Begin typing your search above and press return to search.
ആസ്റ്ററിന്റെ വരവോടെ വില്‍പ്പന ഇരട്ടിയാക്കാനൊരുങ്ങി എംജി മോട്ടോഴ്‌സ്
ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ ശ്രദ്ധേയരായ എംജി മോട്ടോഴ്‌സ് വില്‍പ്പനയില്‍ മുന്നേറാനുള്ള നീക്കവുമായി രംഗത്ത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പന ഇരട്ടിയോളം വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈനയുടെ എസ്എഐസി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോഴ്‌സ് ഇന്ത്യ തലവന്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം മിഡ് കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ആസ്റ്റര്‍ മോഡല്‍ വിപണിയിലെത്തുന്നതോടെ വില്‍പ്പന ഇരട്ടിയിലധികം വര്‍ധിക്കുമെന്നാണ് കമ്പനി കരുതുന്നത്.
കൂടാതെ, ആഗോളതലത്തിലെ സെമികണ്ടക്ടര്‍ ക്ഷാമം കാരണം വെട്ടിക്കുറച്ച ഉല്‍പ്പാദനം, 2021-22 ജനുവരി-മാര്‍ച്ച് പാദത്തോടെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കാനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. നിലവില്‍, സെമികണ്ടക്ടര്‍ ക്ഷാമം കാരണം ഉല്‍പ്പാദനശേഷിയുടെ 60-70 ശതമാനം മാത്രമാണ് എംജി മോട്ടോഴ്‌സ് പ്രവര്‍ത്തിക്കുന്നത്. 2022 ന്റെ ആദ്യ പാദത്തില്‍ ചിപ്പുകളുടെ വിതരണം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, സാഹചര്യം പൂര്‍ണമായും സാധാരണ നിലയിലാകാന്‍ ഒരു വര്‍ഷം വരെ എടുത്തേക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യയുടെ പ്രസിഡന്റ് രാജീവ് ചാബ പറഞ്ഞു.
2022 ല്‍ 80,000-100,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിക്കുന്നതിനായി ഗുജറാത്തിലെ ഹാലോളിലെ നിര്‍മാണ ശാലയിലെ ശേഷി വര്‍ധിപ്പിക്കുന്നതിനായി എംജി മോട്ടോഴ്‌സ് നിക്ഷേപം വിപുലീകരിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ, ഉത്സവ സീസണ്‍ അടുക്കുമ്പോള്‍ ആവശ്യകത വര്‍ധിക്കുകയാണെന്നും കമ്പനി അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ശക്തമായ ഡിമാന്റ് കാണുന്നുണ്ടെന്നും ചാബ പറഞ്ഞു. ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ 1.2 ശതമാനം പങ്കാളിത്തമുള്ള എംജി മോട്ടോഴ്‌സ് 2020 ല്‍ ഇത് 28,162 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
Next Story
Videos