ഇന്ത്യയില്‍ കൂടുതലായി വിറ്റഴിക്കപ്പെട്ട ഇരുചക്ര വാഹനങ്ങള്‍ ഏതൊക്കെ, അറിയാം

കോവിഡ് പ്രതിസന്ധി കാരണം ഇരുചക്ര വാഹന വിപണി ഉയര്‍ച്ചയും താഴ്ചയും നേരിട്ട സാമ്പത്തിക വര്‍ഷമായിരുന്നു 2020-21. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏതാനും മാസങ്ങളില്‍ വില്‍പ്പന പാടെ ഇടിഞ്ഞപ്പോള്‍ വര്‍ഷാവസാനം മുന്നേറ്റം നടത്താന്‍ ഇരുചക്ര വാഹന വിപണിക്ക് സാധിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഇരുചക്ര വാഹന വിപണിക്ക് നേട്ടം കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലും ജനപ്രിയ മോഡലുകള്‍ക്ക് ആവശ്യക്കാരേറെയായിരുന്നു. അത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട അഞ്ച് ഇരുചക്ര വാഹനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ബജാജ് പള്‍സര്‍
ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട 'സ്‌പോര്‍ട്‌സ് ബൈക്ക്' ബ്രാന്‍ഡായ ബജാജ് പള്‍സര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്രവാഹന വില്‍പ്പനയില്‍ അഞ്ചാം സ്ഥാനത്താണ്. പള്‍സര്‍ കുടുംബത്തിലെ വിവിധ മോഡലുകള്‍ ഉള്‍പ്പെടെ 9,45,978 യൂണിറ്റുകളാണ് ഇക്കാലയളവില്‍ വിറ്റുപോയത്. അടുത്തിടെ എന്‍എസ് 125 എന്ന പേരില്‍ പുതിയ മോഡല്‍ കൂടി പുനെ ആസ്ഥാനമായുള്ള കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ഹോണ്ട ഷൈന്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 125 സിസിയുള്ള ബൈക്കാണ് ഹോണ്ട ഷൈന്‍. കൃത്യമായി പറഞ്ഞാല്‍, ഈ മോട്ടോര്‍സൈക്കിളിന്റെ 9,88,201 യൂണിറ്റുകളാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റുപോയത്. 125 സിസി ബൈക്ക് വിഭാഗത്തില്‍ ഷൈന്‍ വളരെക്കാലമായി ഒന്നാം സ്ഥാനത്തുണ്ട്. ഹീറോ ഹീറോ ഗ്ലാമറാണ് പ്രധാന എതിരാളി.
ഹീറോ എച്ച്എഫ് ഡീലക്‌സ്
ഏതാനും മാസങ്ങളായി സ്‌പ്ലെന്‍ഡറിന് ശേഷം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളാണ് ഹീറോ എച്ച്എഫ് ഡീലക്‌സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 1,661,272 യൂണിറ്റുകളാണ് ഈ വിഭാഗത്തില്‍നിന്ന് വിറ്റഴിഞ്ഞത്. വില്‍പ്പന സംഖ്യ ഉയര്‍ന്നതാണെങ്കിലും 2019-20 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 19 ശതമാനം ഇടിവാണ് വില്‍പ്പനയിലുണ്ടായത്. 20,50,974 യൂണിറ്റുകളാണ് അക്കാലയളവിലെ വില്‍പ്പന.
ഹോണ്ട ആക്ടീവ
ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ഹോണ്ടയുടെ ആക്ടീവ വിഭാഗത്തില്‍നിന്ന് 19,39,640 യൂണിറ്റുകളാണ് 2021 സാമ്പത്തിക വര്‍ഷം വിറ്റുപോയത്. ആക്ടീവ 6 ജി, ആക്ടീവ 125 എന്നിവയാണ് പ്രധാന മോഡലുകള്‍. 2019-20 സാമ്പത്തിക വര്‍ഷത്തേക്കാള്‍ വില്‍പ്പന 25 ശതമാനം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നുവെങ്കിലും ആക്ടീവ എതിരാളികളില്ലാതെ മുന്നേറുകയാണ്.
ഹീറോ സ്‌പ്ലെന്‍ഡര്‍
വില്‍പ്പന നമ്പറുകളുടെ കാര്യത്തില്‍ ഇരുചക്ര വാഹനങ്ങളുടെ രാജാവായി ഹീറോ സ്‌പ്ലെന്‍ഡര്‍ തന്നെയാണ് മുന്നേറുന്നത്. 97 സിസി ബൈക്കായ സ്‌പ്ലെന്‍ഡര്‍ 24,60,248 യൂണിറ്റുകള്‍ വിറ്റഴിച്ചാണ് 2021 സാമ്പത്തിക വര്‍ഷത്തെ സെയില്‍സ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയത്. സ്‌പ്ലെന്‍ഡര്‍ പ്ലസ്, സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110 എന്നിവയാണ് ഇവയുടെ മോഡലുകള്‍.


Related Articles
Next Story
Videos
Share it