ആകാശയാത്രയ്ക്ക് തുല്യമായ ആഡംബരം റോഡിലും, മെഴ്‌സിഡസ്-മേബാക്ക് ജിഎൽഎസ് നിർമ്മാണം ഇനി ഇന്ത്യയിലും

പ്രാദേശികമായി നിർമ്മിക്കുന്നുവെങ്കിലും ആഡംബരത്തിലോ കരുത്തിലോ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും കമ്പനി
Mercedes-Maybach GLS
Image courtesy: mercedes-benz.co.in, Canva
Published on

ഇന്ത്യൻ വാഹന വിപണിക്ക് അഭിമാനകരമായ നേട്ടവുമായി ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ്. അവരുടെ ഏറ്റവും വിലപിടിപ്പുള്ളതും ആഡംബരപൂർണവുമായ മോഡലുകളിലൊന്നായ മെഴ്‌സിഡസ്-മേബാക്ക് ജിഎൽഎസ് 600 (Mercedes-Maybach GLS 600) ഇനി ഇന്ത്യയിൽ നിർമ്മിക്കും. അമേരിക്കയ്ക്ക് പുറത്ത് ഈ വാഹനം പ്രാദേശികമായി നിർമ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ വിപണിയായി ഇതോടെ ഇന്ത്യ മാറി.

ഇന്ത്യയുടെ പ്രാധാന്യം

മെഴ്‌സിഡസ് ബെൻസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഒരു തന്ത്രപ്രധാനമായ വിപണിയാണെന്ന് ഈ തീരുമാനം വ്യക്തമാക്കുന്നത്. പൂനെയിലെ ചാക്കനിലുള്ള അത്യാധുനിക നിർമ്മാണ യൂണിറ്റിലാണ് മേബാക്ക് ജിഎൽഎസിന്റെ അസംബ്ലിംഗ് നടക്കുന്നത്. നേരത്തെ പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ഇന്ത്യയിലെ ആഡംബര വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് കമ്പനി ഈ സുപ്രധാന തീരുമാനമെടുത്തത്.

വിലയിൽ പ്രകടമായ മാറ്റം

പ്രാദേശിക നിർമ്മാണം ആരംഭിച്ചതോടെ വാഹനത്തിന്റെ വിലയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഏകദേശം 3.17 കോടി രൂപ വിലയുണ്ടായിരുന്ന ഈ എസ്‌യുവിക്ക്, പ്രാദേശികമായി അസംബിൾ ചെയ്യുന്നതോടെ ഏകദേശം 2.75 കോടി രൂപ (എക്സ്-ഷോറൂം) ആയി വില കുറയും. 42 ലക്ഷം രൂപയുടെ കുറവാണ് ഇതോടെ ലഭിക്കുക. ഇറക്കുമതി തീരുവയിൽ ലഭിക്കുന്ന ഇളവുകളാണ് ഉപഭോക്താക്കൾക്ക് ഈ വലിയ ലാഭം ഉറപ്പാക്കുന്നത്.

മികച്ച സവിശേഷതകൾ

പ്രാദേശികമായി നിർമ്മിക്കുന്നുവെങ്കിലും ആഡംബരത്തിലോ കരുത്തിലോ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. 4.0 ലിറ്റർ വി8 ബിടർബോ എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 557 എച്ച്പി കരുത്തും 770 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ബിസിനസ് ക്ലാസ് വിമാനങ്ങളോട് കിടപിടിക്കുന്ന അകത്തളം, വെന്റിലേറ്റഡ് മസാജ് സീറ്റുകൾ, അത്യാധുനിക എംബിയുഎക്സ് (MBUX) ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഈ വാഹനത്തെ വേറിട്ടു നിർത്തുന്നു.

ഇന്ത്യൻ വിപണിയിലെ ഹൈ-എൻഡ് കാറുകളുടെ ആവശ്യകത വർദ്ധിക്കുന്ന സാഹചര്യത്തിൽ, മെഴ്‌സിഡസിന്റെ ഈ നീക്കം ആഡംബര വാഹന മേഖലയിൽ വലിയ സ്വാധീനം ചെലുത്തിയേക്കും. 'മേഡ് ഇൻ ഇന്ത്യ' ലേബലിൽ മേബാക്ക് നിരത്തിലെത്തുന്നത് രാജ്യത്തെ വാഹന നിർമ്മാണ രംഗത്തിന മുതൽക്കൂട്ടാവുമെന്നാണ് കരുതുന്നത്.

Mercedes-Maybach GLS to be manufactured in India.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com