Begin typing your search above and press return to search.
ദി ആംഗ്സൈറ്റി ബസ്റ്റര്‍! ഇത് എം.ജിയുടെ തകര്‍പ്പന്‍ കറണ്ടുവണ്ടി , വിന്‍സര്‍ വേറെ ലെവല്‍
എംജി ഇലക്ട്രിക് വാഹനങ്ങളുടെ നിരയില്‍ എം.ജി സീഎസ്സിനും എംജി കോമറ്റിനും ശേഷം മൂന്നാമത് ഇറങ്ങുന്ന വാഹനമാണ് എംജി വിന്‍സര്‍. ബ്രിട്ടനിലെ വിന്‍സര്‍ കാസില്‍ ആണ് വിന്‍സര്‍ എന്ന പേരിന് പ്രചോദനം. ജെ.എസ്.ഡബ്ല്യൂ എം.ജി മോട്ടോര്‍ ഇന്ത്യ കൂട്ടുകെട്ടില്‍ ആദ്യം ഇറങ്ങുന്ന വാഹനം എന്ന പ്രത്യേകത കൂടി ക്രോസ് ഓവര്‍ യൂട്ടിലിറ്റി വെഹിക്ക്ള്‍ (സി.യു.വി) എന്ന് എംജി വിശേഷിപ്പിക്കുന്ന ഈ കാറിനുണ്ട്. ഇപ്പോള്‍ മൂന്നാം നിര സീറ്റ് ഇല്ലെങ്കിലും അതിനുള്ള സ്ഥല സൗകര്യങ്ങളും വിന്‍സറില്‍ ഉണ്ട്.
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ ആദ്യമായി നാല് പദ്ധതികള്‍ ആണ് വിന്‍സറിനൊപ്പം എംജി കൊണ്ടുവരുന്നത്.
ഒന്ന്: ബാറ്ററി ആസ് എ സര്‍വീസ് (ബാറ്ററി വാടകയ്ക്ക് ലഭിക്കും).
രണ്ട്: ഒരു വര്‍ഷത്തേക്ക് ഫ്രീ ചാര്‍ജിംഗ്.
മൂന്ന്: 3-60 ബൈ ബാക്ക് പ്രോഗ്രാം.
നാല്: ബാറ്ററിക്ക് ലൈഫ് ടൈം വാറണ്ടി. ഇതോടെ ഉപയോക്താക്കള്‍ക്ക് ആവശ്യമായ കണക്കുകൂട്ടലുകള്‍ നടത്തി ഉല്‍ക്കണ്ഠയില്ലാതെ എംജി ഇലക്ട്രിക് കാറുകള്‍ സ്വന്തമാക്കാവുന്നതാണ്.
എക്സ്റ്റീരിയര്‍
പുറം കാഴ്ചയില്‍ ആദ്യം ശ്രദ്ധ പോകുന്നത് ബംപറിലേക്കാണ്. അസാധാരണ വലിപ്പം ആണ് അതിന് കാരണം. ഹെഡ് ലാമ്പ് ബംപറിലാണ് ഘടിപ്പിച്ചിരിക്കുന്നത്. നടുവിലായി മോറിസ് ഗാരാജസ് എന്ന് എന്‍ഗ്രേവ് ചെയ്തിട്ടുമുണ്ട്. ലൈറ്റ് ബാറുകൊണ്ട് ഡി.ആര്‍.എല്‍ (ഡേ ടൈം റണ്ണിംഗ് ലൈറ്റ് )കളെ കണക്റ്റ് ചെയ്തിരിക്കുന്നത് ആകര്‍ഷകമായി. വശങ്ങളില്‍ നിന്നും നോക്കുമ്പോള്‍ ബംപറിന്റെ വലിപ്പം അരോചകമായി തോന്നാം.
18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍ ആണ് വാഹനത്തിനുള്ളത്. കാറിന്റെ എയറോഗ്ലൈഡ് ഡിസൈന്‍ വ്യക്തമാകുന്നത് വശങ്ങളില്‍ നിന്നാണ്. പിന്നില്‍ സ്മാര്‍ട്ട് ഫ്‌ളോ കണക്റ്റഡ് എല്‍.ഇ,ഡി ടെയില്‍ ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിനയുള്ള സ്‌പോയിലര്‍, ക്രോമില്‍ എം.ജിയെന്ന വലിയ ബാഡ്ജ്, എംബോസ് ചെയ്തിരിക്കുന്ന ക്രോം വിന്‍സര്‍ ബാഡ്ജ് എന്നിവ വാഹനത്തിന് കൂടുതല്‍ ഭംഗി നല്‍കുന്നു. ഗ്ലാസ് ആന്റിന ഈ സെഗ്മെന്റില്‍ ആദ്യമാണ്.
ഇന്റീരിയര്‍
വിശാലമായ സ്ഥല സൗകര്യമാണ് വിന്‍സറിന്റെ അകവശത്തിന്റെ പ്രത്യേകത. പിന്‍നിരക്കാര്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ സ്ഥലവും ലഭിക്കും. വേണമെങ്കില്‍ മൂന്നാം നിരയും കൊടുക്കാം. നീളത്തില്‍ ഹുണ്ടേ ക്രേറ്റയേക്കാള്‍ (4330 സിഎം) 35 മില്ലീമീറ്റര്‍ കുറവ് മാത്രമെ വിന്‍സറിന് (4295 സെമീ) ഉള്ളൂ. വിന്‍സറിന്റെ ബൂട്ട് സ്ഥലം 604 ലിറ്റര്‍ ആണ്. ക്രേറ്റയ്ക്ക് ഇത് 433 ലിറ്റര്‍ മാത്രമെ ഉള്ളൂ. ഇന്റീരിയിര്‍ ഡിസൈന്‍ വലിയ ആഡംബരമാക്കാതെ ലളിതമായിട്ടാണ് ചെയ്തിരിക്കുന്നത്. ഡാഷ്ബോര്‍ഡിന്റെ രണ്ടറ്റത്തും ബോട്ടില്‍ ഹോള്‍ഡര്‍ ഘടിപ്പിച്ചിട്ടുണ്ട്.
മൂന്‍നിരയിലെ ആംറെസ്റ്റിന് താഴെ സ്റ്റോറേജ് സ്‌പേസും ആതിന് മുന്നിലായി വയര്‍ലെസ് മൊബൈല്‍ ചാര്‍ജറും ഉണ്ട്. സെന്റര്‍ കണ്‍സോള്‍ ഡാഷ്ബോര്‍ഡിനെ മുട്ടാതെ ഒരു ബീം പോലെ നില്‍ക്കുന്നു. അതിന് താഴെയും സ്റ്റോറേജ് സ്‌പേസ് കൊടുത്തിട്ടുണ്ട്. ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍ ടില്‍റ്റ് ചെയ്യാവുന്നതും ടെലിസ്‌കോപിക്കും ആണ്. സ്റ്റിയറിംഗ് വീലില്‍ ഉള്ള ബട്ടണ്‍ ഉപയോഗിച്ച് ഒ.ആര്‍.എം.വി (പുറത്തുള്ള റിയര്‍ വ്യൂ മീറ്റര്‍) അഡ്ജസ്റ്റ് ചെയ്യാം. സ്റ്റിയറിംഗ് വീലിന് താഴെ സ്വിച്ച് ഓഫ് ബട്ടണും വശത്ത് ഇലക്ട്രിക് ഹാന്‍ഡ് ബ്രേക്കും കൊടുത്തിട്ടുണ്ട്. പിന്‍നിര യാത്രക്കാര്‍ക്കായി എസി വെന്റിലേഷനും ചാര്‍ജിംഗ് പോയിന്റും ഉണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ താരതമ്യേന ചെറുതാണ്. ഫിക്‌സഡ് ഗ്ലാസ് പനോരമിക് സണ്‍റൂഫും സി പില്ലറില്‍ ക്വാര്‍ട്ടര്‍ ഗ്ലാസും കൊടുത്തിട്ടുണ്ട്.
ഇന്‍ഫോട്ടെയ്ന്‍മെന്റ് സിസ്റ്റം
വിന്‍സറിനെ ഇന്റലിജന്റ് കാറായിട്ടാണ് എംജി വിശേഷിപ്പിക്കുന്നത്. 15 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡാഷ്ബോര്‍ഡിന്റെ ഹൈലൈറ്റ് ആണ്. വയര്‍ലസ് ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പ്ള്‍ കാര്‍ പ്ലേയും ഇതില്‍ കണക്റ്റ് ചെയ്യാം. 80ല്‍ പരം കണക്റ്റഡ് ഫീച്ചറുകളുള്ള ഐ-സ്മാര്‍ട്ടറില്‍ ആപ്പുകള്‍ ജിയോ ആണ് നല്‍കുന്നത്. അഞ്ച് തരത്തില്‍ ഉപഭോക്താവിന് ഇഷ്ടാനുസരണം ചെയ്യാവുന്ന ബ്രൈറ്റ്‌നസ് ലെവല്‍ ആണ് ടച്ച് സ്‌ക്രീനില്‍ ഉള്ളത്.
ഇന്‍ഫിനിറ്റി 9 സ്പീക്കര്‍ മ്യൂസിക് സിസ്റ്റമാണ് വിന്‍സറിന്റേത്. ഐ-സ്മാര്‍ട്ടിലെ പ്രധാനപ്പെട്ട ഫീച്ചറുകള്‍: റിമോട്ട് കാര്‍ കണ്‍ട്രോള്‍, ലൈവ് ലൊക്കേഷന്‍ ഷെയറിംഗും ട്രാക്കിംഗും ഷെയര്‍ ചെയ്യാവുന്ന ഡിജിറ്റല്‍ കീ, ആന്റി തെഫ്റ്റ് ഇമ്മൊബിലൈസേഷന്‍, സണ്‍റൂഫ്, എസി, മ്യൂസിക്, റേഡിയോ മുതലായവ കൈകാര്യം ചെയ്യാന്‍ നൂറില്‍പ്പരം വോയിസ് കമാന്‍ഡുകള്‍, വെഹിക്ക്ള്‍ സ്റ്റാറ്റസ് സ്‌കാന്‍ മുതലായവയാണ്.
കംഫര്‍ട്ട്
പിന്‍കുഷന്‍ ഡിസൈനിലുള്ള സീറ്റുകള്‍ കംഫര്‍ട്ടബ്ള്‍ ആണ്. മുന്‍ സീറ്റുകള്‍ വെന്റിലേറ്റഡ് ആണ്. ആറ് തരത്തില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക് പവര്‍ സീറ്റാണ് ഡ്രൈവര്‍ക്കുള്ളത്. എയ്‌റോ ലോഞ്ച് എന്ന് വിശേഷിപ്പിക്കുന്ന പിന്‍സീറ്റുകള്‍ 135 ഡിഗ്രിയില്‍ ചായ്ക്കാവുന്നതാണ്. പിന്നിലെ മാക്‌ഫേര്‍സണ്‍ സ്ട്രട്ട് സസ്‌പെന്‍ഷനും മുന്നിലെ ടോറിസണ്‍ ബീം സസ്‌പെന്‍ഷനും ചേര്‍ന്ന് വിന്‍സറിലെ റൈഡ് സുഖകരമാക്കുന്നു.
പെര്‍ഫോമന്‍സ്
136 പിഎസ് പവറും 200 ന്യൂട്ടന്‍ മീറ്റര്‍ ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പി.എം.എസ് മോട്ടോര്‍ (പെര്‍മനന്റ് മാഗ്നറ്റ് സിന്‍ക്രോണസ്) ആണ് എംജി വിന്‍സറിന് ഉള്ളത്. ഈ മോട്ടോറിനെ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഊര്‍ജം പകരുന്നത് 38 കിലോവാട്ട് അവര്‍ കപ്പാസിറ്റിയുള്ള ബാറ്ററിയാണ്. ഒറ്റ ചാര്‍ജില്‍ 331 കിലോമീറ്റര്‍ റേഞ്ച് കിട്ടുമെന്ന് എംജി അവകാശപ്പെടുന്നു. ഇക്കോ, ഇക്കോ പ്ലസ്, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നിങ്ങനെ നാല് ഡ്രൈവ് മോഡലുകളാണ് ഉള്ളത്.
എംജി വിന്‍സര്‍ രണ്ട് വിധത്തില്‍ വാങ്ങിക്കാം. ബോഡി (ഷെല്‍) മാത്രമായും ബാറ്ററി സബ്‌സ്‌ക്രൈബ് ചെയ്തും പിന്നെ ഷെല്ലും ബാറ്ററിയും ഒരു യൂണിറ്റായും വാങ്ങിക്കാം. അതായത്, മാസം 5,250 രൂപയും ജി.എസ്.ടിയും കൊടുത്ത് സബ്‌സ്‌ക്രൈബ് ചെയ്യുമ്പോള്‍ 1500 കിലോമീറ്റര്‍ ഓടിക്കാം. അതില്‍ കൂടുതല്‍ ആയാല്‍ ഒരു കിലോമീറ്ററിന് 3.50 രൂപയും 1 രൂപ ചാര്‍ജിംഗ് നിരക്കായും കൊടുക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ കുറഞ്ഞ ചെലവില്‍ കാറ് സ്വന്തമാക്കാം എന്നതാണ് ഗുണം. കൂടാതെ 2024 ഡിസംബര്‍ 31 വരെ വാങ്ങിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ പബ്ലിക് ചാര്‍ജിംഗ് സൗജന്യമായിരിക്കും. ബാറ്ററിക്ക് ലൈഫ് ടൈം വാറണ്ടിയും ഉണ്ടാകും. 3-60 പ്രോഗ്രാം പ്രകാരം മൂന്ന് വര്‍ഷം കഴിയുമ്പോള്‍ നിങ്ങളുടെ വാഹനം കമ്പനിക്ക് തിരിച്ച് വില്‍ക്കുകയോ എക്‌സ്‌ചേഞ്ച് ചെയ്യുകയോ ആകാം. 60 ശതമാനം വില അപ്പോള്‍ തിരിച്ചുകിട്ടും. എം.ജിയുടെ മറ്റു രണ്ട് ഇലക്ട്രിക് കാറുകള്‍ക്കും ഈ പദ്ധതി ബാധകമാണ്.
സുരക്ഷ
ആറ് എയര്‍ ബാഗുകളാണ് വിന്‍സറിന്‍ ഉള്ളത്. ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, അര്‍ജന്‍സി സ്റ്റോപ് സിഗ്നല്‍, 360 ഡിഗ്രി വ്യൂ ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, എല്‍.ഇ.ഡി കോര്‍ണറിംഗ് ലൈറ്റ്, റിയര്‍ ഫോഗ് ലാമ്പ്, ടി.പി.എം.എസ്, ഓട്ടോ ഹോള്‍ഡ്, ഇലക്ട്രിക് പവര്‍ ബ്രേക്ക്, ഐസോ ഫിക്‌സ്, റെയിന്‍ സെന്‍സിംഗ് വൈപ്പര്‍, ഓട്ടോ ഹെഡ്‌ലാമ്പ്, ഫോളോ മീ ഹോം ഹെഡ് ലാമ്പ് എന്നിവയാണ് സുരക്ഷയ്ക്കായി വിന്‍സറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എക്‌സൈറ്റ് (Excite),എക്‌സ്‌ക്ലൂസീവ് (Exclusive),എസന്‍സ് (Essence) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വിന്‍സര്‍ ലഭിക്കുന്നത്. ഇവയുടെ എക്‌സ് ഷോറൂം വില യഥാക്രമം 13,49,800 രൂപയും 14,49,800 രൂപയും
15,49,800 രൂപയും ആണ്. ബാറ്ററി ആസ് എ സര്‍വീസ് (BASS) പ്രകാരം എക്‌സൈറ്റിന്റെ എക്‌സ് ഷോറൂം വില 9,99,000 രൂപയുമാണ്.
സീനിയര്‍ ഓട്ടോമൊബൈല്‍ ജേണലിസ്റ്റായ ലേഖകന്‍ പ്രമുഖ ഇംഗ്ലീഷ്, മലയാളം ഓട്ടോമൊബൈല്‍ മാഗസീനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. sureshfx@gmail.com. ഫോണ്‍: 81786 61221
Next Story
Videos