ഇവി ചാര്‍ജിംഗ് സൗകര്യമൊരുക്കാന്‍ പുതിയ സംരംഭവുമായി എംജി മോട്ടോര്‍

ഇന്ത്യയിലുടനീളമുള്ള റെസിഡഷ്യല്‍ പ്രദേശങ്ങളില്‍ ഇവി ചാര്‍ജിംഗ് സൗകര്യമൊരുക്കാന്‍ പുതിയ സംരഭവുമായി എംജി മോട്ടോര്‍ (MG Motor) . രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് എംജി ചാര്‍ജ് എന്ന പേരിലാണ് പുതിയ സംരഭം തുടങ്ങുന്നത്. ഇതുവഴി രാജ്യത്തുടനീളം 1,000 ദിവസത്തിനുള്ളില്‍ 1,000 ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കാനാണ് എംജി മോട്ടോര്‍ ലക്ഷ്യമിടുന്നത്.

ഈ സംരംഭത്തിന്റെ ഭാഗമായി, കമ്പനി 1,000 എസി ഫാസ്റ്റ്, ടൈപ്പ് 2 ചാര്‍ജറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സാധാരണയായി ഉപയോഗിക്കുന്ന തരത്തിലുള്ള ചാര്‍ജറുകള്‍ എന്നിവ സ്ഥാപിക്കും. ഇത് നിലവിലുള്ളതും ഭാവിയിലെയും മുന്‍നിര ഇവികളെ പിന്തുണയ്ക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

'ഇന്ത്യയിലെ ഇവി ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിനുള്ള ദൗത്യത്തിനായി എംജി നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. എംജി ചാര്‍ജിന്റെ സമാരംഭത്തോടെ, ഞങ്ങള്‍ വര്‍ധിച്ച സൗകര്യങ്ങള്‍ കൊണ്ടുവരികയും ഉപഭോക്താക്കളുടെ ചാര്‍ജിംഗ് ആശങ്കകള്‍ പരിഹരിക്കുകയും ചെയ്യും, ഇവി ജീവിതശൈലി സ്വീകരിക്കാന്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കും' എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ചാബ പറഞ്ഞു.

എംജി മോട്ടോര്‍ ഇന്ത്യ കമ്മ്യൂണിറ്റി ചാര്‍ജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് പറഞ്ഞു. ഇവി വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി റെസിഡന്‍ഷ്യല്‍ ഇടങ്ങളില്‍ തടസമില്ലാത്തതും സൗകര്യപ്രദവുമായ വാഹന ചാര്‍ജിംഗ് ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അവതരിപ്പിക്കുന്നതിനായി കമ്പനി അടുത്തിടെ ഫോര്‍ട്ടം, ടാറ്റ പവര്‍ എന്നിവയുമായി സഹകരിച്ചിരുന്നു.

Related Articles
Next Story
Videos
Share it