പെട്രോൾ പമ്പിലെ വൈദ്യുത വാഹന ചാർജിംഗ്: ₹800 കോടി കേന്ദ്ര സഹായം
വൈദ്യുത വാഹന ഫാസ്റ്റ് ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനായി രാജ്യത്തെ എണ്ണ വിപണന കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 800 കോടി രൂപ നല്‍കും. ഇന്ത്യന്‍ ഓയ്ല്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നി പൊതുമേഖല എണ്ണ കമ്പനികള്‍ക്കാണ് സഹായം ലഭിക്കുന്നത്.
നിലവില്‍ വന്‍കിട വ്യവസായ മന്ത്രാലയം 560 കോടി രൂപ എണ്ണ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ വേഗത്തില്‍ വൈദ്യുത വാഹനങ്ങള്‍ സ്വീകരിക്കാനും അവയുടെ നിര്‍മാണം ദ്രുതഗതിയിലാക്കാനും ലക്ഷ്യം വെച്ചുള്ള ഫെയിം (Faster Adoption & Manufacturing of (Hybrid) & Electric Vehicles-FAME ) പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ധനസഹായം നല്‍കുന്നത്.
പെട്രോള്‍ പമ്പുകളിലും ചാര്‍ജിംഗ് കേന്ദ്രങ്ങള്‍
മൊത്തം 7432 വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളാണ് രാജ്യത്ത് സ്ഥാപിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം ചാര്‍ജിംഗ് കേന്ദ്രങ്ങളുടെ എണ്ണം 14000 തിലധികമാകും. മെട്രോ നഗരങ്ങള്‍, സ്മാര്‍ട്ട് സിറ്റികള്‍, മലയോര സംസ്ഥാനങ്ങളിലെ ഹൈവേ, എക്‌സ്പ്രസ് വെ എന്നിവിടങ്ങളിലാണ് ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. രാജ്യത്തെ 22,000 പെട്രോള്‍ പമ്പുകളിലും ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്.
ഹൈവേകളില്‍ ഓരോ 25 കിലോമീറ്റര്‍ ദൂരത്തിലും ഇരുവശത്തും ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കൂടാതെ ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ക്ക് ഓരോ 100 കിലോമീറ്ററിലും ഇരുവശത്തും ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine