500 കോടി രൂപ കൂടി നിക്ഷേപിക്കാനൊരുങ്ങി എം.ജി മോട്ടോര്‍



ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ എസ് ഐ സിയുടെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനമായ എം ജി മോട്ടോര്‍ ഇന്ത്യ 500 കോടി രൂപ കൂടി നിക്ഷേപിക്കാനൊരുങ്ങുന്നു. വാഹനങ്ങളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിന് ഗുജറാത്തിലെ ഹലോളിലെ പ്ലാന്റില്‍ ഒരു ഷിഫ്റ്റ് കൂടി അധികരിപ്പിക്കാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇടത്തരം സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ് യു വി) പുറത്തറിക്കുന്നതിനും ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി 2021 അവസാനത്തോടെ ആയിരത്തോളം തൊഴിലാളികളെ നേരിട്ടും അല്ലാതെയും പ്ലാന്റില്‍ നിയമിക്കാനും കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്. നിലവില്‍ 2500 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.

ഈ വര്‍ഷത്തിന്റെ അവസാനത്തോടെ പുതിയ വാഹനം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഹ്യുണ്ടായിയുടെ ക്രെറ്റയോടും കിയയോടും കിടപിടിക്കുന്ന തരത്തിലുള്ള വാഹനമായിരിക്കും എം.ജി മോട്ടോര്‍ പുറത്തിറക്കാനുദ്ദേശിക്കുന്നതെന്നാണ് വിവരം.

'ഹാലോളിലെ ഫാക്ടറിയില്‍ ഞങ്ങള്‍ ഇതിനകം 2,000 കോടി രൂപ നിക്ഷേപിച്ചു, ഒരു വര്‍ഷം മൊത്തം 75,000 മുതല്‍ 1,00,000 വരെ യൂണിറ്റ് പുറത്തിറക്കുന്നതിന് ഇപ്പോള്‍ 1,000 കോടി രൂപ കൂടി നിക്ഷേപിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ചില ഉപകരണങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിന് 500 കോടി രൂപ കൂടി നിക്ഷേപിക്കും' എം.ജി മോട്ടര്‍ മാനേജിംഗ് ഡയറക്റ്ററും പ്രസിഡന്റുമായ രാജീവ് ചാബ പറഞ്ഞു.
2020 ല്‍ 28,000 യൂണിറ്റുകളാണ് എം ജി മോട്ടര്‍ വില്‍പ്പന നടത്തിയത്. 2021 ല്‍ 50,000 മായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനുമുള്ള ഒരുക്കത്തിലാണ് കമ്പനി. അതിനായി ഈ വര്‍ഷം കയറ്റുമതി ആരംഭിക്കുമെന്നും രാജീവ് ചാബ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it