ഓട്ടോമൊബൈല്‍ രംഗത്ത് ട്രെന്‍ഡ് സെറ്ററാകാന്‍ മെഴ്‌സിഡസ് ബെന്‍സ്; ഉപഭോക്താക്കള്‍ക്ക് ഇനി കാറുകള്‍ നേരിട്ട് വാങ്ങാം

റീറ്റെയ്ല്‍ ഓഫ് ദി ഫ്യൂച്ചര്‍ (ROTF) എന്ന പുതിയ 'ഡയറക്റ്റ് ടു കസ്റ്റമര്‍' വില്‍പ്പന മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് മെഴ്സിഡസ് ബെന്‍സ് പ്രഖ്യാപിച്ചു. ഈ പുതിയ സെയില്‍സ് മോഡലിലൂടെ മെഴ്സിഡസ് അതിന്റെ കാറുകളുടെ മുഴുവന്‍ സ്റ്റോക്കും ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍പ്പന നടത്തും. ഡീലര്‍മാരിലൂടെ കാറുകള്‍ വാങ്ങാന്‍ അവസരമുള്ളപ്പോഴും വില്‍പ്പന നടത്തുക കമ്പനി നേരിട്ടായിരിക്കും. ഇതോടെ മെഴ്‌സിഡസ് കാറുകള്‍ വിവിധ ഷോറൂമുകളിലൂടെയും ഓണ്‍ലൈന്‍ സെയില്‍സ് പോര്‍ട്ടലിലൂടെയും ഉപഭോക്താവിന് നേരിട്ട് തന്നെ വാങ്ങാനാകും.

സിംപിളായി പറഞ്ഞാല്‍ നിര്‍മാതാവും ഉപഭോക്താക്കളും തമ്മിലുള്ള സുതാര്യത വര്‍ധിപ്പിക്കുന്നതിനും മെഴ്സിഡസ് ബെന്‍സിന്റെ ഫ്രാഞ്ചൈസി പങ്കാളികളെ സഹായിക്കുന്നതിനും ഈ പുതിയ മോഡല്‍ ലക്ഷ്യമിടുന്നു. ആര്‍ഓടിഎഫ് പദ്ധതി നടപ്പാകുമ്പോള്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ മാറ്റം അവര്‍ മെഴ്സിഡസ് ബെന്‍സില്‍ നിന്ന് നേരിട്ട് തന്നെ കാര്‍ വാങ്ങുമെന്നതാണ്. അതായത് ബെന്‍സ് കാറുകള്‍ മെഴ്‌സിഡസ് ബെന്‍സിന്റെ പേരില്‍ തന്നെ നേരിട്ട് ഇന്‍വോയ്‌സ് ചെയ്യപ്പെടും. ഇന്ത്യയിലുടനീളമുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും ഒരേ വിലയില്‍ കാറുകള്‍ ലഭ്യമാകുകയും ചെയ്യും.
ഡീലര്‍മാരുമായി ഡിസ്‌കൗണ്ടിന്റെയോ അധിക ചാര്‍ജുകളുടെയോ വിലപേശലുകളും ആവശ്യമായി വരില്ല. ഡീലര്‍മാര്‍ വാങ്ങി വച്ചിരിക്കുന്ന പരിമിതമായ കാറുകളില്‍ നിന്നും തെരഞ്ഞെടുക്കുന്നതിനു പകരം റീറ്റെയ്ല്‍ ആയി നേരിട്ടും ഓണ്‍ലൈനിലൂടെയും വിവിധ മോഡലുകളും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. പുതിയ കാറുകളുടെ വില്‍പ്പനയില്‍ മാത്രമായിരിക്കും ഈ മോഡല്‍ പ്രാവര്‍ത്തികമാക്കുക.
ഡീലര്‍മാര്‍ക്കും നേട്ടമാകും
ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ ഡീലര്‍മാര്‍ക്ക് ഇന്‍വെന്ററി ഇല്ലാതാക്കാനും റിസ്‌ക് കുറയ്ക്കാനും കൂടി ബെന്‍സ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നു. ഡീലര്‍മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം അവര്‍ക്ക് കാറുകള്‍ വാങ്ങാനും സ്റ്റോക്ക് ചെയ്യാനും ഇനി സാമ്പത്തികമായുള്ള തലവേദന കാണില്ല എന്നതാണ്. അതേസമയം തന്നെ ഉപയോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന മോഡലുകളും സവിശേഷതകളും വാഗ്ദാനം ചെയ്യാനും കഴിയും. വില്‍പ്പനയിലെ റോള്‍ കുറഞ്ഞെങ്കിലും മാര്‍ക്കറ്റിംഗ്, വില്‍പ്പനാനന്തര സേവനം, പേപ്പര്‍ വര്‍ക്കുകള്‍, ബുക്കിംഗ് കാര്യങ്ങള്‍ എന്നിവയിലെല്ലാം ഡീലര്‍മാര്‍ ഇടപെടണം. 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തോടെ ഇന്ത്യയിലാകെ പദ്ധതി നടപ്പാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it