ബെന്‍സിന്റെ പുതിയമുഖം: ഇലക്ട്രിക് ലക്ഷ്വറിയില്‍ ഇനി ഇക്യുഎസ് യാത്ര

നമ്മള്‍ എല്ലാവരും കണ്ണംപൂട്ടി സ്വീകരിച്ചിരിക്കുന്ന വാസ്തവമാണ് ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ളതാണ് എന്ന്. അത് എത്രത്തോളം വേഗത്തില്‍, എന്തൊക്കെ വിപ്ലവം സൃഷ്ടിച്ചിട്ടാകും വരികയെന്ന് ഇപ്പോഴും ഒരു ചര്‍ച്ചാവിഷയമാണ്. ടെസ്ല ഇന്ത്യയില്‍ വരുന്നു എന്നു കേട്ടപ്പോള്‍ തന്നെ ഇന്ത്യയും ഒരു വികസിത രാജ്യത്തിന്റെ പട്ടികയില്‍ കയറിയെന്നെല്ലാം മനസില്‍ കരുതി ചെറുതായി അഹങ്കരിക്കുകയും ചെയ്തവരാണ് നമ്മള്‍. പക്ഷേ, ടെസ്‌ല പിന്‍വാങ്ങുകയും ചെയ്തു. ഇലോണ്‍ മസ്‌ക് കൈവിട്ടെങ്കിലും ഇന്ത്യക്കാര്‍ക്ക് അഹങ്കരിക്കാന്‍ ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സിന്റെ ഇന്ത്യന്‍ നിര്‍മിത ആഡംബര കാറുണ്ട് .

മലയാളികള്‍ക്ക് മാത്രമല്ല, ഇന്ത്യയില്‍ മൊത്തത്തില്‍ തന്നെ ബെന്‍സ് എന്നാല്‍ അതൊരു വികാരവും വിജയ ചിഹ്നവും ആഢ്യത്വവും എല്ലാമാണ്. അങ്ങനെയുള്ള മെഴ്സിഡിസിന്റെ ഏറ്റവും ആഡംബരപൂര്‍വമായ ഇലക്ട്രിക് കാറായ ഇക്യുഎസ് കഴിഞ്ഞ ഓഗസ്റ്റ് 24ന് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതേ ഇക്യുഎസിന്റെ രണ്ട് മോഡലുകളാണ് കഴിഞ്ഞ ജൂണിലും ജൂലൈയിലുമായി ജര്‍മനിയില്‍ വെച്ച് ഞാന്‍ ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നത്. ഇതില്‍ ഞാന്‍ ആദ്യം നടത്തിയ യാത്രയില്‍ ബെന്‍സിന്റെ ആസ്ഥാനമായ സ്റ്റുട്ട്ഗാര്‍ട്ടില്‍ നിന്ന് ഓസ്ട്രിയയിലെ ഗ്രോസ്‌ഗ്ലോക്ക്‌നര്‍ മലമുകളിലേക്ക് നടത്തിയ 1400 കിലോമീറ്ററോളം ഉള്ള അനുഭവമാണ് ഇവിടെ പങ്കുവെക്കുന്നത്.
രൂപം മാറ്റി, തലയെടുപ്പ് കുറയ്ക്കാതെ
മെഴ്സിഡിസ് ഒരു ഇലക്ട്രിക് കാര്‍ നിര്‍മിക്കുമ്പോള്‍ അത് അവരുടെ മുഖമുദ്രയ്ക്ക് അനുയോജ്യമായിട്ടാവണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട് . ആഡംബരത്തിന്റെ അവസാനവാക്കായ എസ്-ക്ലാസ് തന്നെയാണ് മെഴ്സിഡിസിനെ പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരിക. തങ്ങളുടെ പുതിയ ഇലക്ട്രിക് പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ഇക്യുഎസിന്റെ എഎംജി പതിപ്പായ 'ഇക്യുഎസ് 53' ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചതും ഞങ്ങള്‍ ആദ്യമായി ഓടിച്ചതും. ഇതിനു പുറമെ, 'ഇക്യുഎസ് 580' എന്ന മോഡല്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്നാണ് കമ്പനി വക്താക്കള്‍ അറിയിക്കുന്നത്. ഒറ്റ ചാര്‍ജ്ജില്‍ തന്നെ 780 കിലോമീറ്റര്‍ ലഭിക്കുന്ന, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേഞ്ച് ലഭിക്കുന്ന ആഡംബര ഇലക്ട്രിക് കാറാണിത്.
വളരെ ആഢ്യത്വവും ഇന്നുവരെ ഒരു ബെന്‍സിലും കാണാത്ത തരത്തിലുള്ള രൂപകല്‍പ്പനയുമാണ് ഇക്യുഎസിന് നല്‍കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും എയറൊഡൈനാമിക്കായിട്ട് നിര്‍മിക്കുന്ന കാറുമാണിത്. അതുകൊണ്ടു തന്നെ സാധാരണയില്‍ നിന്ന് വ്യത്യസ്തമായ രൂപം ഇക്യുഎസിനുള്ളത്. എസ്-ക്ലാസ് പോലെ ഏവര്‍ക്കും ഇഷ്ടമുള്ള രൂപമല്ല ഇക്യുഎസിന്റേത്. ഒറ്റ വില്ല് അഥവാ സിംഗിള്‍ ബൊ ഡിസൈനാണ് ഇതിലുള്ളത്. പുതിയ ഗ്രില്ലില്ലാമുഖവും 13 ലക്ഷം മിറര്‍ പിക്സലുള്ള എല്‍ഇഡി ഹെഡ്ലൈറ്റും വ്യത്യസ്തമായ ഗ്രാഫിക്സുള്ള ടെയില്‍ ലൈറ്റുമാണ് നല്‍കിയിട്ടുള്ളത്. വശങ്ങളില്‍ ലൈനുകളൊന്നും ഇല്ലാത്ത തരത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. 20 ഇഞ്ച് അലോയ് വീലാണ് ഇതില്‍ വരുന്നത്. അതും എയറൊഡൈനാമിക് കണക്കിലെടുത്തിട്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
ഇന്റീരിയര്‍ സൗകര്യങ്ങള്‍
ഉള്‍വശത്തിലാണ് ഇക്യുഎസിന്റെ മറ്റൊരു സര്‍പ്രൈസ്; കാറിന്റെ ഒട്ടുമിക്ക ക്രമീകരണങ്ങള്‍ക്കുമായി ഉപയോഗിക്കാവുന്ന 12.3 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയോടു കൂടിയുള്ള 56 ഇഞ്ച് എംബിയുഎക്‌സ് ഹൈപ്പര്‍സ്‌ക്രീന്‍. ആഡംബരത്തിന്റെ പുതിയൊരു മുഖമുദ്രയാണ് ഇത്.
മുന്‍സീറ്റുകള്‍ എസ്-ക്ലാസില്‍ ഉള്ളതുപോലെ തന്നെ വളരെ കംഫര്‍ട്ടബിള്‍ ആണ്. ഇതില്‍ മസാജ്, കൂളിംഗ്, ഹീറ്റിംഗ് സൗകര്യങ്ങളുണ്ട്. ഇതിന് പുറമെ എസില്‍ വന്നിട്ടുള്ള ഫെതര്‍ കുഷ്യനാണ് ഹെഡ്റെസ്റ്റില്‍ കൊടുത്തിരിക്കുന്നത്. പിന്‍സീറ്റും വളരെ സുഖപ്രദമായി യാത്ര ചെയ്യാവുന്നതാണ്. ആവശ്യമുണ്ടെങ്കിൽ പിന്നില്‍ റിയര്‍ ഇന്‍ഫൊടെയ്ന്‍മെന്റ് വെക്കാവുന്നതാണ്. എന്നാല്‍ എസ്-ക്ലാസില്‍ ഉള്ളതു പോലെയുള്ള റിക്ലൈനിംഗൊന്നും വരുന്നില്ല. പിന്‍സീറ്റ് യാത്രയ്ക്കല്ല, സ്വയം ഓടിക്കുന്നവര്‍ക്കാണ് ഈ കാര്‍ ബെസ്റ്റ്.
സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല ഇന്ത്യയില്‍ ഏറ്റവും അധികം റേഞ്ചുള്ള ഇലക്ട്രിക് വാഹനമാണ് ഇക്യുഎസ് 580 എന്ന മോഡല്‍, 770 കിലോമീറ്റര്‍ ആണ് ഒറ്റ ചാര്‍ജിലെ റേഞ്ച്. ഇക്യുഎസ് 53ന് 586 കിലോമീറ്റര്‍ ആണ് റേഞ്ച് പറയുന്നത്.
എനിക്ക് 525 റിയല്‍ ലൈഫ് റേഞ്ച് ലഭിക്കുകയും ചെയ്തിട്ടുണ്ട് . അത് വെച്ച് നോക്കുകയാണെങ്കില്‍ 80-85 ശതമാനം വരെ റേഞ്ച് ലഭിക്കുമെന്നു വേണം കരുതാന്‍. 108 കിലോ വാട്ടിന്റെ ബാറ്ററി പാക്കാണ് ഇതില്‍ വരുന്നത്. ഇക്യുഎസ് 580 യുടെ കരുത്ത് 516 എച്ച്പിയും 856 എന്‍എം ടോര്‍ക്കുമാണ്. എന്നാല്‍ ഇക്യുഎസ് (EQS) 53 യുടെ കരുത്ത് 761 എച്ച്പിയും 1020 എന്‍എം ടോര്‍ക്കുമാണ്. ഇരട്ട മോട്ടോറുകള്‍ മുന്‍-പിന്‍വശത്തായതുകൊ
ണ്ട്
തന്നെ 4വീല്‍ ഡ്രിവണാണ്.
എസ്-ക്ലാസിന്റെ മറ്റു രണ്ട് സവിശേഷതകളായ യാത്രാസുഖവും സുരക്ഷിതത്വവും അതുപോലെ തന്നെ ഈ മോഡലുകളിലും ലഭിക്കുന്നുണ്ട്. എയര്‍ സസ്പെന്‍ഷന്‍, മികച്ച ശബ്ദ ക്രമീകരണം, സ്പീഡ് സെന്‍സിംഗ് സ്റ്റിയറിംഗ് എന്നിവ യാത്രാ സുഖവും ഡ്രൈവിംഗ് സുഖവും വര്‍ധിപ്പിക്കുന്നു. ഓടിക്കാനാണെങ്കിലും നല്ല ആസ്വദനീയമാണ്. ഒന്‍പത് എയര്‍ബാഗുകളും ഉറച്ച നിര്‍മാണവും ഉള്‍പ്പെടെ എല്ലാവിധ സുരക്ഷാ കവചങ്ങളും ഇക്യുഎസില്‍ നല്‍കാന്‍ മെഴ്സിഡിസ് മറന്നിട്ടില്ല. ഇന്ത്യയില്‍ ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന ഓട്ടോണമസ് സംവിധാനങ്ങളുള്ള കാറുകളില്‍ ഒന്നാണ് ഇക്യുഎസ്.
2.45 കോടി രൂപയ്ക്കാണ് ഇക്യുഎസ് 53 ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇക്യുഎസ് 580 വന്നാല്‍ അത് എസ്-ക്ലാസിന്റെ വിലയില്‍ വില്‍ക്കപ്പെടുമെന്നാണ് കരുതുന്നത്. ഏകദേശം 1.70 കോടി രൂപ.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel


Related Articles
Next Story
Videos
Share it