എംജി ആസ്റ്റര്‍ 15 ന് പ്രദര്‍ശിപ്പിക്കും, സവിശേഷതകള്‍ അറിയാം

മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലേക്കുള്ള കടന്നുവരവിനൊരുങ്ങി ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ എംജി മോട്ടോഴ്‌സ്. ഈ സെഗ്‌മെന്റിലേക്കുള്ള തങ്ങളുടെ ആദ്യ വാഹനമായ ആസ്റ്റര്‍ ഈ മാസം 15ന് പ്രദര്‍ശിപ്പിക്കും. എംജിയുടെ ഹെക്ടറിന് താഴെയായി എത്തുന്ന ആസ്റ്ററിന് 4.3 മീറ്റര്‍ നീളമാണുണ്ടാവുക.

മറ്റ് ഉല്‍പ്പന്നങ്ങളെപ്പോലെ, പുതിയ സാങ്കേതികവിദ്യയും സവിശേഷതകളോടെയുമായിരിക്കും ആസ്റ്റര്‍ എത്തുക. ഏറ്റവും ശ്രദ്ധേയമായ സവിശേഷത ലെവല്‍ -2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) ഫംഗ്ഷനുകളാണ്. ഇത് അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ് കോളിഷന്‍ മുന്നറിയിപ്പ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ എന്നിങ്ങനെയുള്ള നിരവധി സുരക്ഷാ സവിശേഷതകള്‍ നല്‍കും. ഈ സവിശേഷതകളുള്ള ഇടത്തരം എസ്യുവിയുടെ ആദ്യ മോഡലായിരിക്കും ആസ്റ്റര്‍. കൂടാതെ, ഇന്‍-കാര്‍ കണക്റ്റിവിറ്റി സവിശേഷതകള്‍ക്കായി ജിയോ ഇ-സിം ഉള്ള 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ആസ്റ്ററിന് ലഭിക്കും.
120 എച്ച്പി, 150 എന്‍എം പവറുള്ള 1.5 ലിറ്റര്‍ ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ എംജി ആസ്റ്ററില്‍ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ കരുത്തുറ്റ, 163 എച്ച്പി, 230 എന്‍എം, 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനും ഇതിനൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആസ്റ്ററിനായുള്ള ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ മാനുവലും ഓട്ടോമാറ്റിക്കും ലഭ്യമായേക്കും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്ക്‌സ്, റെനോ ഡസ്റ്റര്‍, സ്‌കോഡ കുഷാക്, വരാനിരിക്കുന്ന ഫോക്സ്വാഗണ്‍ ടൈഗണ്‍ തുടങ്ങിയവയായിരിക്കും ആസ്റ്ററിന്റെ വിപണിയിലെ പ്രധാന എതിരാളികള്‍. എംജി ആസ്റ്ററിന് 10-16 ലക്ഷം രൂപ (എക്‌സ്-ഷോറൂം) യാണ് വില പ്രതീക്ഷിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it