വീണ്ടും കുതിപ്പ്; കേരളത്തിലെ വാഹന വിപണിക്ക് മേയില്‍ 29% വളര്‍ച്ച

കാര്‍ മോഡലുകളുടെ വിലക്കയറ്റം, സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതിഭാരം, ഇന്ധനസെസ് വര്‍ദ്ധന തുടങ്ങിയവയെ തുടര്‍ന്ന് ഏപ്രിലില്‍ വന്‍തിരിച്ചടി നേരിട്ട കേരളത്തിന്റെ റീട്ടെയ്ല്‍ വാഹനവിപണി മേയില്‍ മികച്ച നേട്ടത്തിലേക്ക് തിരിച്ചുകയറി. പരിവാഹന്‍ പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാരം എല്ലാവിഭാഗം ശ്രേണികളിലുമായി കഴിഞ്ഞമാസം പുതുതായി കേരളത്തിന്റെ നിരത്തിലെത്തിയത് 60,226 വാഹനങ്ങളാണ്. ഏപ്രിലിലെ 46,685 വാഹനങ്ങളേക്കാള്‍ 29 ശതമാനം അധികമാണിത്.

തിളങ്ങി എല്ലാ വിഭാഗങ്ങളും
ഇരുചക്ര വാഹന വില്‍പന ഏപ്രിലിലെ 32,915 എണ്ണത്തില്‍ നിന്ന് മേയില്‍ 24.77 ശതമാനം ഉയര്‍ന്ന് 41,069ലെത്തി. കാര്‍ വില്‍പനയിലെ വളര്‍ച്ച 52.81 ശതമാനമാണ്. പുതുതായി 13,639 കാറുകളാണ് കഴിഞ്ഞമാസം രജിസ്റ്റര്‍ ചെയ്തത്. ഏപ്രിലില്‍ 8,925 എണ്ണമായിരുന്നു. പാസഞ്ചര്‍ ഓട്ടോറിക്ഷകളുടെ വില്‍പന 1,760ല്‍ നിന്ന് 2,194 എണ്ണമായും വര്‍ദ്ധിച്ചു; നേട്ടം 24.65 ശതമാനം.
ഇലക്ട്രിക് പ്രിയം
കേരളത്തില്‍ ഇലക്ട്രിക് വാഹന ബ്രാന്‍ഡുകള്‍ക്ക് വലിയ സ്വീകാര്യതയുണ്ടെന്ന് പരിവാഹന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയിലെ ഏഥറിന്റെ വില്‍പന ഏപ്രിലിലെ 1,501ല്‍ നിന്നുയര്‍ന്ന് 2,153 എണ്ണമായി. ഓലയുടെ വില്‍പന 2,318ല്‍ നിന്ന് 2,598ലെത്തി. പുതുതായി 95 വാഹനങ്ങളാണ് ഹീറോ ഇലക്ട്രിക് വിറ്റഴിച്ചത്; ഏപ്രിലില്‍ 92 ആയിരുന്നു.
മാരുതിക്ക് നേട്ടം, ടാറ്റയ്ക്ക് ക്ഷീണം
മാരുതിയുടെ കേരളത്തിലെ റീട്ടെയ്ല്‍ വില്‍പന കഴിഞ്ഞമാസം ഏപ്രിലിലെ 3,972ല്‍ നിന്നുയര്‍ന്ന് 6,754 എണ്ണമായെന്ന് പരിവാഹന്‍ കണക്കുകള്‍ പറയുന്നു. ഹ്യുണ്ടായ് 938ല്‍ നിന്ന് 1,410ലേക്ക് വില്‍പന ഉയര്‍ത്തി. നിസാന്‍, റെനോ, സ്‌കോഡ, ടൊയോട്ട, കിയ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹോണ്ട കാര്‍സ് എന്നിവയും ഭേദപ്പെട്ട വില്‍പന കാഴ്ചവച്ചു. ടാറ്റാ മോട്ടോഴ്‌സിന്റെ വില്‍പന 1,421ല്‍ നിന്ന് 1,332 എണ്ണമായി കുറഞ്ഞു.
ഇരുചക്ര വാഹന ശ്രേണിയില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പന 3,144ല്‍ നിന്ന് 3,838ലെത്തി. 8,056ല്‍ നിന്ന് ഹോണ്ട ടൂവീലര്‍ കമ്പനി 9,226ലേക്ക് വില്‍പന ഉയര്‍ത്തി. ടി.വി.സിന്റെ വില്‍പന കൂടിയത് 6,642ല്‍ നിന്ന് 8,558ലേക്ക്. റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞമാസം 4,030 പുതിയ ഉപഭോക്താക്കളെ നേടി; ഏപ്രിലില്‍ 3,548 ആയിരുന്നു.
ദേശീയതലത്തിലും മികച്ച ഉണര്‍വ്
ദേശീയതലത്തിലും റീട്ടെയ്ല്‍ വില്‍പനയില്‍ കഴിഞ്ഞമാസം മികച്ച വളര്‍ച്ചയുണ്ടായി. എല്ലാ ശ്രേണികളിലുമായി 20.19 ലക്ഷം പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (ഫാഡ) വ്യക്തമാക്കി. ഏപ്രിലിലെ 17.24 ലക്ഷത്തേക്കാള്‍ 17.07 ശതമാനമാണ് വര്‍ദ്ധന.
ഇരുചക്ര വാഹന വില്‍പന 12.29 ലക്ഷത്തില്‍ നിന്ന് 14.93 ലക്ഷത്തിലേക്കും കാര്‍ വില്‍പന 2.82 ലക്ഷത്തില്‍ നിന്ന് 2.98 ലക്ഷത്തിലേക്കും ഉയര്‍ന്നു. 70,928ല്‍ നിന്ന് മുച്ചക്ര വാഹന വില്‍പന 79,433 ആയി മെച്ചപ്പെട്ടു. ട്രാക്ടറുകളുടെ വില്‍പന 55,835ല്‍ നിന്നുയര്‍ന്ന് 70,739 എണ്ണമായി. അതേസമയം, വാണിജ്യ വാഹനവില്‍പന 85,587ല്‍ നിന്ന് 77,135 ആയി കുറഞ്ഞുവെന്നും ഫാഡ വ്യക്തമാക്കി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it