നിങ്ങളറിഞ്ഞോ, മസേഡീസ് ബെന്‍സ് 10 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

ആഗോള ആഡംബര വാഹന നിര്‍മാതാക്കളായ മസേഡീസ് ബെന്‍സ് (Mercedes Benz) 10 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നു. ബ്രേക്കിംഗ് സിസ്റ്റത്തിലെ പ്രശ്നത്തെ തുടര്‍ന്നാണ് ലോകമെമ്പാടുമുള്ള ഒരു ദശലക്ഷത്തോളം പഴയ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതെന്ന് ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (കെബിഎ) അറിയിച്ചു. 2004 നും 2015 നും ഇടയില്‍ നിര്‍മിച്ച എസ്യുവി സീരീസായ എംഎല്‍, ജിഎല്‍, ആര്‍-ക്ലാസ് ലക്ഷ്വറി മിനിവാന്‍ എന്നിവയാണ് തിരിച്ചുവിളിക്കുന്നത്.

'ബ്രേക്ക് ബൂസ്റ്ററിലെ തുരുമ്പ് ബ്രേക്ക് പെഡലും ബ്രേക്കിംഗ് സിസ്റ്റവും തമ്മിലുള്ള ബന്ധം തടസപ്പെടാന്‍ ഇടയാക്കും, ഇതിന്റെ ഫലമായി സര്‍വീസ് ബ്രേക്ക് പ്രവര്‍ത്തനം നിന്നേക്കാം' കെബിഎ പ്രസ്താവനയില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചുവിളിക്കുന്നതില്‍ ഭൂരിഭാഗവും ജര്‍മനിയില്‍നിന്നുള്ള കാറുകളാണ്. ആകെ തിരിച്ചുവിളിക്കുന്ന 993,407 വാഹനങ്ങളില്‍ ഏഴ് ലക്ഷത്തോളം വരുന്നതും ജര്‍മനിയില്‍ നിന്നുള്ളവയാണ്.
വാഹനങ്ങള്‍ ഉടന്‍ തിരിച്ചുവിളിക്കുമെന്നും വാഹന ഉടമകളുമായി ബന്ധപ്പെടുമെന്നും വാഹന നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ, വാഹനങ്ങളിലെ പരിശോധന കഴിയുന്നതുവരെ ഉപഭോക്താക്കളോട് വാഹനം ഓടിക്കരുതെന്ന് ആവശ്യപ്പെടുന്നതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it