ടാറ്റയുടെ ഇലക്ട്രിക് വണ്ടികള്‍ക്കും ടൊയോട്ട ഫോര്‍ച്യൂണറിനും പണികൊടുക്കാന്‍ എം.ജി മോട്ടര്‍

ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റയെ വെല്ലുവിളിക്കാന്‍ പുതിയ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി എം.ജി മോട്ടര്‍.വാഹന പ്രേമികളുടെ ഇഷ്ട വാഹനങ്ങളിലൊന്നായ ടൊയോട്ട ഫോര്‍ച്ച്യൂണറിന് ഭീഷണിയായി ഗ്ലോസ്റ്ററിന്റെ ഫേസ് ലിഫ്റ്റഡ് മോഡലും ഉടന്‍ തന്നെ എം.ജി പുറത്തിറക്കും. വില്‍പ്പനയില്‍ കുറവുണ്ടെങ്കിലും ഇന്ത്യയിലെ പുതിയ വ്യാപാര പങ്കാളിയായ ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പിന്റെ സഹകരണത്തോടെ പുതിയ നേട്ടങ്ങളിലേക്ക് കുതിക്കാമെന്നാണ് എം.ജിയുടെ കണക്കുകൂട്ടല്‍. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണി പിടിക്കാന്‍ പുതിയ സഹകരണം കൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷ.

കോമറ്റിന്റെ പ്ലാറ്റ്‌ഫോം, പക്ഷേ ഇവന്‍ വേറെ മാതിരി


എം.ജി കോമറ്റിന്റെ ജി.എസ്.ഇ.വി (ഗ്ലോബല്‍ സ്മാര്‍ട്ട് ഇലക്ട്രിക് വെഹിക്കിള്‍ ) ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് ബിംഗോയുമെത്തുന്നത്. എന്നാലും ലക്ഷണമൊത്ത ഹാച്ച് ബാക്കിന്റെ രൂപത്തിലാണ് ബിംഗോയുടെ ഡിസൈന്‍. നാല് മീറ്ററില്‍ താഴെ മാത്രമാണ് നീളമെങ്കിലും വിപണിയിലെ മുഖ്യശത്രുവായ ടാറ്റ ടിയാഗോയേക്കാള്‍ നീളത്തിലും വീതിയിലും കുറച്ച് മുന്നിലുമാണ്. 2560 എം.എം വീല്‍ബേസും 790 ലിറ്ററിന്റെ ബൂട്ട് സ്പേസുമുണ്ട്.

പ്രീമിയം ലുക്കുള്ള ഇന്റീരിയര്‍


ഇന്റീരിയര്‍ ഡിസൈനിലെ ചില ഘടകങ്ങള്‍ കോമറ്റുമായി സാമ്യമുള്ളതാണ്. ഇരട്ട സ്‌ക്രീനുകള്‍ വാഹനത്തിന് കിടിലന്‍ ലുക്ക് നല്‍കുന്നുണ്ട്. റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് വിത്ത് ആട്ടോ വെഹിക്കിള്‍ ഹോള്‍ഡ്, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ബിംഗോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രണ്ട് മോട്ടോര്‍ വേരിയന്റുകളിലാണ് വാഹനം ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. 17.3 കിലോ വാട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ലെവല്‍ വേരിയന്റിന് 41 ബി.എച്ച്.പി കരുത്തുണ്ട്. 203 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. 31.9 കിലോ വാട്ട് ബാറ്ററിയും 68 ബിഎച്ച്പി കരുത്തുമുള്ള ടോപ് വേരിയന്റിന് 333 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും.

ബിംഗോ മാത്രമല്ല


സ്മാള്‍ ഇവി സെഗ്‌മെന്റില്‍ ഈ വര്‍ഷം ക്ലൗഡ് ഇവി എന്നൊരു വാഹനവും എംജി ഇന്ത്യയിലെത്തിക്കുന്നുണ്ട്. മിനിമലിസ്റ്റിക് ഡിസൈനുള്ള വാഹനത്തിന്റെ വില 20 ലക്ഷത്തിന് താഴെയായിരിക്കുമെന്നാണ് പ്രതീക്ഷ. 4.3 മീറ്റര്‍ നീളവും 2700 എം.എം വീല്‍ബേസുമുള്ള ക്ലൗഡ് ഇവിയുടെ രണ്ട് വേരിയന്റുകളാണ് വിദേശവിപണിയിലുള്ളത്. 37.9 കിലോ വാട്ട് ബാറ്ററി പാക്കില്‍ 360 കിലോമീറ്ററും 50.6 കിലോവാട്ടില്‍ 460 കിലോമീറ്ററും റേഞ്ച് ലഭിക്കും. വാഹനത്തിന് 134 ബി.എച്ച്.പി കരുത്തുമുണ്ട്. ഇതില്‍ ഏത് വേരിയന്റാണ് ഇന്ത്യക്കാര്‍ക്ക് വേണ്ടി എം.ജി കരുതിവച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണണം.

ഫോര്‍ച്യൂണറിനെ വിറപ്പിക്കാന്‍ പുതിയ ഗ്ലോസ്റ്റര്‍


ഇതിന് പുറമെ ഗ്ലോസ്റ്ററിന്റെ ഫേസ് ലിഫ്റ്റ് എഡിഷനും ഈ വര്‍ഷം തന്നെ വിപണിയിലെത്തും. ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര സ്‌കോര്‍പ്പിയ, ടാറ്റ സഫാരി തുടങ്ങിയ വാഹനങ്ങള്‍ക്ക് വെല്ലുവിളിയായാണ് കിടിലന്‍ ലുക്കില്‍ ഗ്ലോസ്റ്റര്‍ മുഖം മിനുക്കിയെത്തുന്നത്. രണ്ടു വാഹനങ്ങളും റോഡ് ടെസ്റ്റ് നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആറുമാസം കൂടുമ്പോള്‍ ഒരു വാഹനം വീതം വിപണിയിലെത്തിക്കാനാണ് എം.ജി ഇന്ത്യയുടെ പദ്ധതി.

Related Articles
Next Story
Videos
Share it