ഇന്ത്യയിലെ ഏറ്റവും വിലക്കുറഞ്ഞ 7 ഓട്ടോമാറ്റിക് കാറുകള്‍
ഇന്ത്യയില്‍ വില്‍ക്കുന്ന അഞ്ച് കാറുകളില്‍ ഒന്ന് ഓട്ടോമാറ്റിക് കാറെന്ന് പുതിയ റിപ്പോര്‍ട്ട്. നഗരങ്ങളിലെ ഗതാഗതത്തിരക്കുകള്‍ വര്‍ധിക്കുമ്പോള്‍ ഇന്ത്യക്കാര്‍ കൂടുതലായി ഓട്ടോമാറ്റിക് വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിറ്റ പാസഞ്ചര്‍ വാഹനങ്ങളില്‍ 17.3 ശതമാനം ഓട്ടോമാറ്റിക് വാഹനങ്ങളായിരുന്നു. എന്നാല്‍ 2011ല്‍ ഓട്ടോമാറ്റിക് കാറുകളുടെ വിപണിവിഹിതം 1.4 ശതമാനം മാത്രമായിരുന്നു.
വിവിധ കമ്പനികള്‍ എന്‍ട്രി വിഭാഗത്തില്‍ കൂടുതലായി ഓട്ടോമാറ്റിക് കാറുകള്‍ പുറത്തിറക്കിയതാണ് ഇവയുടെ വില്‍പ്പന കൂടാന്‍ കാരണം. നേരത്തെ കൂടിയ വില തന്നെയായിരുന്നു ഓട്ടോമാറ്റിക് കാറുകളില്‍ നിന്ന് ഉപഭോക്താക്കളെ പ്രധാനമായും അകറ്റിനിര്‍ത്തിയത്. എന്നിലിന്ന് താങ്ങാനാകുന്ന വിലയില്‍ നിരവധി ഓട്ടോമാറ്റിക് മോഡലുകള്‍ ലഭ്യമാണ്.
ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലക്കുറഞ്ഞതും മികച്ച പ്രകടനം കാഴ്ചവെക്കുന്നതുമായ ഓട്ടോമാറ്റിക് കാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. മാരുതി ഓള്‍ട്ടോ കെ10 എഎംറ്റി
വില തന്നെയാണ് ഈ മോഡലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. നാലര ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുമായി വരുന്ന ഇതിന്റേത് 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്.
2. റിനോ ക്വിഡ്
വിലയുടെ കാര്യത്തില്‍ ഓള്‍ട്ടോ കെ10 ഓട്ടോമാറ്റിക്കുമായി ഏറ്റുമുട്ടുന്ന മോഡലാണ് റിനോ ക്വിഡ്. ക്വിഡ് ആര്‍എക്‌സ്റ്റി 1.0 എഎംറ്റിയുടെ വില 4.51 ലക്ഷം രൂപയും ക്വിഡ് ക്ലൈമ്പര്‍ എഎംറ്റിയുടെ വില 4.76 ലക്ഷം രൂപയുമാണ്. ഇതിന് മാനുവല്‍ മോഡ് ഇല്ല. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ സൗകര്യങ്ങള്‍ ടച്ച്‌സ്‌ക്രീനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
3. മാരുതി സുസുക്കി വാഗണ്‍ ആര്‍ എഎംറ്റി
പുതിയ തലമുറയിലുള്ള വാഗണ്‍ ആര്‍ ഉപഭോക്താക്കളുടെ മനസ് കീഴടക്കിയ മോഡലാണ്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ എഎംറ്റി ഗിയര്‍ബോക്‌സ് വരുന്നുണ്ട്. ഒരു ലിറ്റര്‍, 1.2 ലിറ്റര്‍ എന്‍ജിന്‍ മോഡലുകളില്‍. എഎംറ്റി വകഭേദത്തിന്റെ വില ആരംഭിക്കുന്നത് 5.26 ലക്ഷം രൂപയിലാണ്.
4. ടാറ്റ ടിയാഗോ എഎംറ്റി
ജനപ്രിയ മോഡലായ ടാറ്റ ടിയാഗോയുടെ ഓട്ടോമാറ്റിക് വകഭേദത്തിനും മികച്ച ഡിമാന്റുണ്ട്. 5.6 ലക്ഷം രൂപയിലാണ് ടാറ്റ ടിയാഗോ ഓട്ടോമാറ്റിക്കിന്റെ വില ആരംഭിക്കുന്നത്.
5. ഹ്യുണ്ടായ് സാന്‍ട്രോ എഎംറ്റി
വളരെ സ്മൂത്തായ ട്രാന്‍സ്മിഷനാണ് ഹ്യുണ്ടായ് സാന്‍ട്രോ എഎംറ്റിയുടെ എടുത്തുപറയേണ്ട പ്രത്യേകത. സ്ഥലവിശാലതയിലും മുന്നില്‍ നില്‍ക്കുന്ന സാന്‍ട്രോ ഓട്ടോമാറ്റിക് വിലയുടെ കാര്യത്തില്‍ എതിരാളികളെ അപേക്ഷിച്ച് അല്‍പ്പം മുന്നിലാണ്. സാന്‍ട്രോ മാഗ്ന എഎംറ്റിയുടെ വില 5.20 ലക്ഷം രൂപയും സാന്‍ട്രോ സ്‌പോര്‍ട്‌സ് എഎംറ്റിയുടെ വില 5.48 ലക്ഷം രൂപയുമാണ്.
6. ദാറ്റ്‌സണ്‍ റെഡിഗോ എഎംറ്റി
1.0 ലിറ്റര്‍ എന്‍ജിനോട് കൂടിയ ദാറ്റ്‌സണ്‍ റെഡിഗോ എഎംറ്റി മികച്ചൊരു സിറ്റി കാര്‍ ആണ്. ഓട്ടോമാറ്റിക്, മാനുവല്‍ മോഡുകളിലേക്ക് അനായാസമായി മാറാന്‍ സാധിക്കും. 4.37 എന്ന താങ്ങാനാകുന്ന വിലയാണ് ഈ മോഡലിന്റെ മറ്റൊരു ആകര്‍ഷണഘടകം.
7. മാരുതി സുസുക്കി സെലേറിയോ
സെലേറിയോ ആണ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അഥവാ എഎംറ്റി സാങ്കേതികവിദ്യയെ ഇന്ത്യയില്‍ ജനപ്രിയമാക്കിയത്. 1.0 ലിറ്റര്‍ എന്‍ജിനുള്ള സെലേറിയോയുടെ വില ആരംഭിക്കുന്ന 5.13 ലക്ഷം രൂപയിലാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline