കാത്തിരിപ്പ് നീളില്ല: ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വാതന്ത്ര്യ ദിനത്തില്‍ അരങ്ങിലെത്തും

രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ബുക്കിംഗില്‍ ഒരു ദിവസം കൊണ്ട് വിപ്ലവം സൃഷ്ടിച്ച ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടന്‍ അവതരിപ്പിക്കും. ഓഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിലാണ് കമ്പനി ഇലക്ട്രിക് സ്‌കൂട്ടര്‍ അരങ്ങിലെത്തിക്കുന്നത്. ഇക്കാര്യം സിഇഒ ഭവിഷ് അഗര്‍വാള്‍ ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. സ്‌കൂട്ടറിന്റെ വിലയും എന്ന് വിപണിയിലെത്തുമെന്നതടക്കമുള്ള മറ്റ് വിശദാംശങ്ങളും അന്ന് കമ്പനി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജുലൈ അവസാനത്തോടെ ആരംഭിച്ച ഒല ഇലക്ട്രിക്കിന്റെ ബുക്കിംഗിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 499 രൂപയ്ക്ക് ബുക്ക് ചെയ്യാമെന്നതിനാല്‍ ആദ്യത്തെ 24 മണിക്കൂറില്‍ തന്നെ ഒരു ലക്ഷത്തോളം പേരായിരുന്നു ഓണ്‍ലൈനായി ഇലക്ട്രിക് സ്‌കൂട്ടറിന് വേണ്ടി ബുക്ക് ചെയ്തത്. തുക റീഫണ്ട് ചെയ്യാനാവുന്നതാണെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ബുക്കിംഗിന് ലഭിച്ച വലിയ സ്വീകാര്യതയ്ക്കും സിഇഒ നന്ദി അറിയിച്ചു. ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഗസ്റ്റ് 15ന് പുറത്തിറക്കും. വാഹനത്തെ കുറിച്ചുള്ള വിവരങ്ങളും അന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ കമ്പനി കളര്‍ ഓപ്ഷനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചിരുന്നു. 10 കളര്‍ ഓപ്ഷനുകളിലാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറെത്തുന്നത്. കൂടാതെ, ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ ഒഴിവാക്കി പൂര്‍ണമായും ഓണ്‍ലൈനായി ബുക്ക് ചെയ്ത് ഹോം ഡെലിവറി രീതിയിലായിരിക്കും ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ ലഭ്യമാക്കുക. പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരപരിധിയാണ് കമ്പനി അവകാശപ്പെടുന്നത്. 18 മിനുട്ട് കൊണ്ട് 50 ശതമാനത്തോളം ചാര്‍ജ് ചെയ്യാനുമാകും.

Related Articles

Next Story

Videos

Share it