മെഴ്‌സിഡിസ്-മെയ്ബാക്ക് എസ്-ക്ലാസ് ആധുനിക ആഡംബരത്തിന്റെ അവസാന വാക്ക്

ആഡംബരം എന്ന വാക്കിന് വ്യത്യസ്ത വ്യഖ്യാനങ്ങളുണ്ട്. എന്നാല്‍ 'മോഡേണ്‍ ലക്ഷ്വറി' എന്നാല്‍ അത് കുറച്ച് വ്യത്യസ്തമാണ്; ആഡംബരവും ടെക്നോളജിയും കൂട്ടിക്കലര്‍ത്തിയിട്ടുള്ള ഒരു പ്രത്യേക മിശ്രണം. ഈ മിശ്രണത്തില്‍ അവതരിപ്പിക്കപ്പെട്ട കാറിന് ഏറ്റവും പുതിയ ഉദാഹരണമാണ് മുമ്പ് (മാര്‍ച്ച് 15 ലക്കം) പരിചയപ്പെടുത്തിയ പുത്തന്‍ മെഴ്‌സിഡിസ്- ബെന്‍സ് എസ്- ക്ലാസ്. 'ദി ബെസ്റ്റ് കാര്‍ ഇന്‍ ദി വേള്‍ഡ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എസ്- ക്ലാസിനെ വീണ്ടും മികച്ചതാക്കിയാല്‍ എങ്ങനെയുണ്ടാകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മെഴ്‌സിഡിസ്- മെയ്ബാക്ക് എസ്- ക്ലാസ്.

'മെയ്ബാക്ക്' എന്ന, മെഴ്‌സിഡിസിന്റെ അത്യാഡംബര ശ്രേണിയില്‍പ്പെടുന്ന വിഭാഗത്തിന്റെ എസ്- ക്ലാസ് രൂപത്തിനെ കുറിച്ച് വിവരിക്കണമെങ്കില്‍ ഈ ലക്കത്തിന്റെ മുഴുവന്‍ പേജുകളും വേണ്ടിവരും. അതുകൊണ്ട് ചുരുങ്ങിയ വാക്കുകളില്‍, ഈ രാജകീയ തേരിനെ സാദാ എസ്- ക്ലാസില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാക്കുന്നുവെന്ന് മാത്രം ഒന്ന് കണ്ണോടിക്കാം.
കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുകള്‍
നീളം കൂടിയ ഒരു എസ്-ക്ലാസ് എന്നാണ് മെയ്ബാക്കിനെ കുറിച്ച് കരുതിയെങ്കില്‍ തെറ്റി. കാഴ്ചയിലും മട്ടിലും ഭാവത്തിലും എല്ലാം എസ്- ക്ലാസിന്റെ ഒരു പടി മുകളില്‍ നില്‍ക്കുന്നവനാണ് ഇവന്‍. തലയെടുപ്പോടെ താന്‍ എത്തി എന്ന് കാണിക്കുന്ന ഭാവം നല്‍കുവാന്‍ വേ
ണ്ടി
യുള്ള തരത്തിലാണ് പുറമെ മോടി പിടിച്ചിരിക്കുന്നത്. മുന്‍വശത്തിലെ റേഡിയേറ്റര്‍ ഗ്രില്ലും, ക്രോം നിറഞ്ഞുനില്‍ക്കുന്ന ബമ്പറുകളും, വശങ്ങളില്‍ നല്‍കിയിട്ടുള്ള ഗ്രീന്‍ ഹൗസിന്റെ ചുറ്റുമായി നല്‍കിയിരിക്കുന്ന കൂടിയ ക്രോമും, 19 ഇഞ്ചിന്റെ പോളിഷ്ഡ് മോണോ ബ്ലോക്ക് വീലുകളും, ആകര്‍ഷണീയമായ നിറങ്ങളും ഈ ലിമോയുടെ മാറ്റ് കൂട്ടുന്നവയാണ്.
മാറ്റ് കൂട്ടുന്ന ടെക്നോളജി
ഉള്‍വശത്തിലും ആഡംബരത്വം വര്‍ധിപ്പിക്കുന്ന ഒട്ടനവധി ഫീച്ചറുകളും വ്യത്യസ്ത ലെതറും ട്രിമ്മും ഉള്‍ക്കൊള്ളിച്ചിട്ടാണ് പുതിയ മെയ്ബാക്ക് വന്നിരിക്കുന്നത്. മെയ്ബാക്ക് എസ്- ക്ലാസ്സിന്റെ ഉടമസ്ഥരില്‍ കൂടുതല്‍ പേരും പിന്‍സീറ്റിലാണ് അധികം സമയം ചെലവഴിക്കുക എന്നത് കൊ
ണ്ടു
തന്നെ, പിന്‍സീറ്റിന്റെ പ്രാധാന്യം ഈ ലക്ഷ്വറി കാറില്‍ വലുതാണ്. അതുകൊണ്ട് ലോകത്തിലെ ഏറ്റവും നിശബ്ദമായ പിന്‍ സീറ്റാണ് മെയ്ബാക്കിനായി അണിയിച്ചൊരുക്കിയിട്ടുള്ളത്. 45 ഡിഗ്രിവരെ റിക്ലൈന്‍ ചെയ്യാവുന്ന പിന്‍സീറ്റും, അതില്‍ വ്യത്യസ്ത ഇനം മസാജുകളും,
4D സൗണ്ട് സിസ്റ്റത്തിന്റെ ആസ്വാദനവും, മികച്ച എന്റര്‍ടെയ്ന്‍മെന്റ് നല്‍കുന്ന സ്‌ക്രീനുകളും, സുരക്ഷയ്ക്കായി എയര്‍ബാഗുകള്‍ക്ക് പുറമെ പിന്‍സീറ്റില്‍ ബെല്‍റ്റ് ബാഗും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നുണ്ട്. കൈകളുടെ ആംഗ്യത്തിലൂടെ ബാക്ക്ഡോര്‍ അടയ്ക്കാനും സണ്‍റൂഫ് തുറക്കാനും, അടയ്ക്കാനും, ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനും, സൈഡ് വ്യൂ മിറര്‍ ക്രമീകരിക്കാനും സാധിക്കുന്ന തരത്തിലാണ് ടെക്നോളജി ഇതില്‍ അത്ഭുതം കാണിച്ചിരിക്കുന്നത്.
ആഡംബരത്വം നിറഞ്ഞ എസ്- ക്ലാസിന്റെ ഉള്‍വശത്തിന്റെ ഒരുപടി ഉയരത്തില്‍ നില്‍ക്കുന്നതാണ് മെയ്ബാക്കിന്റെ എസ്‌ക്ലൂസീവ് ലെതറും, ഡയമണ്ട് സ്റ്റിച്ചും ട്രിമ്മുകളും. അതും മതിവരാത്തവര്‍ക്ക് എസ്- 680 യില്‍ കൂടുതല്‍ കസ്റ്റമൈസ് ചെയ്ത് വിവിധ നിറങ്ങളും വുഡ് ട്രിമ്മുകളും, ഫ്രിഡ്ജ്, ടേബിള്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത ഫീച്ചറുകളും തെരഞ്ഞെടുക്കാവുന്നതാണ്. എസ്- 680 മോഡലില്‍ ഡ്യുവല്‍ ടോണ്‍ പെയ്ന്റും വ്യത്യസ്തവും കൂടുതല്‍ ആകര്‍ഷണീയമായതുമായ വിവിധ വീലുകളും തെരഞ്ഞെടുക്കാവുന്നതാണ്.
വില്‍പ്പന ചൂടപ്പം പോലെ!
മെയ്ബാക്ക് എസ്- 580, എസ്- 680 എന്നിങ്ങനെ ര
ണ്ട്
വ്യത്യസ്ത വേരിയന്റുകളാണ് ഉള്ളത്. ഇതില്‍ എസ്- 580 ഇന്ത്യന്‍ നിര്‍മിത മോഡലും എസ്- 680 ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതുമാണ്.
എസ്- 580 യില്‍ വരുന്നത് 4 ലിറ്റര്‍ ബൈ- ടര്‍ബൊ വി8 പെട്രോള്‍ എന്‍ജിനാണ്. 503 എച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എസ്- 680 ആവട്ടെ, മെഴ്സിഡിസിലെ ഏക 6 ലിറ്റര്‍ ബൈ- ടര്‍ബൊ വി12 എന്‍ജിനുമാണ്. 612 എച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഈ എന്‍ജിനുകള്‍ രണ്ടും 9 സ്പീഡ് ഗിയര്‍ബോക്സും 4 വീല്‍ ഡ്രൈവ് സിസ്റ്റത്തോടുകൂടിയുമാണ് വരുന്നത്.
ഏറ്റവും മികച്ച യാത്രാ സുഖം ആസ്വദിക്കാവുന്ന എയര്‍മാറ്റിക്ക് സസ്പെന്‍ഷനാണ് മെയ്ബാക്ക് എസ്- ക്ലാസില്‍ ഉള്ളത്. ഓട്ടോമേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനവും കൂട്ടിയിണക്കി ഏറ്റവും സുരക്ഷിതമായ കാറായും ഈ ആഡംബര സിഡാനെ ഒരുക്കിയിട്ടുണ്ട്. എസ്- 580ക്ക് 2.50 കോടി രൂപയാണ് വില. എസ്- 680 ക്ക് 3.20 കോടി രൂപയും. ലോഡ് ചെയ്യുന്നതിനനുസരിച്ച് വില മുകളിലേക്ക് ഉയരും.
ഇനിയുള്ള പണക്കാരില്‍ ഭൂരിഭാഗവും 'മോഡേണ്‍ ലക്ഷ്വറി' ആഗ്രഹിക്കുന്നവരാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈപുതിയ മെഴ്‌സിഡിസ് മെയ്ബാക്ക് എസ്- ക്ലാസ്. ഇത്രയും വിലയുണ്ടെങ്കിലും ചൂടപ്പം പോലെയല്ലേ വിറ്റുപോകുന്നത്. എസ്- 680 പൂര്‍ണമായും വിറ്റുകഴിഞ്ഞതായാണ് മെഴ്‌സിഡിസ്- ബെന്‍സ് ഇന്ത്യയുടെ മാനേജ്മെന്റ് അറിയിച്ചത്.


Hani Musthafa
Hani Musthafa  

Related Articles

Next Story

Videos

Share it