ഒറ്റചാര്‍ജില്‍ 419 കിലോമീറ്ററോ? ഇലക്ട്രിക് കാര്‍ വിപണിയില്‍ കെങ്കേമനാകാന്‍ എംജി

ഇന്ത്യന്‍ വാഹന വിപണിയില്‍ ഇത് ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ്. പല കമ്പനികളും അവരുടെ വാഹനങ്ങളുടെ ഇലക്ട്രിക്ക് പതിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ധനവില കൂടുന്നതിനാലും പരിസ്ഥിതി സൗഹൃദമായതിനാലും വലിയൊരു വിഭാഗം കാര്‍പ്രേമികള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ മതിയെന്നായി. എന്നാല്‍ ഏവരെയും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഇസെഡ്എസ് ഇവി 2021 പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എം.ജി മോട്ടോഴ്‌സ്. ഒറ്റചാര്‍ജ്ജില്‍ 340 മുതല്‍ 419 കിലോമീറ്റര്‍ വരെ ദൂരപരിധിയാണ് കമ്പനി ഈ വാഹനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

20.99 ലക്ഷം രൂപ എക്‌സ് ഷോറൂം വില (ഡല്‍ഹി) നിശ്ചയിച്ചിരിക്കുന്ന ഈ വാഹനം തിങ്കളാഴ്ച്ചയാണ് കമ്പനി അവതരിപ്പിച്ചത്. ഇതിന്റെ ടോപ്പ്‌ലൈന്‍ എക്‌സ്‌ക്ലുസീവ് വാരിയന്റിന് 24.18 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. എസ്‌ക്ലുസീവ് വാരിയന്റിന് രൂപത്തിലോ മറ്റോ മാറ്റം പ്രകടമല്ലെങ്കിലും ഇതിന് ഹൈടെക്ക് ബാറ്ററി പാക്ക് സജ്ജീകരിച്ചിട്ടുണ്ട്. 17 ഇഞ്ച് അല്ലോയ് ടയറുകളാണ് പുതിയ പതിപ്പില്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ ഗ്രൗണ്ട് ക്ലിയറന്‍സ് 177 എംഎമ്മും ബാറ്ററി പ്ലേസ്‌മെന്റ് 205 എംഎമ്മും ഉയര്‍ത്തിയിട്ടുണ്ട്.
'2020 ല്‍ എംജി ഇസെഡ്എസ് ഇവിക്ക് 3,000 യൂണിറ്റ് ബുക്കിംഗാണ് ലഭിച്ചത്' എംജി ഇന്ത്യ ഹെഡ് രാജീവ് ഗാബ പറഞ്ഞതായി ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പനോരമിക് സണ്‍റൂഫ്, ഐസ്മാര്‍ട്ട് ഇവി 2.0, ഇന്‍-ബില്‍റ്റ് പിഎം 2.5 എയര്‍ ഫില്‍ട്ടര്‍ തുടങ്ങിയ സവിശേഷതകളോടെയാണ് ഇസെഡ് ഇവി വരുന്നത്. 143 പിഎസ് മോട്ടോര്‍ 8.5 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സഹായിക്കുന്നു.
പുതുതായി പുറത്തിറക്കിയ എംജി ഇസെഡ്എസ് ഇവിക്ക് എംജി ഇ ഷീല്‍ഡും കമ്പനി നല്‍കുന്നു. ഇതിലൂടെ പരിധിയില്ലാത്ത കിലോമീറ്ററുകള്‍ക്ക് അഞ്ചു വര്‍ഷത്തെ സൗജന്യ വാറന്റിയും ബാറ്ററി പാക്ക് സിസ്റ്റത്തിന് 8 വര്‍ഷം അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്റര്‍ വാറന്റിയും അഞ്ചുവര്‍ഷം റൗണ്ട് ദി ക്ലോക്ക് റോഡ്‌സൈഡ് അസിസ്റ്റന്‍സും (ആര്‍എസ്എ) ലോബര്‍ ഫ്രീം സര്‍വീസും ലഭ്യമാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it