ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തേടി ഉപഭോക്താക്കള്‍

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തേടി ഉപഭോക്താക്കള്‍
Published on

പെട്രോളിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സാധ്യതകള്‍ തേടുകയാണ് ഉപഭോക്താക്കള്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പവറും മൈലേജുമുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിപണിയിലുള്ളതെങ്കിലും ഉപഭോക്താക്കളുടെ സംശയങ്ങള്‍ മാറുന്നില്ലെന്ന പരാതി കേരളത്തിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഡീലര്‍മാര്‍ക്കുണ്ട്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഇവയുടെ സ്വീകാര്യതയും അവബോധവും കുറവാണെങ്കിലും സ്ഥിതി മാറുന്നുണ്ട്.

''സ്ഥിരമായ ഉപയോഗമുള്ളവര്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറുന്നതോടെ വലിയൊരു തുക തന്നെ മാസം ലാഭിക്കാനാകും. ഒറ്റ യൂണിറ്റ് വൈദ്യുതിയുടെ ചെലവില്‍ 65 മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്നവയാണ് ഹീറോയുടെ വിവിധ മോഡലുകള്‍'' ഹീറോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡീലറായ എം ആന്‍ഡ് എം മോട്ടോഴ്‌സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ മനോജ് കുമാര്‍ പറയുന്നു.

ഈ രംഗത്തുണ്ടായ ശ്രദ്ധേയമായ മാറ്റം ലെഡ് ആസിഡ് ബാറ്ററികളില്‍ നിന്ന് ചില ബ്രാന്‍ഡുകള്‍ ലിഥിയം അയണ്‍ ബാറ്ററികളിലേക്ക് മാറിയെന്നതാണ്. ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന സ്‌കൂട്ടറുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്.

ഹീറോ ഇലക്ട്രിക് ഫ്‌ളാഷ്

കേരളത്തില്‍ ഏറ്റവുമധികം ഡിമാന്റുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് ഹീറോയുടെ ഫ്‌ളാഷ്. ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇതിലെ ബാറ്ററിക്ക് മൂന്ന് വര്‍ഷം വാറന്റി കമ്പനി നല്‍കുന്നുണ്ട്. ഒറ്റ ചാര്‍ജിംഗില്‍ 60-65 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. ഫുള്‍ ചാര്‍ജിംഗിന് വേണ്ടി വരുന്ന സമയം 4-5 മണിക്കൂറാണ്. ഇതിന്റെ ഓണ്‍ റോഡ് വില 65000 രൂപയോളമാണ്. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കിഴിച്ചുള്ള തുകയാണിത്.

ഹീറോ ഇലക്ട്രിക് ഫോട്ടോണ്‍

ഹീറോയുടെ ഫ്‌ളാഷിനെ അപേക്ഷിച്ച് കൂടിയ കപ്പാസിറ്റിയുള്ള മോഡലാണ് ഫോട്ടോണ്‍. ഇതിലും ലിഥിയം അയണ്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 1500 വാട്ട് പവറാണ് ഇതിന്റെ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന് 40-45 കിലോമീറ്റര്‍ വരെ വേഗത ലഭിക്കും. ഇക്കണോമി, പവര്‍ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളുണ്ട് ഇതിന്. ഫുള്‍ ചാര്‍ജിംഗില്‍ 85 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിക്കുന്ന വാഹനമാണിത്. സബ്‌സിഡി കിഴിച്ചുള്ള ഓണ്‍റോഡ് തുക ഒരു ലക്ഷം രൂപയോളമാണ്.

ഒക്കിനാവ പ്രൈസ്

രാജസ്ഥാനില്‍ നിന്നുള്ള ഒക്കിനാവ കമ്പനി കേരളത്തില്‍ ഡീലര്‍ഷിപ്പ് തുടങ്ങിയിട്ട് കുറച്ചുനാളുകളേ ആയിട്ടുള്ളു. ഇതിനകം ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ആവേശകരമാണെന്ന് ഒക്കിനാവയുടെ ഡീലറായ റാപ്പിഡ് മോട്ടോഴ്‌സിന്റെ മാനേജര്‍ സുരേഷ് പറയുന്നു. ഒക്കിനാവയുടെ മോഡലുകളില്‍ ഏറ്റവും ഡിമാന്റ് പ്രൈസ് എന്ന മോഡലിനാണ്. ഫുള്‍ ചാര്‍ജിംഗില്‍ 170-200 കിലോമീറ്റര്‍ വരെ മൈലേജ് ഇവര്‍ അവകാശപ്പെടുന്നു. ഫുള്‍ ചാര്‍ജിംഗിന് വേണ്ടി വരുന്നത് രണ്ട് യൂണിറ്റ് വൈദ്യുതിയാണ്. ശേഷി കൂടിയ ലെഡ് ആസിഡ് ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. 75 കിലോമീറ്റര്‍ വരെ സ്പീഡ് ലഭിക്കും. ഓണ്‍റോഡ് വില 88,000 രൂപ.

റൊമൈ ഈഗിള്‍ 60 വാട്ട്

റൊമൈ ബ്രാന്‍ഡിലുള്ള വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോഡലുകളാണ് റൊമൈ ഈഗിള്‍ 60 വാട്ടും റൊമൈ ഫാല്‍ക്കണും. ലെഡ് ആസിഡ് ബാറ്ററിയാണ് ഇവയില്‍ ഉപയോഗിക്കുന്നത്. 60 വാട്ട് ശേഷിയുള്ള ഇതില്‍ 12 വാട്ടിന്റെ അഞ്ച് ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഓപ്ഷണലായി ലിഥിയം അയണ്‍ ബാറ്ററിയും ഘടിപ്പിക്കാനാകുമെന്ന് റൊമൈയുടെ ഡീലറായ ടാസ ട്രേഡിംഗിന്റെ പ്രൊപ്രൈറ്റര്‍ ഷാന്‍ ജേക്കബ് പറയുന്നു. കൂടിയ വേഗത 35 കിലോമീറ്ററാണ്. ഈഗിളിന്റെ ഓണ്‍റോഡ് വില 56,000 രൂപ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com