2021 തങ്ങളുടെ വര്‍ഷമാക്കാന്‍ മെഴ്സിഡസ് ബെന്‍സ്: 15 കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

ആറുവര്‍ഷമായി തുടര്‍ച്ചയായി ആഡംബര കാര്‍ വിഭാഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മെഴ്സിഡസ് ബെന്‍സ് 2021 ലും വേഗത കുറയ്ക്കില്ല. 2021 ല്‍ 15 മോഡല്‍ കാറുകളാണ് കമ്പനി ഇന്ത്യയില്‍ പുറത്തിറക്കാന്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം വിപണിയിലെത്താന്‍ ഉദ്ദേശിക്കുന്ന 15 മോഡലുകളില്‍ ചിലത് നിലവിലുള്ള കാറുകളുടെ വകഭേദവും ചിലത് രാജ്യത്തിന് പുതിയതുമായിരിക്കും. എ-ക്ലാസ് ലിമോസിന്‍, പുതിയ ജിഎല്‍എ എന്നിവയില്‍ ആരംഭിച്ച് 2021 ന്റെ രണ്ടാം പാദം മുതല്‍ കൂടുതല്‍ മോഡലുകള്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം കൊവിഡ് മഹാമരി മൂലം വാഹന വിപണി തകര്‍ന്നപ്പോള്‍ മെഴ്സിഡസ് ബെന്‍സ് ഇന്ത്യ കഴിഞ്ഞവര്‍ഷം 10 കാറുകളാണ് വിപണിയിലെത്തിച്ചത്. നാലാം പാദത്തോടെ വില്‍പ്പന വീണ്ടെടുക്കുകയും ചെയ്തു. 2020 ലെ മൊത്തം വില്‍പ്പന 7893 യൂണിറ്റാണ്. ഇത് 2019 ല്‍ വിറ്റ 13,786 യൂണിറ്റിനേക്കാള്‍ 42.7 ശതമാനം കുറവാണ്. എന്നാല്‍ ഈ വര്‍ഷം അവസാന പാദത്തില്‍ 40 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുമാസത്തിനിടെ മെഴ്സിഡസ് 2,886 യൂണിറ്റ് വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷത്തെ മൊത്തം വില്‍പ്പനയുടെ 36 ശതമാനത്തിലധികമാണിത്. സി ക്ലാസ്, ഇ-ക്ലാസ് എല്‍ ഡബ്ല്യു ബി, ജി എല്‍ സി, ജി എല്‍ ഇ, ജി എല്‍ എസ് എന്നിവയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്.
'2020 വ്യവസായത്തിന് അഭൂതപൂര്‍വമായ വര്‍ഷമായി തുടര്‍ന്നു, ഞങ്ങള്‍ക്കും ഞങ്ങളുടെ ഡീലര്‍മാര്‍ക്കും വില്‍പ്പന വീണ്ടെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മൂന്നാം പാദത്തെ അപേക്ഷിച്ച് 40 ശതമാനം വളര്‍ച്ച കൈവരിച്ചതിലും വില്‍പ്പനയുടെ വേഗത തുടരുന്നതിലും ഞങ്ങള്‍ പ്രത്യേകിച്ചും സംതൃപ്തരാണ്' മെഴ്സിഡസ് ബെന്‍സ് ഇന്ത്യയുടെ എം ഡിയും സി ഇ ഒയുമായ മാര്‍ട്ടിന്‍ ഷ്വെങ്ക് പറഞ്ഞു.
''മെഴ്സിഡസ് ബെന്‍സ് ഇന്ത്യ ശുഭാപ്തി വിശ്വാസമുള്ളവരാണ്, ഞങ്ങള്‍ 15 പുതിയതോ പുതുക്കിയതോ ആയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയും ബിസിനസ്സ് ചെയ്യുന്നതിലെ പുതുമകളും ഉപയോഗിച്ച് തിരിച്ചുപിടിക്കും. ഇത് ഉപയോക്താക്കള്‍ക്കും ഞങ്ങളുടെ ഡീലര്‍ പങ്കാളികള്‍ക്കും ആവേശമായി മാറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.' അദ്ദേഹം പറഞ്ഞു.
എ-ക്ലാസ് ലിമോസിന്‍, പുതിയ ജി എല്‍ എ എന്നിവയൊഴികെ 2021 ല്‍ മെഴ്സിഡസ് കൃത്യമായ മോഡലുകളുടെ രൂപരേഖ നല്‍കിയിട്ടില്ല.


Related Articles
Next Story
Videos
Share it