ങള്‍ വില്‍ക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 2020-21-ല്‍ 157,000 സിന്‍ജി വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്. സിഎന്‍ജി അടിസ്ഥാനമാക്കിയുള്ള എട്ടു മോഡലുകളാണ് ഇപ്പോള്‍ കമ്പനിക്ക് ഉള്ളതെന്നും അവയുടെ എണ്ണം ഉയര്‍ത്തുമെന്നും മാരുതിയുടെ സെയില്‍സ്-മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സിഎന്‍ജി ഇന്ധനത്തെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ആലോചനയും സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി വിപണിയില്‍ എത്തിക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ പ്രോത്സഹിപ്പിക്കുന്നതാണ്. സിഎന്‍ജി ഇന്ധനം ചരക്കുസേവന നികുതിയുടെ പരിധിയില്‍ വരുന്ന പക്ഷം ഇന്ധനത്തിന്റെ നികുതിഭാരം ഗണ്യമായി കുറയ്ക്കുമെന്നും അത് വാഹനത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുമെന്നും കമ്പനി കണക്ക് കൂട്ടുന്നു.
ഡീസല്‍ കാറുകളുടെ വില്‍പ്പന കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഏതാണ്ട് നിര്‍ത്തലാക്കിയ മാരുതിയുടെ മാതൃസ്ഥാപനമായ സുസുക്കി മോട്ടോര്‍ കമ്പനി സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ അഞ്ചു വര്‍ഷമായി നിരന്തരം പ്രോത്സാഹിപ്പിക്കുകയാണ്. 2020 ഏപ്രില്‍ മുതല്‍ 2021 ജനുവരിയുള്ള കാലയളവില്‍ സിഎന്‍ജി കാറുകളുടെ വില്‍പ്പനയില്‍ മാരുതി 28 ശതമാനം വളര്‍ച്ച നേടിയതായി ശ്രീവാസ്തവ വെളിപ്പെടുത്തി.
കാറുകളുടെ മൊത്ത വിപണിയുടെ വളര്‍ച്ചയില്‍ 16 ശതമാനം ഇടിവ് രേഖപ്പെടുത്തിയ കാലയളവിലാണ് സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പനയില്‍ വളര്‍ച്ച ഉണ്ടായതെന്ന കാര്യം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു- അദ്ദേഹം പറയുന്നു. സിഎന്‍ജി നിറക്കാനുള്ള പമ്പിംഗ് സ്റ്റേഷനുകളുടെ ശൃംഖലയുടെ വ്യാപനവും, കൂടുതല്‍ മോഡലുകളുടെ ലഭ്യതയും ഇത്തരം വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ത്തുന്നതിന് സഹായിക്കുമെന്ന് കണക്കാക്കപ്പെടുന്നു. നഗരങ്ങളില്‍ ടാക്സി സര്‍വീസ് നടത്തുന്ന വാഹനങ്ങളാണ് ഇപ്പോള്‍ പ്രധാനമായും സിഎന്‍ജി കാറുകള്‍ ഉപയോഗപ്പെടുത്തുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it