

വിപണിയിലെ അനിശ്ചിതത്വങ്ങളും ഉപയോക്താക്കളുടെ ആശയക്കുഴപ്പവും ഇക്കൊല്ലത്തെ ലക്ഷ്വറി കാര്‍ കച്ചവടത്തെ ബാധിക്കുമെന്ന് ജര്‍മന്‍ ബ്രാന്‍ഡായ മെഴ്‌സിഡസ് ബെന്‍സ്. ജി.എസ്.ടി പരിഷ്‌ക്കാരം അടക്കമുള്ള ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇക്കുറി വില്‍പ്പന വളര്‍ച്ചാ നിരക്ക് കുറയുമെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ വൈസ് പ്രസിഡന്റ് ബ്രെന്‍ഡന്‍ സിസിംഗ് പറഞ്ഞു. ഇത്തരം ഘടകങ്ങള്‍ ഉപയോക്താക്കളുടെ വാങ്ങല്‍ തീരുമാനത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ വില്‍പ്പനയെങ്കിലും നേടാനായാല്‍ മികച്ചതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഡംബര വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) 19,565 വാഹനങ്ങളാണ് ബെന്‍സ് മാത്രം വിറ്റത്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനം വളര്‍ച്ച നേടാനും കമ്പനിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് വില്‍പ്പന കണക്കുകള്‍ താഴേക്കായി. 1994ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ മെഴ്‌സിഡസ് ബെന്‍സ് 2013വരെ അരലക്ഷം വാഹനങ്ങളാണ് വിറ്റത്. എന്നാല്‍ 2014 മുതല്‍ 2024വരെയുള്ള കാലയളവിലെ വില്‍പ്പന 1.5 ലക്ഷം കടന്നതായും കമ്പനി കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം മെഴ്‌സിഡസ് ബെന്‍സ് 14 മോഡലുകളാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചത്. ഇക്കൊല്ലത്തെ എട്ടാമത്തെ മോഡലായ എ.എം.ജി സി.എല്‍ഇ 53 4മാറ്റിക്ക്+ കൂപ്പെയും കമ്പനി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 1.3 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. വില്‍പ്പനയിലെ മാന്ദ്യം മറികടക്കാന്‍ ഉപയോക്താക്കളെ തേടി മെഴ്‌സിഡസ് ബെന്‍സ് ഗ്രൗണ്ട് ലെവലില്‍ പ്രചാരണം നടത്താനുള്ള ഒരുക്കത്തിലാണ്. ഒക്ടോബര്‍ മുതല്‍ ഇതിനായി ഡ്രീം ഡെയ്‌സ് ഫെസ്റ്റിവല്‍ നടത്തും. ഇതില്‍ കമ്പനിയുടെ എല്ലാ ശ്രേണിയിലുള്ള മോഡലുകളും അണിനിരത്തുമെന്നും ബെന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
35-40 വയസിനുള്ളിലുള്ള ആളുകളാണ് ഇന്ത്യയില്‍ കൂടുതലായും ബെന്‍സ് കാറുകള്‍ വാങ്ങുന്നതെന്നും കമ്പനി അധികൃതര്‍ പറയുന്നു. ബഹുരാഷ്ട്ര കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥര്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ എന്നിവരാണ് പ്രധാനമായും ഉപയോക്താക്കള്‍. ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (BEV) ഡിമാന്‍ഡ് കൂടുന്നതായും ബെന്‍സ് വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ആകെ വില്‍പ്പനയുടെ 4-5 ശതമാനം മാത്രമായിരുന്നു ബി.ഇ.വികള്‍. എന്നാല്‍ ഇക്കൊല്ലം ആകെ വില്‍പ്പനയുടെ 8 ശതമാനമായി ഇത് വര്‍ധിച്ചു.
Luxury carmaker Mercedes-Benz forecasts flat sales growth in India for this fiscal year, citing market challenges despite strong premium demand
Read DhanamOnline in English
Subscribe to Dhanam Magazine