കുതിപ്പു തുടരാന്‍ ഹെക്ടര്‍; എതിരാളികള്‍ വിരളുന്നു
ടാറ്റ ഹാരിയറും മഹീന്ദ്ര എക്‌സ് യു വി 500 ഉം ജീപ്പ് കോമ്പസും മിന്നിയിരുന്ന ഇന്ത്യയിലെ എസ്.യു.വി വിപണി മിക്കവാറും പിടിച്ചടക്കിയ എംജി ഹെക്ടറിന്റെ വിജയം കുറച്ച് കാലം കൂടി എതിരാളികളെ വേട്ടയാടുമെന്നുറപ്പായി. നിര്‍ത്തിവച്ചിരുന്ന ബുക്കിങ് പുനഃരാരംഭിച്ചപ്പോഴും ആവേശകരമാണു പ്രതികരണം. എണ്ണായിരത്തോളം പുതിയ ബുക്കിങ് ലഭിച്ചതായി എം ജി മോട്ടോര്‍ ഇന്ത്യ പറയുന്നു.
ചൈനീസ് നിയന്ത്രണത്തിലായ ബ്രിട്ടീഷ് എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‌യുവി. ശ്രേണിയിലെ മറ്റ് ചില കാറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികവാര്‍ന്ന ഫീച്ചറുകളും മത്സരാധിഷ്ഠിത വിലയാണു ഹെക്ടറിന്റേത്്. അതിനാല്‍, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്യുവികളില്‍ ഒന്നായി മാറാന്‍ അതിവേഗം കഴിഞ്ഞു ഹെക്ടറിന്.
ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തിയത്.ഉത്പാദനശേഷിയെക്കാള്‍ കൂടുതല്‍ ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് വൈകാതെ ബുക്കിംഗ് നിര്‍ത്തിയിരുന്നു.പക്ഷേ, വില കൂട്ടി ബുക്കിംഗ് പുനഃരാരംഭിച്ച് ഒന്‍പതു ദിവസത്തിനകം തന്നെ എണ്ണായിരത്തോളം പേര്‍ ഹെക്ടര്‍ സ്വന്തമാക്കാനെത്തിയെന്നു കമ്പനിയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ ഗൗരവ് ഗുപ്ത അറിയിച്ചു.
ജീപ്പ് കോമ്പസ് ആണ് ഹെക്ടറിന്റെ വരവോടെ ഏറെ കുഴപ്പത്തിലായിരിക്കുന്നത്. സെപ്റ്റംബറില്‍ എംജി ഇന്ത്യ ഹെക്ടറിന്റെ 2,608 യൂണിറ്റ് വിറ്റു. ജീപ്പ് ഇന്ത്യ വിറ്റ കോമ്പസിന്റെ 603 യൂണിറ്റിനേക്കാള്‍ 4 മടങ്ങ് കൂടുതല്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,196 യൂണിറ്റ് വില്‍പ്പന നടത്തിയിരുന്നു കോമ്പസ്. അന്ന് ഹെക്ടര്‍ വന്നിരുന്നില്ല.ടാറ്റ ഹാരിയറും മഹീന്ദ്ര എക്‌സ് യു വി 500 ഉം കോമ്പസിന്റെ ഏകദേശ സ്ഥിതിയിലായതിനു കാരണം പൊതുവേയുള്ള മാന്ദ്യമാണെന്ന ന്യായീകരണവുമുയരുന്നുണ്ട്.
അധിക ജീവനക്കാരുടെ നിയമനം പൂര്‍ത്തിയായതോടെ നവംബര്‍ മുതല്‍ ഹെക്ടറിന്റെ പ്ലാന്റില്‍ രണ്ടു ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിക്കും. പുതിയ വാഹനത്തിനുള്ള കാത്തിരിപ്പ് ആറു മാസത്തിലേറെ നീളാതിരിക്കാനാണ് എം ജി മോട്ടോര്‍ ശ്രമിക്കുന്നതെന്നും ഗുപ്ത വ്യക്തമാക്കി. വില്‍പ്പനയില്‍ മാസം തോറും ക്രമാനുഗത വര്‍ധന രേഖപ്പെടുത്താന്‍ കമ്പനിക്കു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
12.18 ലക്ഷം മുതല്‍ 16.88 ലക്ഷം വരെയായിരുന്നു സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്, ഷാര്‍പ് എന്നീ നാലു വേരിയന്റുകളിലായി ഹെക്ടറിന്റെ ആദ്യത്തെ വില. എന്നാല്‍ 12.48 - 17.28 ലക്ഷം രൂപ വരെയാണ് പുതുക്കിയ എക്‌സ് ഷോറൂം വില. 30,000 മുതല്‍ 40,000 രൂപ വരെ കൂട്ടി. അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോ മീറ്റര്‍ വാറന്റി, 5 ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ എം ജി നല്‍കുന്നുണ്ട്. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലാണ് വാഹനം എത്തുന്നത്.
അടുത്ത ഏപ്രിലില്‍ മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് നിലവാരം പ്രാബല്യത്തിലെത്തുന്നതോടെ ഹെക്ടര്‍ വില വീണ്ടും ഉയരാനാണു സാധ്യതയെന്നു റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ബി എസ് നാല് നിലവാരമുള്ള എന്‍ജിനുകളോടെയാണു വാഹനമെത്തുന്നത്.